കിഴക്കമ്പലം: കിറ്റക്‌സ് എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ പിന്തുണയുള്ള സാംസ്‌കാരിക സംഘടന ഒരു പഞ്ചായത്തിന്റെ ഭരണം പിടിക്കുമോ? വ്യവസായരംഗത്ത് അറിയപ്പെടുന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ മേധാവികളായ സാബും എം. ജേക്കബും ബോബി എം.ജേക്കബുമാണ് 2013ൽ ട്വന്റി20 കിഴക്കമ്പലം' എന്ന സാംസ്‌കാരിക സംഘടന രൂപീകരിച്ചത്. 18 കുടിവെള്ള പദ്ധതി, 450 വീടുകളുടെ നിർമ്മാണം എന്നിവ തുടങ്ങുകയും ചെയ്തു. ഇത് ജനപ്രിയമായി. ഈ ആത്മവിശ്വാസത്തിൽ ശക്തമായ ബഹുജനപിന്തുണയുമായി മുഴുവൻ വാർഡുകളിലും ഇരു മുന്നണികൾക്കും ഭീഷണി ഉയർത്തിയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ട്വന്റി ട്വന്റി എന്ന സംഘടന പോരാട്ടത്തിനിറങ്ങിയത്. ഇതോടെ മുന്നണികൾ അങ്കലാപ്പിലുമായി.

പഞ്ചായത്തിലെ 19 വാർഡുകളിലും ബ്‌ളോക്ക് പഞ്ചായത്തിന്റെ മൂന്നു ഡിവിഷനുകൾ, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നിവിടങ്ങളിലും ട്വന്റി20 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. മാറി മാറി ഭരണത്തിലേറുന്ന ഇടതു വലതു മുന്നണികളെ വെല്ലുവിളിച്ച് ത്രികോണ മത്സരം കിഴക്കമ്പലത്ത് രൂപപ്പെട്ടുകഴിഞ്ഞു. കോർപ്പറേറ്റ് സ്ഥാപനം പിന്തുണ നൽകുന്ന സംഘടന ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഇരു മുന്നണികളിലും മുമ്പ് പഞ്ചായത്ത് അംഗങ്ങളായിരുന്നവർ ഇക്കുറി ട്വന്റി 20 യുടെ ബാനറിൽ മത്സരിക്കുന്നുണ്ട്. സിറ്റിങ് അംഗങ്ങളും അവരിലുണ്ട്. ഇതോടെ മുന്നണികളിലെ പ്രതിസന്ധി കൂടി. ഈ പരീക്ഷണം വിജയിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അടുത്ത തവണ മുതൽ പ്രാദേശിക കൂട്ടായ്മകൾ സജീവമാകും.

2020 ൽ പഞ്ചായത്തിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യതോടെയാണ് ട്വന്റി20 കൂട്ടായ്മ തുടങ്ങിയത്. 14,000 മുട്ടകോഴികൾ, 2800 താറാവുകൾ, 950 മലബാറി ആടുകൾ, 1100 ഏക്കർ തരിശുഭൂമിയിൽ കൃഷി, 450 ഏക്കറിൽ നെൽകൃഷി, 14,000 ജാതി തൈ, 10,000 തെങ്ങ്, ഏഴു ലക്ഷം പച്ചക്കറിതൈ എന്നിവ സൗജന്യമായി വിതരണം ചെയ്തു. വിലക്കയറ്റം തടയാൻ പകുതി വിലയ്ക്ക് പച്ചക്കറിയും പലചരക്ക് വിതരണവും നടത്തിക്കഴിഞ്ഞു. ഇതെല്ലാം ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇതെല്ലാം വോട്ടായി മാറുമെന്നാണ് സൂചന

എന്നാൽ കമ്പനിയുടെ വളർച്ചയിൽ ഉണ്ടാകുന്ന മാലിന്യത്തെ മറയാക്കുന്നതിന് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു നടത്തുന്ന നാടകങ്ങളാണിവയെന്നും കിഴക്കമ്പലം നിവാസികൾ ഇത് തിരിച്ചറിയുമെന്നും പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫ് നിലനിർത്തുമെന്നും കിഴക്കമ്പലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഏലിയാസ് കാരിപ്ര പറയുന്നു. യു.ഡി.എഫിന്റെ ഭരണത്തകർച്ചയും ജനങ്ങളുടെ കഷ്ടപ്പാടുകളും മുതലെടുത്ത് അരാഷ്ട്രീയ വാദം വളർത്തി ജനങ്ങളെ അടിമകളാക്കുന്ന സംഘടനയോട് തങ്ങൾക്കും പാർട്ടിക്കും താല്പര്യമില്ലെന്ന് സിപിഐ(എം). ലോക്കൽ സെക്രട്ടറി പി.പി. ബേബി പറഞ്ഞു.