- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അക്രമ സംഭവത്തിന് പിന്നിൽ നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രം; പൊലീസ് പിടിച്ചുകൊണ്ടു പോയത് 155 പേരെ';എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്; കേസ് പ്രത്യേക സംഘം അന്വേഷിക്കും
കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകർത്ത കേസ് അന്വേഷിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു. പെരുമ്പാവൂർ എ.എസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ 19 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുളത്. രണ്ട് ഇൻസ്പെക്ടമാരും ഏഴ് സബ് ഇൻസ്പെക്ടർമാരും ടീമിലുണ്ട്.
സംഭവസ്ഥലം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് 156 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവർ ചെയ്ത കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു.
500 പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്ക് പറ്റിയ ഉദ്യോഗസ്ഥരെ ഡി.ഐ.ജി, എസ്പി എന്നിവർ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് പിക്കറ്റിങ് തുടരും. സുരക്ഷ ഉറപ്പാക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി.
അതേ സമയംജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് കമ്പനി എംഡി സാബു ജേക്കബ് വ്യക്തമാക്കി. നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രമാണ് കുറ്റക്കാർ. എന്നാൽ 155 പേരെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സാബു ജേക്കബ് പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രമാണ് അക്രമസംഭവത്തിന് പിന്നിൽ. എന്നാൽ 155 പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പൊലീസ് വാഹനം തീവെച്ചു നശിപ്പിച്ചയാളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി പൊലീസിനെ ഏൽപിച്ചത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും' വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ച ആളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി ഏൽപ്പിച്ചതെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും.
കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കമ്പനി തൊഴിലാളികൾക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളും വാർത്താക്കുറിപ്പിൽ പറയുന്നു. തിങ്കളാഴ്ച സംഭവത്തെ കുറിച്ചുള്ള വിശദീകരണം കമ്പനി നൽകുമെന്നാണ് വിവരം.
രാത്രി 9 മണിയോടെ കരോൾ ഗാനമാലപിച്ച് ക്യാമ്പിൽ ബഹളമുണ്ടാക്കിയപ്പോൾ മറ്റ് ജീവനക്കാരൻ അതിനെ ചോദ്യം ചെയ്തു. ഇത് അവർ തമ്മിൽ തർക്കത്തിന് ഇടയാക്കി ഇത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും സൂപ്പർവൈസർമാരെയും കരോൾ സംഘം അക്രമിച്ചു. അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ അവർക്ക് നേരെയും ഈ സംഘം തിരിയുകയായിരുന്നു. ലഹരി വസ്തുക്കൾ അക്രമി സംഘം ഉപയോഗിച്ചതായാണ് സംശയം. സംഭവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.
നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി ഒരു തരത്തിലും സംരക്ഷിക്കുകയില്ല. ചെറിയ കുറ്റത്യമാണെങ്കിലും പൊലീസിനെ അറിയിച്ച് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതാണ് കിറ്റെക്സ് പാലിച്ചു വരുന്ന രീതി. കമ്പനിയിൽ ജോലിക്കെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫീക്കറ്റ് നിർബന്ധമാണ്. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലും ഇവരുടെ വിവരങ്ങൾ കമ്പനി നൽകാറുണ്ട്. അതിഥി തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ ഒരു തൊഴിൽ ദാതാവ് ചെയ്യേണ്ട എല്ലാ എല്ലാ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാറുണ്ട്.
കിറ്റെക്സിൽ എന്നല്ല കേരളത്തിൽ ഒരിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. അതിനനുസൃതമായ മാതൃക പരമായ നടപടികളാണ് ഈ സംഭവത്തിൽ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. അന്യ സംസ്ഥാനത്ത് നിന്ന് തൊഴിലെടുക്കാനായി ലക്ഷകണക്കിന് തൊഴിലാളികൾ കേരളത്തിൽ എത്തുന്നുണ്ട്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം അടക്കം പരിശോധിക്കുന്നതിൽ പരിമിതികൾ ഉണ്ട്, എന്നാൽ കുറച്ച് പേർ ചെയ്ത തെറ്റിന്റെ പേരിൽ ഇതരസംസ്ഥാനത്ത് നിന്ന് വരുന്ന എല്ലാവരെയും സംശയത്തിന്റെ കണ്ണ് കൊണ്ട് കാണുന്നതും ശരിയല്ല.
ലക്ഷകണക്കിന് മലയാളികൾ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലുണ്ട്. ഈ സംഭവത്തോടെ അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി എത്തിക്കുന്ന സംഘത്തെയാണ് നാം തിരിച്ചറിയേണ്ടത്.അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തെ രാഷ്ട്രീയ സങ്കുചിത താല്പര്യത്തോടെ ഉപയോഗിക്കുന്നവർ കഴിഞ്ഞ ആറു മാസമായി കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്.
കുന്നത്തുനാട് എം എൽ എ അടക്കം കിറ്റെക്സിനോടുള്ള വിരോധം വെച്ച് പ്രകോപനപരമായി സംസാരിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്നത് ഒരു തരത്തിലു സംസ്ഥാനത്തിന് ഗുണകരമല്ല. അത് കേരളത്തിന്റെ സാഹചര്യത്തിൽ സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കാനെ ഇടയാക്കും.ജീവനക്കാരുടെ അച്ചടക്കത്തിലും നിയമ ലംഘനത്തിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച നടത്താൻ കിറ്റെക്സ് ശ്രമിച്ചിട്ടില്ല. അത് തുടർന്നും തുടരുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.
തീർത്തും അപ്രതീക്ഷിതമായും യാദൃശ്ചികമായുമാണ് ഇന്നലെ രാത്രിയിലെ സംഘർഷമുണ്ടായതെന്നും ഒരു കൂട്ടം തൊഴിലാളികൾ ലഹരിമരുന്ന് ഉപയോഗിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമായിരുന്നു ഈ വിഷയത്തിലെ സാബു ജേക്കബിന്റെ ആദ്യ പ്രതികരണം.
കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഘർഷമെന്നും എന്നാൽ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി കമ്പനി അടച്ചു പൂട്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നീക്കമെന്നും സാബു ആരോപിച്ചിരുന്നു. എറണാകുളം കിഴക്കമ്പലത്ത് തർക്കം തീർക്കാനെത്തിയ പൊലീസിനെ ഇന്നലെ രാത്രിയാണ് കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ വളഞ്ഞിട്ടാക്രമിച്ചത്.
ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാനതൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പിന്നാലെ തൊഴിലാളികൾ പൊലീസുകാരേയും പൊലീസ് വാഹനങ്ങളും ആക്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് സംഘർഷമുണ്ടായത്. കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലായിരുന്നു സംഭവം. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.
പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ടു. പൊലീസുകാർക്ക് ക്രൂരമായ മർദനമേറ്റു. തൊഴിലാളികൾ പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അഗ്നിക്കിരയാക്കിയത്. പൊലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു. കുന്നത്തുനാട് സിഐ, എഎസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
മറുനാടന് മലയാളി ബ്യൂറോ