കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചത് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട 150ലേറെ പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തു. അക്രമത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും. പെരുമ്പാവൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറ്റവാളികൾക്കായി തിരച്ചിൽ തുടങ്ങി.

ശനിയാഴ്ച രാത്രിയാണ് അതിഥി തൊഴിലാളികളുടെ ആക്രമണത്തിൽ സിഐ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റത്. കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിനു നേരേയും ആക്രമണം ഉണ്ടായി. ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും മൂന്നു പൊലീസ് ജീപ്പുകൾ തല്ലിത്തകർക്കുകയും ചെയ്തു.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ആലുവ റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു. രാത്രിയിൽ ക്യാമ്പിൽ ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ തൊഴിലാളികൾ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് തമ്മിൽത്തല്ലുകയും തുടർന്ന് ഇവർ റോഡിലേയ്ക്കിറങ്ങുകയുമായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം ആദ്യം സ്ഥലത്തെത്തിയ കുന്നത്തുനാട് സ്റ്റേനിലെ സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് തൊഴിലാളികളിൽ നിന്നും ക്രൂരമർദ്ദനമാണ് നേരിടേണ്ടിവന്നത്. സി ഐയ്ക്ക് തലയിൽ മുറിവും കൈവിരലിന് ഒടിവും ദേഹത്താകെ ചതവുമുണ്ടെന്നും കൂടെയുണ്ടായിരുന്ന എ എസ് ഐ യുടെ കൈയ്ക്ക് ഒടിവുണ്ടായിട്ടുണ്ടെന്നും ബലപ്രയോഗത്തിൽ പൊലീസുകാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ടെന്നും എസ് പി പറഞ്ഞു.

ആക്രണത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും എസ് പി അറിയിച്ചു.

നടന്നത് സംഘടിത ആക്രമണമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 'ഞങ്ങളാണ് പൊലീസുകാരെ രക്ഷപ്പെടുത്തി പല വഴിയിൽക്കൂടെ ഇവിടെനിന്ന് മാറ്റിക്കൊണ്ടുപോയത്. കല്ലേറ് നടന്നിട്ടുണ്ട്. പൊലീസുകാർ അയൽപക്ക വീടുകളിൽ വന്ന് ഹെൽമറ്റ് വാങ്ങിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.' - നാട്ടുകാർ പറഞ്ഞു.

അതേസമയം കിഴക്കമ്പലത്തെ സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികളെയുംവേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ് പ്രതികരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുതെന്നും, എല്ലാവരും അക്രമികളല്ലെന്നും അദ്ദേഹം പറഞ്ഞു.

അവർ ക്രിമിനലുകൾ അല്ലെന്ന് സാബു ജേക്കബ്

കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. സംഭവത്തിനു ശേഷം പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകഴിഞ്ഞ ഒരാളെ കണ്ടെത്തി പൊലീസിനു കൈമാറിയിട്ടുണ്ട്.

ഇവർക്ക് എല്ലാവർക്കും സംഭവത്തിൽ പങ്കില്ല. പരമാവധി 50 പേരാണ് കുറ്റക്കാർ. ഇവർക്ക് എല്ലാവർക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും തിരിച്ചറിയുക പൊലീസിനു സാധ്യമാകില്ല. അതുകൊണ്ടുതന്നെ സൂപ്പർവൈസർമാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറും.

തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാഗാലാൻഡ്, മണിപ്പുർ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് അക്രമങ്ങൾക്കു പിന്നിൽ. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോൾ മറ്റു തൊഴിലാളികൾ എതിർത്തു. അവർ ഉറങ്ങണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്.

നിയന്ത്രിക്കാൻ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരും സൂപ്പർവൈസർമാരും പറഞ്ഞിട്ടും ഇവർ കേട്ടില്ലെന്നു വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. അക്രമം നടത്തിയവർ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്. ആദ്യം മദ്യമാണെന്നു കരുതിയെങ്കിലും എന്തോ ഡ്രഗ്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം ആളുകൾ സംഘം ചേർന്നതും പൊലീസിനെതിരെ തിരിയുന്നതും.

1,100 പേർ എങ്കിലും താമസിക്കുന്ന ക്യാംപസാണ് അത്. ഇതിൽ മൂന്നു ക്വാർട്ടേഴ്‌സുകളിലെ മുഴുവൻ ഇതര സംസ്ഥാനക്കാരെയും പൊലീസ് പിടികൂടി കൊണ്ടുപോകുകയായിരുന്നു. ഇവരിൽ അധികം പേരും കാരളും ബഹളവുമൊക്കെ വന്നപ്പോൾ പുറത്തിറങ്ങി കാഴ്ചക്കാരായി നിന്നവരാണ്. ഇവർക്ക് എവിടെനിന്നാണു ലഹരി കിട്ടിയത് എന്നാണ് പരിശോധിക്കുന്നത്. പലരും അറിയാതെ കഴിച്ചതാകും എന്നു കരുതുന്നു. നിരപരാധികളും പെട്ടിട്ടുണ്ടാവും.

ഇവർ ക്രിമിനലുകളോ ക്രിമിനൽ സ്വഭാവമുള്ളവരോ അല്ല. ലഹരി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് ഇതുണ്ടായത്. കഴിഞ്ഞ ഒന്നര വർഷമായി ക്വാർട്ടേഴ്‌സിൽനിന്നു പുറത്തു പോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ എങ്ങനെ ലഹരി എത്തി എന്നതു മനസ്സിലാക്കണം. സംഭവത്തിൽ എല്ലാത്തരത്തിലും പൊലീസിനെ സഹായിക്കുന്ന നിലപാടാണ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുക.