- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് തള്ളി വീണ്ടും ട്വന്റി ട്വന്റി; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും കുന്നത്തുനാടും മഴവന്നൂരും വെങ്ങോലയും ഇനി ഭരിക്കും; സാബു ജേക്കബിന്റെ കിറ്റക്സിന്റെ മാതൃക 2020ലും കൈയടി നേടുമ്പോൾ
കൊച്ചി: 'മാവേലി നാടു വാണീടും കാലം... മാനുഷരെല്ലാരുമൊന്നു പോലേ..ആമോദത്തോടെ വസിക്കും കാലം..... ആപത്തങ്ങാർക്കും ഒട്ടില്ല താനും...... കള്ളവുമില്ല ചതിയുമില്ലാ...... എള്ളോളമില്ലാ പൊളി വചനം.... കള്ളപ്പറയും ചെറുനാഴിയും...... കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാ..' ഈ പാട്ടിൽ പറയുന്നപോലെ ഒരു നാട്ടിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? കള്ളവും ചതിയുമില്ലാത്ത നാട്ടിൽ എല്ലാവരും ഒരേ പോലെ സമ്പദ്‌സമൃദ്ധിയിൽ ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. കഥകളിൽ മാത്രം കേട്ടിട്ടുള്ള മാവേലി ഭരിച്ചിരുന്ന നാട് പോലെ ഒരു നാട് ഇന്ന് ഈ കേരളത്തിലുണ്ട്. അതേ.. കള്ളവും ചതിയുമില്ലതെ ജനങ്ങളെല്ലാം സന്തോഷത്തോടെ ജീവിക്കുന്ന ഒരു നാട്, കിഴക്കമ്പലം. എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന ഗ്രാമ പഞ്ചായത്തിലെ ജനങ്ങളാണ് നൂറ്റാണ്ടുകൾക്ക് മുൻപ് കേരളം ഭരിച്ചിരുന്ന എന്ന് വിശ്വസിക്കുന്ന മാവേലിയുടെ കാലഘട്ടത്തിലെപോലെ ജീവിക്കുന്നത്-ഇത് മറുനാടൻ കുറച്ചു കാലം മുമ്പ് ചെയ്ത വാർത്തയിലെ വരികളാണ്. ഇതു ശരിയാണെന്ന് തെളിയിക്കുകയാണ് കിഴക്കമ്പലത്തെ ട്വിന്റി ട്വന്റിയുടെ തേരോട്ടം.
കഴക്കമ്പലത്തിനൊപ്പം ഐക്കരനാട്ടിലേക്കും കുന്നത്തു നാട്ടിലേക്കും മഴവന്നൂരിലേക്കും വെങ്ങോലയിലേക്കും വളരുകയാണ് ട്വന്റി ട്വന്റി. അതായത് അഞ്ച് പഞ്ചായത്തുകളിൽ ഭരണമുള്ള പാർട്ടിയായി ട്വന്റി ട്വന്റി മാറുകയാണ്. എല്ലായിടത്തും തൂത്തുവാരി ഭരണം പിടിക്കുകയാണ് ട്വന്റി ട്വന്റി. കിഴക്കമ്പലത്തെ ഭരണ മികവ് സമീപ സ്ഥലങ്ങളിലേക്കും എത്തുന്നു. എങ്ങും സമ്പദ് സമൃദ്ധി, കൊട്ടാര സദൃശ്യമായ വീടുകൾ, ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ, സ്വയം തൊഴിൽ പദ്ധതികൾ, രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും അങ്ങനെ പോകുന്നു കിഴക്കമ്പലത്തെ ജീവിത സാഹചര്യങ്ങൾ. അന്ന് മാവേലി ഭരിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച് കിഴക്കമ്പലം ഭരിക്കുന്നത് 'ട്വന്റി ട്വന്റി' എന്ന കൂട്ടായ്മയായിരുന്നു. രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ജനങ്ങൾ ഭരണം നടത്തിയ പഞ്ചായത്ത്. പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി ജനവിശ്വാസം നേടി. അങ്ങനെ വീണ്ടും അവർ കിഴക്കമ്പലത്ത് അധികാരത്തിൽ എത്തി. അതും കൂടുതൽ മികവുമായി. എല്ലായിടവും തൂത്തുവാരി. ഇതിനൊപ്പമാണ് നാല് പഞ്ചായത്തുകളിൽ കൂടി ഭരണം കിട്ടുന്നത്.
മുന്നണികൾക്ക് വെല്ലുവിളിയുയർത്തിയാണ് കിഴക്കമ്പലത്തും സമീപ പ്രദേശത്തും ട്വന്റി ട്വന്റി കരുത്തുകാട്ടുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ലോക്കിൽ കിഴക്കമ്പലം, പട്ടിമറ്റം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് കിഴക്കമ്പലം. 19 വാർഡുകളാണ് ഇവിടെ ആകെയുള്ളത്. എല്ലാം അവർക്ക്. കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ്(ടീരശലശേല െമര)േ പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റിട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റിട്വന്റി. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റിട്വന്റി ഉണ്ടാക്കിയത്. അതു സംഭവിച്ചുവെന്ന് ജനം തിരിച്ചറിഞ്ഞു. ഇതാണ് ഇപ്പോഴത്തെ തകർപ്പൻ വിജയത്തിന് കാരണം.
ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ
എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്.
2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്. അത് ഏകദേശം പൂർത്തിയായിരിക്കുകയാണ്. 50 കോടിയോളം രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി സി.എസ്.ആർ ഫണ്ടു വഴി ചെലവഴിച്ചത്.
2015 നവംബർ വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കിഴക്കമ്പലം. കിറ്റെക്‌സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി രൂപീകരിച്ച ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ മാറി മാറി വന്ന രാഷ്ട്രീയ പ്രതിനിധികൾ തങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതല്ലാതെ ആനുകൂല്യങ്ങലോ സഹായങ്ങളോ വേണ്ട രീതിയിൽ എത്തിക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ച് ഈ അസോസിയേഷനുമായി ചേർന്ന് നിന്ന് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിലെ 19 വാർഡുകളിൽ ട്വന്റി ട്വന്റി എന്ന കൂട്ടായ്മയുടെ പേരിൽ സ്ഥാനാർത്ഥികളെ നിർത്തി. രണ്ട് നാർഡുകൾ ഒഴികെ 17 എണ്ണത്തിലും വമ്പൻ വിജയമാണ് നേടിയത്. ഒരുവാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും മറ്റൊന്നിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ഭരണം പിടിച്ച ട്വന്റി ട്വന്റി പഞ്ചായത്തിൽ നടത്തിയത് ഞെട്ടിക്കുന്ന വികസന പ്രവർത്തനങ്ങളായിരുന്നു. പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേക്ക് ശേഷം ട്വന്റി ട്വന്റി, പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കായി 4 തരത്തിലുള്ള 7620 കാർഡുകൾ നൽകി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവർക്ക് 4 തരത്തിലുള്ള കാർഡുകൾ നൽകിയത്. ഇതിനുള്ള അംഗീകാരമാണ് സമീപ സ്ഥലങ്ങളിലെ കൂടിയുള്ള വിജയം
വികസന കാഴ്ചയിലെ അതി വേഗത
പഞ്ചായത്ത് പിടിച്ചെടുത്തതിന് ശേഷം റോഡുകളുടെ വികസനമാണ് ആദ്യം തുടങ്ങിയത്. എല്ലാ റോഡുകളും വീതി കൂട്ടാനുള്ള നടപടി ആരംഭിച്ചു. റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയവർക്ക് പഞ്ചായത്ത് നൽകിയ ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണു തള്ളി പോകും. ഏറ്റെടുത്ത സ്ഥലത്തിന് കൃത്യമായ വില നൽകി. സ്ഥലം ഏറ്റെടുത്തതിന് ശേഷം മതിലും ഗേറ്റും നിർമ്മിച്ച് നൽകിയതും ട്വന്റി ട്വന്റി തന്നെ. മൂന്ന് മീറ്ററും നാലു മീറ്ററുമൊക്കെയായിരുന്ന റോഡുകൾ ഇന്ന് 14 മീറ്ററിലെത്തി നിൽക്കുകയാണ്. ഭാവി വികസനങ്ങൾ കൂടി കണ്ട് ആവിശ്യത്തിന് സ്ഥലം വശങ്ങളിൽ ഒഴിച്ചിട്ടിട്ടുമുണ്ട്.
ഇത്തരത്തിൽ സ്ഥലം ഏറ്റെടുത്ത് ബി.എം.സി നിലവാരത്തിൽ നാഷണൽ ഹൈവേകളെ വെല്ലുന്ന തരത്തിൽ പഞ്ചായത്ത് റോഡുകളെ മാറ്റി എടുത്തു കൊണ്ടിരിക്കുകയാണ്. റോഡിൽ യഥാ സ്ഥലങ്ങലിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. നിർമ്മാണം പൂർത്തിയായ ഗോഡ്‌സ് വില്ല റോഡ് കൂടി ചേരുന്നത് എറണാകുളം മൂന്നാർ പി.ഡബ്‌ള്യു.ഡി റോഡിലാണ്. ഈ റോഡിന്റെ വീതി വെറും നാലുആറു മീറ്ററിനടുത്തേയുള്ളൂ. കൂടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയുമാണ്. ഇതിനും പരിഹാരം കാണാൻ ട്വന്റി ട്വന്റി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. വശങ്ങളിൽ നിന്നും സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കൊണ്ടിരിക്കുകയാണ്.
റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടു നൽകിയ ആയിരത്തി അൻപത് കുടുംബങ്ങൾക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വഴി പൂർണ്ണമായും സൗജന്യമായി നൽകി വരുന്നു. ഒരു നാടിന്റെ വളർച്ച റോഡിന്റെ വികസനമാണ് എന്നതു കൊണ്ട് അനുദിനം ഒരു കൊച്ചു ഗ്രാമം വികസിച്ചു. ഇനി സമീപ പഞ്ചായത്തുകളും ഈ വികസന മുന്നേറ്റത്തിന്റെ ഭാഗം.
കച്ചവടത്തിലെ മനുഷ്യത്വം
പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ഒരു സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 2017 ൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഉദ്ഘാടനം ചെയ്തത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച മാർട്ടിന്റെ ഉപഭോക്താക്കൾ കിഴക്കമ്പലം പഞ്ചായത്ത് നിവാസികളാണ്.
മാർക്കറ്റിൽ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. കോവിഡ് ആയതിനാൽ 80 ശതമാനത്തോളം വിലകുറച്ചിട്ടുണ്ട്. ഓരോ കുടുംബങ്ങൾക്കും പ്രത്യേക കാർഡ് നൽകിയിട്ടുണ്ട്. ഈ കാർഡുമായെത്തുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. മത്സ്യങ്ങൾക്ക് 25 ശതമാനം വിലകുറച്ചാണ് വിൽപ്പന നടത്തുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി ട്വന്റി മാർക്കറ്റിലൂടെ വിൽക്കുകയും അതുവഴി കർഷകർക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു. കർണ്ണാടക, തമിഴ്‌നാട് എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നും മാർക്കറ്റിലേയ്ക്ക് ആവശ്യമായ പച്ചകറികളും മറ്റു അവശ്യസാധങ്ങളും എത്തിക്കും. കർശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളിൽ ഇനിയും വില കുറയും. കിഴക്കമ്പലത്തെ 62,000 വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്.
500 ഓളം വരുന്ന ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസ്സിൽ താഴെയുള്ള 1500 ഓളം കുട്ടികൾക്കും പാൽ, മുട്ട തുടങ്ങിയവ സൗജന്യമായി നൽകുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങൾക്കും ഇവിടെ നിന്നും സൗജന്യമായി സാധനങ്ങൾ നൽകുന്നുണ്ട്. നിത്യോപയോഗ സാധങ്ങളുടെ വിലവർധനവ് ജനങ്ങളുടെ ജീവിതത്തിന് ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് നിലവിൽ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചെലവ് നടത്താൻ സാധിക്കുമെന്നതാണ് ട്വന്റി-20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ പ്രത്യേകത.
ലക്ഷം വീട് കോളനികൾ അത്യാധുനിക വില്ലകളായപ്പോൾ
ട്വന്റി ട്വന്റി അധികാരത്തിലെത്തുമ്പോൾ എന്റെ വീട് എന്ന പദ്ധതി കൊണ്ടു വന്നു. ഇതു വഴി ലക്ഷം വീട് കോളനികൾ ഇല്ലാതാക്കി പകരം വില്ലകൾ പണിതു നൽകാൻ തീരുമാനിച്ചു. പഞ്ചായത്തിലെ എല്ലാ ലക്ഷം വീട് കോളനികളും പാശ്ചാത്യ നിലവാരത്തിലേക്ക് ഉയർത്തി വില്ലകളാക്കി മാറ്റി. 74 വില്ലകളാണ് ലക്ഷം വീട് കോളനിയിൽ താമസിച്ചിരുന്നവർക്ക് പണിതു കൊടുത്തത്. 850 സ്‌ക്വയർഫീറ്റിൽ 15 ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് വില്ലകൾ നിർമ്മിച്ചത്. രണ്ട് ലക്ഷം സർക്കാരിന്റെ ഫണ്ടും ബാക്കി തുക ട്വന്റി ട്വന്റിയുമാണ് നൽകിയത്. പ്രത്യേക രൂപ കൽപ്പനചെയ്തായിരുന്നു നിർമ്മാണം. ഉലക നായകൻ കമൽഹാസനാണ് വില്ലകൾ ഉദ്ഘാടനം ചെയ്തത്.
കാർപോർച്ച്, സിറ്റ്ഔട്ട്, സ്വീകരണ മുറി, രണ്ട് കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, ടോയ്‌ലെറ്റ് എന്നിവ അടങ്ങിയതാണ് വീട്. മുകളിലേക്ക് ഇനിയും മുറികൾ പണിയുവാനുള്ള തരത്തിലാണ് ഫൗണ്ടേഷൻ നിർമ്മിച്ചിരിക്കുന്നത്. ഞാറള്ളൂർ ഗോഡ്‌സ് വില്ല, വിലങ്ങു ഗോഡ്‌സ് വില്ല, കുന്നുംപുറം ഗോഡ്‌സ് വില്ല, മക്കാനിക്കര ഗോഡ്‌സ് വില്ല എന്നിങ്ങനെയാണ് വില്ലകൾക്ക് പേര് നൽകിയിരിക്കുന്നത്. കളിസ്ഥലങ്ങളും വാട്ടർ ടാങ്കുകളും ഇവിടെയുണ്ട്. ഈ വില്ലകൾക്ക് മുന്നിലൂടെ നാഷണൽ ഹൈവെയെ വെല്ലുന്ന തരത്തിലുള്ള പഞ്ചായത്ത് റോഡും നിർമ്മിച്ചിട്ടുണ്ട്. ഗോഡ്‌സ് വില്ല റോഡ് എന്നാണ് പേരും നൽകിയിരിക്കുന്നത്.
ഇടിപൊളിഞ്ഞ് വീഴാറായ വീടുകളിൽ കഴിഞ്ഞ എല്ലാവരും ഇപ്പോൾ അത്യാധുനിക സംവിധാനങ്ങളുള്ള വീടുകളിലാണ് കഴിയുന്നത്. കൂടാതെ വീടുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തിക സഹായവും നൽകുന്നുണ്ട്. സർക്കാർ നൽകുന്ന തുകയോടൊപ്പം ട്വന്റി ട്വന്റിയും അധിക തുക കൂടി നൽകിയാണ് ജനങ്ങൾക്ക് സഹായം നൽകുന്നത്. അതിനാൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും മികച്ച നിലവാരമുള്ളതാണ്.
സ്വന്തം കാലിൽ നിൽക്കുന്ന സ്വയം പര്യാപ്തത
ജനങ്ങൾക്ക് ജീവനോപാധിയായി നിരവധി ക്ഷേമ പ്രവർത്തനങ്ങളും ഇവർ കാഴ്ച വയ്ക്കുന്നുണ്ട്. കൃഷി ചെയ്യാനുള്ള എല്ലാ സഹായവും ചെയ്യുന്നു. നെൽകൃഷി, തെങ്ങ്, കിഴങ്ങ് വർഗ്ഗങ്ഘൾ, പച്ചക്കറി, വാഴ തുടങ്ങീ വിവധ തരത്തിലുള്ള കൃഷികൾ ട്വന്റി ട്വന്റിയുടെ മേൽ നോട്ടത്തിൽ നടക്കുന്നുണ്ട്. കൃഷിക്കാർക്ക് എന്ത് നഷ്ടം വന്നാലും അത് വഹിക്കുന്നത് ട്വന്റി ട്വന്റി തന്നെയാണ്. എല്ലാ അത്യാധുനിക സംവിധാനങ്ങളും കൃഷിക്കാർക്കായി നൽകുന്നു.
ആട് ഗ്രാമം എന്ന പദ്ധതിയിലൂടെ 500 കുടുംബങ്ങൾക്ക് 4 ആടുകളെ വീതം നൽകി. അത് പോലെ തന്നെ പശു വളർത്തൽ ,കോഴി വളർത്തൽ, മുയൽ തുടങ്ങി ഫാം നടത്താനുള്ള സഹായങ്ങളും നൽകി വരുന്നു. പലതരത്തിലുള്ള സ്വയം തൊഴിൽ പദ്ധതികളും ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുകയും ഇതു വഴി ജനങ്ങൾക്ക് മികച്ച വരുമാനം ഇവർക്ക് ലഭിക്കാനും ട്വന്റി ട്വന്റി വഴിയൊരുക്കി. പലരും കയ്യേറി വച്ചിരുന്ന പഞ്ചായത്തിന്റെ 42 ഏക്കറോളം കുളങ്ങൾ പിടിച്ചെടുത്ത് സംരക്ഷിച്ചു പോരുന്നുണ്ട്.
തോടുകൾ വീതി കൂട്ടി സംരക്ഷണ ഭിത്തി കെട്ടി മൂന്ന് മീറ്ററോളം ആഴം നിലനിർത്തിയും സംരക്ഷിക്കുന്നു. തരിശ് നിലങ്ങൾ കണ്ടെത്തി ഏക്കറു കണക്കിന് പാടങ്ങളിൽ കരിമ്പു കൃഷി ചെയ്ത് ശുദ്ധമായ ശർക്കര ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വഴി വിതരണം ചെയ്യുന്നു. സ്‌ക്കൂളുകൾ ബസ് സ്റ്റാൻഡ് റോഡുകൾ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. റോഡ് വികസനം പൂർത്തിയായതിന് ശേഷം പഞ്ചായത്തിൽ എല്ലായിടത്തും വൈഫൈ സംവിധാനവും സിസിടിവിയും സ്ഥാപിക്കാനുള്ള നീക്കത്തിലേക്കാണ് ട്വന്റി ട്വന്റി പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ