- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
3500 കോടിയുടെ പ്രൊജക്ടുമായി കേരളം വിട്ട് തെലുങ്കാനയിലേക്കെന്ന് വാർത്ത; പിന്നാലെ കിറ്റക്സ് ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം! കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയിൽ ഉണ്ടായത് 15 രൂപയുടെ വർദ്ധന; കേരളത്തോട് ഗുഡ്ബൈ പറയുമ്പോൾ ഓഹരിമൂല്യം കൂടുന്ന 'അത്ഭുത ഇഫക്ടിൽ' അന്തംവിട്ട് നിരീക്ഷകർ!
കൊച്ചി: ആഗോള തലത്തിൽ അറിയപ്പെടുന്ന ബ്രാൻഡാണ് കിറ്റെക്സ് എന്നത്. കേരളത്തിൽ നിന്നും വളർന്നു പന്തലിച്ച വ്യവസായ ഭീമൻ. കൊച്ചിയിലാണ് ഫാക്ടറികൾ എങ്കിലും ഇപ്പോൾ വിപുലീകരണത്തിന്റെ ഭാഗമായി തെലുങ്കാനയിലും ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കിറ്റക്സ്. കേരള സർക്കാറുമായി ഉടക്കിയ ശേഷമാണ് ഇവിടുത്തെ പ്രൊജക്ട് തെലുങ്കാനയിലേക്ക് പറിച്ചു നടാൻ സാബു ജേക്കബ് തീരുമാനിച്ചിരിക്കുന്നത്. ഈ സംഭവം കേരളത്തിൽ ഒരു വിവാദമായി നിലനിൽക്കുകയും ചെയ്യുന്നു.
ഇതിനിടെ ഓഹരി വിപണിയിലും ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായി. കേരളം വിട്ടുപോകുന്നെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയിൽ 15 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരിവിലയിലെ കുതിച്ചുചാട്ടം. കഴിഞ്ഞ ഒരു മാസം കിറ്റക്സിന്റെ ഓഹരിവില കൂടിയത് 6 രൂപ മാത്രമാണ്. എന്നാൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൂടിയത് 15 രൂപ.
കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലാണിപ്പോഴുള്ളത്. കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവർ ഹൈദരാബാദിലെത്തിയത്. നിക്ഷേപം നടത്താൻ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിമാനത്താവളത്തിൽ സാബു ജേക്കബിനെയും സംഘത്തെയും തെലങ്കാന വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചർച്ച പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനത്തേക്ക് കിറ്റക്സ് പറിച്ചു നടുന്നു എന്ന വാർത്തകൾ വന്നതാണ് ഇപ്പോൾ ഓഹരി വിപണിയിലെ കുതിച്ചു ചാട്ടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കേരളത്തിന്റെ സാഹചര്യത്തിൽ ഇത് വലിയ തിരിച്ചടിയാണ് താനും. കേരളം വിടുന്ന വ്യവസായ സ്ഥാപനത്തിന്റെ ഓഹരി മൂല്യം ഉയരുന്ന അത്ഭുത എഫക്ട് എന്താണെന്നാണ് വിപണി നിരീക്ഷിക്കുന്നവർ ഉന്നയിക്കുന്ന ചോദ്യം. അതേസമയം കേരളത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് സാബു കേരളത്തിൽ നിന്നും തെലുങ്കാനയിലേക്ക് പറന്നത്. താൻ സ്വയം കേരളത്തിൽ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നും കിറ്റക്സ് എം.ഡി പറഞ്ഞു.
'നമ്മൾ ഇന്നും 50 വർഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാൻ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാൻ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാർ, പുതിയ സംരംഭകർ അവരെ രക്ഷിക്കാൻ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാൽ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ'-സാബു ജേക്കബ് പറഞ്ഞു
53 വർഷമായിട്ട് കേരളത്തിൽ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കിൽ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്താണെന്ന്. ഇന്ന് കേരളത്തിൽ നിന്ന് 53 ലക്ഷം ആളുകളാണ് തൊഴിൽ തേടി പുറം രാജ്യങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്.
ഇത്തരത്തിൽ മുന്നോട്ട് പോയാൽ ഒരു 25 വർഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികൾ പോലും ഈ കേരളത്തിൽ ഉണ്ടാകില്ല. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴിൽ തേടി പോയിരിക്കുന്നത്. എന്നാൽ 2020 കാലഘട്ടത്തിൽ ഒട്ടനധി തമിഴന്മാർ കേരളത്തിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ജോലിക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മലയാളികൾ ഇതരസംസ്ഥാനങ്ങളിൽ പോയി ജോലിചെയ്ത് ജീവിക്കേണ്ട സാഹചര്യമാണ്.
ഇത് എന്റെ മാത്രം പ്രശ്നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്നമാണ് സ്ത്രീകളുടെ പ്രശ്നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്നമാണ്. സർക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കിൽ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്. എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവർ സ്വീകരിക്കും. ഈ നാട്ടിൽ ഞാൻ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല- സാബു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ