- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റക്സിലെ ആക്രമത്തിൽ 'രാഷ്ട്രീയം' സംശയിച്ച് മാനേജ്മെന്റ്; 40ൽ താഴെ തൊഴിലാളികൾ ചെയ്ത കുറ്റത്തിന് പിടിച്ചു കൊണ്ടു പോയത് 155 പേരെ; പൊലീസ് നടപടികളിൽ കിറ്റക്സ് മാനേജ്മെന്റിന് സംശയം; അന്വേഷണം സാബു ജേക്കബിലേക്കും നീളണമെന്ന് ആഗ്രഹിച്ച് രാഷ്ട്രീയ നേതൃത്വവും; വീണ്ടും കിഴക്കമ്പലം മോഡൽ ചർച്ച
കൊച്ചി: കിറ്റക്സിലെ അതിഥി തൊഴിലാളികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ്. അക്രമത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്‌പി കെ. കാർത്തിക് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലള്ളത്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരമാവധി പ്രതികളെ അറസ്റ്റു ചെയ്യാനാണ് തീരുമാനം. ഗൂഢാലോചനയിലേക്കും അന്വേഷണം നീളും.
സംഭവത്തിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഐ ഉൾപ്പടെയുള്ളവരെ ആക്രമിച്ചതിന് വധശ്രമ കേസും പൊതുമുതൽ നശിപ്പിക്കൽ കേസുമാണ് എടുത്തിരിക്കുന്നത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പൊലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പൊലീസ് ജീപ്പുകൾ കത്തിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കിഴക്കമ്പലം സംഭവത്തിൽ വിശദീകരണവുമായി കിറ്റക്സ് കമ്പനി എം.ഡി. സാബു ജേക്കബ് രംഗത്തു വന്നിരുന്നു. നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രമാണ് കുറ്റക്കാർ. എന്നാൽ 155 പേരെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സാബു ജേക്കബ് പറഞ്ഞു. 'നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രമാണ് അക്രമസംഭവത്തിന് പിന്നിൽ. എന്നാൽ 155 പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പൊലീസ് വാഹനം തീവെച്ചു നശിപ്പിച്ചയാളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി പൊലീസിനെ ഏൽപിച്ചത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും' വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കമ്പനിതൊഴിലാളികൾക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. തിങ്കളാഴ്ച സംഭവത്തെ കുറിച്ചുള്ള വിശദീകരണം നൽകുമെന്നാണ് വിവരം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് സംഘർഷമുണ്ടായത്. കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലായിരുന്നു സംഭവം. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.
കിറ്റക്‌സ് മാനേജ്‌മെന്റിനും സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്നുണ്ട്. അതിനിടെ ഈ സംഭവം കിറ്റക്‌സിന്റെ പ്രവർത്തനത്തെ ബാധിക്കുമോ എന്നതും നിർണ്ണായകമാണ്. തൃക്കാക്കര മണ്ഡലത്തിൽ പിടി തോമസിന്റെ മരണത്തോടെ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കിറ്റക്‌സിനെതിരായ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയും ചർച്ചകളിൽ നിറയുന്നു.
വലിയ തോതിലായിരുന്നു കിറ്റക്‌സിലെ അക്രമം. പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ടു. പൊലീസുകാർക്ക് ക്രൂരമായ മർദനമേറ്റു. തൊഴിലാളികൾ പൊലീസ് ജീപ്പ് അഗ്‌നിക്കിരയാക്കുകയും ചെയ്തു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അഗ്‌നിക്കിരയാക്കിയത്. പൊലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു. കുന്നത്തുനാട് സിഐ, എഎസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റു.
മറുനാടന് മലയാളി ബ്യൂറോ