കൊച്ചി: തനിക്ക് നൂറു കോടിയുടെ സാമ്പത്തിക ശേഷിയേ ഉള്ളൂവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കിറ്റക്‌സ് എംഡി സാജു ജേക്കബ്. തന്റെ കാഷ് ബാലൻസിനെ കുറിച്ച് ഇവർക്ക് എന്തെറിയാമെന്നാണ് സാബുവിന്റെ ചോദ്യം. ഞാൻ വലിയ കുറ്റവാളിയെന്ന തരത്തിൽ ചർച്ചകളെത്തി. അപ്പോൾ ഞാൻ അങ്ങു പോകാമെന്ന് വിചാരിച്ചു. ഇപ്പോൾ കക്കാത്തിയ പാർക്കിനേയും കുറ്റം പറയുന്നു. തന്നെ കളിയാക്കുന്നവർ ഇപ്പോൾ ഇതരസംസ്ഥാനത്തേയും കളിയാക്കുന്നു. അവരെ എങ്കിലും അങ്ങ് വെറുതെ വിടൂ-ഇതാണ് സാബുവിന് പറയാനുള്ളത്. 

തെലങ്കാനയിലെ കക്കാത്തിയ ടെക്സ്റ്റൈൽ പാർക്കിൽ ആദ്യഘട്ടമായി 1,000 കോടി രൂപയുടെ നിക്ഷേപത്തിന് തെലങ്കാന സർക്കാരുമായി ധാരണയിലെത്തിയ കിറ്റെക്സ് ഗ്രൂപ്പ്, 30 ദിവസത്തിനുള്ളിൽ ധാരണാ പത്രം ഒപ്പിടും. ആറു മാസം കൊണ്ട് ഉൽപാദനം തുടങ്ങാനാണ് പദ്ധതി. അതിമനോഹരമായ സ്ഥലമാണ് കക്കാത്തിയയിലേതെന്നും ഇതെല്ലാം കണ്ടു പഠിക്കേണ്ടതാണെന്നും സാബു ജേക്കബ് പറയുന്നു. ഈ പദ്ധതികളുടെ പശ്ചാത്തലത്തിൽ കിറ്റക്‌സിന്റെ ഓഹരിയിലെ വില കുതിച്ചുയരുകയാണ്.

എനിക്ക് ഒരു കമ്പനിയല്ല. ഒൻപത് കമ്പനിയാണുള്ളത്. അങ്ങനെ ഉള്ള എന്റെ ക്യാഷ് ബാലൻസ് ഇവർ എങ്ങനെ ഒരു ലിസ്റ്റഡ് കമ്പനിയെ വച്ചു അളക്കും. പുറത്തു വരുന്നത് ലിസ്റ്റഡ് കമ്പനിയുടെ പഴയ കണക്കുകളാണ്. ഞാൻ നേരിട്ട് നടത്തുന്ന ഒൻപത് കമ്പനികൾ വേറെയുണ്ട്. എന്റെ സഹോദരന് ഏഴ് കമ്പനികൾ ഉണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ എന്തെല്ലാമുണ്ടെന്ന് പുറത്തുള്ളവർക്ക് എങ്ങനെ അറിയാം. എന്റെ വരുമാനവും കണക്കുകളും എങ്ങനെ പുറത്തുള്ളവർക്ക് മനസ്സിലാകും. എന്റെ ഒരു കമ്പനിയാണ് ലിസ്റ്റഡ് ആയിട്ടുള്ളത്. എന്തിനാണ് ഇവർ ഇങ്ങനെ കൺസേർൺഡ് ആകുന്നത്-സാബു ജേക്കബ് പറയുന്നത്

തനിക്ക് ബാങ്കിൽ നൂറ് കോടിയേ ഉള്ളൂവെങ്കിൽ അപ്പാരൽ പാർക്കിലെ താൽപ്പര്യ പത്രം എങ്ങനെ കേരളം വാങ്ങി വച്ചു. തെലുങ്കാന പോലൊരു സ്ഥലത്ത് പോയി ആയിരം കോടി മുതൽ മുടക്കുമെന്ന് വെറുതെ പറഞ്ഞു വരാൻ കഴിയില്ല. ഈ ആറ്റിറ്റിയൂഡിന്റെ പേരിലാണ് കേരളം വിടേണ്ടി വരുന്നത്. ഇനിയും സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. രണ്ടു മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ചർച്ചകൾക്ക് പോകും. അവിടേയും മുതൽ മടുക്കിന് ശ്രമിക്കും. രാഷ്ട്രീയ കാലാവസ്ഥ പോലും പഠിക്കാൻ ശ്രമിക്കും. അവിടേയും കിറ്റക്‌സ് മുതൽ മുടക്കും-സാബു ജേക്കബ് പറയുന്നു.

തെലങ്കാനയിലെ കക്കാത്തിയ ടെക്സ്റ്റൈൽ പാർക്കിൽ ആദ്യഘട്ടമായി 1,000 കോടി രൂപയുടെ നിക്ഷേപത്തിന് തെലങ്കാന സർക്കാരുമായി ധാരണയിലെത്തിയ കിറ്റെക്സ് ഗ്രൂപ്പ്, കൂടുതൽ പദ്ധതികൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച തുടരും. 4,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് തെലങ്കാനയിൽ കിറ്റക്‌സ് ആദ്യഘട്ടത്തിൽ കൊണ്ടു വരുന്നത്. കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടി രൂപയുടെ അപ്പാരൽ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ തെലങ്കാനയിൽ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകളും നടക്കുകയാണ്.

അതിനിടെ കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. അത് കോൺഗ്രസിന്റെ തലയിൽ ആരും കെട്ടിവയ്ക്കണ്ട. സർക്കാർ തീരുമാനിച്ചാൽ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്നം മാത്രമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിറ്റക്സ് കമ്പനി മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താനും കമ്പനി മാറ്റി സ്ഥാപിക്കുമെന്ന നിലപാടിലും കോൺഗ്രസിന് യാതൊരു പങ്കുമില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമ്പനി തമിഴ്‌നാട്ടിലേക്ക് പറിച്ചു നടും എന്ന് കമ്പനിയുടമകൾ പറഞ്ഞപ്പോൾ മന്ത്രിയായിരുന്ന കെ ബാബുവിനെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ചുമതലപ്പെടുത്തി. അദ്ദേഹം നിരവധി പ്രാവശ്യം ഇരുകൂട്ടരുമായും സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. അത്തരം ഒരു സമീപനം ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കോൺഗ്രസ്സ് എംഎൽഎമാർ പരാതി നൽകിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതിൽ മലിനീകരണനിയന്ത്രണ ബോർഡ് പരിശോധന നടത്തിയതായി അറിവില്ല. കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണ്. എറണാകുളം ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനാണ് കമ്പനി മാനേജ്മെന്റ് ശ്രമിച്ചത്. ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കിൽ എൽഡിഎഫ് എറണാകുളത്ത് നാണം കെട്ടുപോയേനെ എന്ന സിപിഎം ജില്ലാ കമ്മറ്റിയുടെ വിശകലനം ഇത് ശരിവയ്ക്കുന്നു. എങ്കിലും കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോൺഗ്രസ് നിലപാട്-സതീശൻ വിശദീകരിച്ചു.