കൊച്ചി: 2020ലെ ട്വന്റി 20 ചരിത്രം- ഇന്നലെ പുറത്തു വന്ന തിരഞ്ഞെടുപ്പു ഫലത്തെ ഈ പേരുമായി ചേർത്ത് വയ്ക്കാനാകും ഇഷ്ടപ്പെടുക . എന്നാൽ 2021 ലെ ട്വന്റി 20 യെ ക്കുറിച്ചു നമുക്കിനി സംസാരിക്കാം എന്നാണ് കിഴക്കമ്പലം മോഡലിലൂടെ രാജ്യമാകെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന യുവ വ്യവസായി സാബു ജേക്കബ് പറയുന്നത് . സാധാരണയായി ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം സംഭവനയിൽ ഒതുങ്ങേണ്ടതാണ് .

എന്നാൽ സാമ്പത്തികശാസ്ത്ര ബിരുദദാരിയായ ഈ യുവ വ്യവസായി ബിസിനസ്സിൽ നിന്നും നേരെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയത് അഞ്ചു വർഷം മുൻപ് സംശയത്തോടെയാണ് കേരളം നോക്കിയത് . കിഴക്കമ്പലം എന്ന എറണാകുളം ജില്ലയിലെ കിഴക്കൻ ഗ്രാമത്തിൽ എന്തോ വിപ്ലവം നടത്താനിറങ്ങിയ മുതലാളിയുടെ കൈ പൊള്ളിക്കഴിയുമ്പോൾ താനേ നിർത്തിക്കൊള്ളും എന്നാണ് ഇടതു വലതു മുന്നണികളും ബിജെപി മുന്നണിയും കരുതിയത് . എന്നാൽ അഞ്ചു വർഷം കഴിഞ്ഞപ്പോൾ സംശയത്തോടെ നോക്കിയവർ അദ്ദേഹത്തെയും സംഘത്തെയും അത്ഭുതത്തോടെ നോക്കുകയാണ് .

പുത്തൻ രാഷ്ട്രീയ ട്രെന്റ് സെറ്റർ , കാത്തിരിക്കാം ''കേരള കെജ്രിവാളിനെ ''

കാരണം കിഴക്കമ്പലം മോഡൽ ഒരു ട്രെന്റ് സെറ്ററായി മാറുന്ന , കേരളത്തിന് പരിചയമില്ലാത്ത ഒരു പുത്തൻ രാഷ്ട്രീയമായി വളർന്നു മാറുന്ന കാഴ്ച കാണുമ്പോൾ കേരളത്തിനും ഒരു അരവിന്ദ് കെജ്രിവാളിനെ കിട്ടുകയാണോ എന്ന് താൽക്കാലികമായി എങ്കിലും മോഹിക്കുകയാണ് രാഷ്ട്രീയ അണികൾ അല്ലാത്ത ഓരോ രാഷ്ട്രീയ മനസും .

ഇന്ത്യൻ റവന്യു സർവീസിൽ നിന്നും രാജ്യത്തെ മികച്ച ഉദ്യോഗം രാജിവച്ചു രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ കെജ്രിവാളും കിഴക്കമ്പലത്തെ സാബു ജേക്കബും തമ്മിൽ താരതമ്യം ചെയ്താൽ സമാനതകൾ ഒട്ടേറെ കണ്ടെത്താനാകും . പക്ഷെ രാഷ്ട്രീയ അടിമത്തം ബാധിച്ചു കഴിഞ്ഞ കേരളത്തിന്റെ പൊതുബോധം ഡൽഹി കെജ്രിവാളിനെ മുറുകെ പിടിച്ചത് പോലെ സാബു ജേക്കബിനെ മാറോടണയ്ക്കുവാൻ സാധ്യത തീരെ വിരളമാണ് . എങ്കിലും കേരളത്തിലെ മൂന്നു മുന്നണികൾക്കും ചങ്കിടിക്കുന്ന ഒരു പ്രസ്താവനയാണ് വിജയഭേരികൾക്കിടയിൽ സാബുവും സംഘവും മാധ്യമങ്ങളെ അറിയിച്ചത് .

''അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളും കാണും , വിശദംശങ്ങൾ പിന്നാലെ അറിയിക്കാം '' , ഈ വാക്കുകൾ കേട്ട രാഷ്ട്രീയം മടുത്ത കേരളത്തിലെ പുത്തൻ ജനമനസ് ആഗ്രഹിക്കുന്നത് ട്വന്റി 20 കൂട്ടായ്മ കേരളം മുഴുവൻ മത്സരിച്ചിരുന്നെകിൽ എന്നായിരുന്നിരിക്കണം . കാരണം ഇതുവരെ കണ്ട രാഷ്ട്രീയമല്ല ഇന്നലെ കേരളം കണ്ടത് .

ചെന്നിടത്തെല്ലാം നൂറു മേനി , രാഷ്ട്രീയക്കാർക്ക് നെഞ്ചിടിപ്പ്

കിഴക്കമ്പലം കൂട്ടായ്മ മത്സരിച്ച നാലു പഞ്ചായത്തിലും വിജയം തങ്ങളുടെ കളത്തിലേക്ക് വെട്ടിയിട്ടപ്പോൾ അവർ മത്സരിച്ച ബ്ലോക്ക്, ജില്ലാ പഞ്ചായത്തു സീറ്റുകളിലും എതിരാളികൾക്ക് അടിനില തെറ്റി . തീർന്നില്ല , കടലാക്രമണത്തിൽ രാഷ്ട്രീയക്കാരുടെ കാലുപിടിച്ചു കരഞ്ഞ എറണാകുളം ജില്ലയിലെ തന്നെ തീരദേശ ഗ്രാമമായ ചെല്ലാനത്തു രൂപം കൊണ്ട മറ്റൊരു രാഷ്ട്രീയതര കൂട്ടായമായ മറ്റൊരു ട്വന്റി 20 യും ആദ്യ മത്സരത്തിൽ എട്ടു സീറ്റ് നേടി പ്രധാന പ്രതിപക്ഷമായിരിക്കുകയാണ് . തലനാരിഴക്കാണ് ഇവർക്ക് പഞ്ചായത്തു ഭരണം നഷ്ടമായത് .

കൊച്ചി കോർപറേഷനിൽ ഇതേ മാതൃകയിൽ രംഗത്ത് വന്ന വി ഫോർ കൊച്ചി കൂട്ടായ്മ അനേകം സീറ്റുകളിൽ നിർണായക ശക്തി ആയി മാറിയപ്പോൾ ഉറപ്പായ ഭരണ ഭൂരിപക്ഷമാണ് ഇടതിനും വലതിനും നഷ്ടമായത് . ഫലമോ സ്വതന്ത്ര സ്ഥാനാര്ത്ഥിയായി വിജയിച്ച വിമതരുടെ കാലുപിടിച്ചു നടക്കുകയാണ് ഇടതും വലതും . ഇതേവിധത്തിൽ മുന്നണി രാഷ്ട്രീയത്തിൽ നിന്നും മാറി ജാതി രാഷ്ട്രീയത്തിന്റെ തേരേറി എത്തിയ വെൽഫെയർ പാർട്ടിയും എസ് ഡി പി ഐയും ഇരു മുന്നണികളുടെയും ഒളിഞ്ഞു തെളിഞ്ഞുമുള്ള സഹായത്താൽ നേടിയത് 165 സീറ്റുകളാണ് .

ഇതെല്ലം വക്തമാക്കുന്നത് ഒരു ബദൽ സംവിധാനം രൂപപ്പെട്ടാൽ പ്രധാന രാഷ്ട്രീയ കക്ഷികളെ തൂത്തെറിയാൻ കാത്തിരിക്കുന്ന ജനമനസിന്റെ ആവേശം കൂടിയാണ് .

ഗ്രാമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് പിടി അയയുന്നു , പകരക്കാർ എത്താൻ ജനം കാത്തിരിക്കുന്നു

ഇടതു പക്ഷത്തിനു കനത്ത തോൽവി പ്രതീക്ഷിക്കപ്പെട്ടിടത്തു നിന്നും അവർ മെച്ചപ്പെട്ട വിജയം കണ്ടെത്തിയപ്പോൾ അത്ഭുതപ്പെട്ടു പോയ മാധ്യമങ്ങൾ കേരളം ചുവന്നു , തൂത്തുവാരി എന്നൊക്കെ എഴുതിയെങ്കിലും പാർട്ടി പത്രം ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഗോവിന്ദൻ മാസ്റ്ററെ പോലെയുള്ളവർ പ്രയോഗികതയോടെയാണ് ഇന്നലെ സംസാരിച്ചത് .

''മികച്ച വിജയത്തിലും ഞങ്ങൾക്കു തോൽവി പറ്റിയ ഇടങ്ങളുണ്ട് , അവ കൃത്യമായി പരിശോധിക്കപ്പെടും'' , എന്നാണ് . പാർട്ടി പരമ്പരാഗതമായി ജയിക്കുന്ന പലയിടത്തും പരാജയം നേരിട്ട സാഹചര്യം കൂടി മനസ്സിൽ കണ്ടാകും അദ്ദേഹം ആ വാക്കുകൾ പ്രയോഗിച്ചിരിക്കുക . അദ്ദേഹം പറഞ്ഞതിന്റെ കണക്കുകൾ തേടി പോയാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എത്തുമ്പോൾ ഗ്രാമതലത്തിൽ ഇടതു മുന്നണി നേടിയത് 7258 വാർഡുകളാണ് , അതായതു കഴിഞ്ഞ തവണത്തേക്കാൾ 366 വാർഡിന്റെ കുറവ് .

എന്നാൽ ഇത്തരം കണക്കെടുപ്പുകൾ ഒന്നും വലിയ പതിവില്ലാത്ത വലതു മുന്നണിയിലെ പ്രധാനകക്ഷി കോൺഗ്രസ് കനത്ത തോൽവിയിലും മധുരം പുരട്ടിയ വാക്കുകളിൽ പരാജയം മറയ്ക്കുവാനാണ് ശ്രമിക്കുന്നത് . ഏറെ അനുകൂല അന്തരീക്ഷം ഉണ്ടായിട്ടുണ്ടും സംഘടനാ ദൗർബല്യം മൂലം രോഗശയ്യയിൽ ആണെന്ന് മുൻ കെപിസിസി പ്രസിഡന്റും വടകര എംപിയുമായ കെ മുരളീധരന്റെ വാക്കുകൾ ആണ് പാർട്ടിയുടെ തോൽവിയുമായി ചേർത്ത് വയ്ക്കാൻ കഴിയുന്ന ഏറ്റവും നല്ല ഉപമ .

കഴിഞ്ഞ തവണ വലതുമുന്നണി 6325 വാർഡുകൾ ഗ്രാമ മേഖലയിൽ നേടിയ സ്ഥാനത്തു ഇത്തവണ അത് 5864 മാത്രം . അതായതു നഷ്ടം 461 സീറ്റുകൾ . ഇക്കണക്കിനു സംസ്ഥാന സർക്കാർ നേരിടുന്ന ഗുരുതരമായ ആരോപണങ്ങളുടെ ആനുകൂല്യം ഇല്ലായിരുന്നെകിൽ എന്തായിരുന്നേനെ ഇന്നിപ്പോൾ എന്ന് യുഡിഎഫ് നേതാക്കൾ സ്വപ്നത്തിൽ പോലും ആലോചിക്കാൻ സാധ്യതയില്ല. കാരണം അതൊരു ദുസ്വപ്നത്തേക്കാൾ ഭീകരം തന്നെ ആയിരിക്കും .

ഇടതിനും വലതിനും നഷ്ടം മാത്രം കൂടെയുള്ളപ്പോൾ നേട്ടം വന്നത് മാറ്റത്തിന്റെ രൂപത്തിൽ

വിജയം കണക്കാക്കുമ്പോൾ അധികാര സ്ഥാപനങ്ങൾ ഇടതും വലതും കയ്യടക്കിയപ്പോഴും തങ്ങളുടെ രാഷ്ട്രീയ പിടി അയയുന്നതിന്റെ സൂചനയാണ് ഇരു മുന്നണികൾക്കും ലഭിക്കുന്നത് . ഗ്രാമ തലങ്ങളിൽ അഞ്ചു വര്ഷം കൊണ്ട് നഷ്ടമായ വാർഡുകളുടെ എണ്ണം തെളിയിക്കുന്നതും അത് തന്നെയാണ് . എന്നാൽ കേരളം ഒരു മാറ്റത്തിന്റെ പാതയിൽ ആണെന്നാണ് ബിജെപി പുതുതായി പിടിച്ചെടുത്ത 243 ഗ്രാമ വാർഡുകളും കിഴക്കമ്പലം കൂട്ടായ്മയും ഓ പുതിയ ജനമുന്നേറ്റ കൂട്ടായ്മയായ ഓ ഐ ഓ പിയും സംസ്ഥാനത്തു ഒട്ടാകെ ആയി മറ്റു സ്വതന്ത്രരും ചേർന്ന് നേടിയ 528 വാർഡുകളും . ഇവരുടെ മൊത്തം എണ്ണം 771 ആയി ഉയരുന്നു .

ഇതോടെയാണ് ഒട്ടേറെ പഞ്ചായത്തുകളിൽ സ്വതന്ത്രർ ഭരണം ആർക്കെന്നു തീരുമാനിക്കുന്നതിൽ നിർണായക ഘടകമാകുന്നത് . മാവേലിക്കര, മുക്കം മുന്‌സിപ്പാലിറ്റിയിലും തൃശൂർ , കൊച്ചി കോർപറേഷനുകളിലും ഒക്കെ ഇതുതന്നെയാണ് സ്ഥിതി . പലയിടത്തും ബിജെപിയും വെൽഫെയർ പാർട്ടിയും എസ് ഡി പി ഐ യും ഓ ഐ ഓ പിയും ഒക്കെ മൗന സമ്മതം നൽകിയാലേ ഇടതിനും വലതിനും നിലനിൽക്കാനാകൂ. ഇത് മുൻപ് കേരളം കാണാത്ത ഒരു രാഷ്ട്രീയ സാഹചര്യമാണ് . അഥവാ ഉണ്ടായിരുന്നെകിൽ പോലും പേരിനു എവിടെ എങ്കിലും ആയിരുന്നു . അതിനു അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് എന്ന പേരും വീണിരുന്നു .

എന്നാൽ ഇന്നലെ മുതൽ ഇങ്ങനെ ഒരു പേരിട്ടു വിളിക്കാൻ ഇടതും വലതും ഉള്ളവർ ഇനി പലവട്ടം ആലോചിക്കണം . കാരണം പലയിടത്തും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെയേ അവർക്കു മുന്നോട്ടു പോകാനാവൂ . ഇത് രാഷ്ട്രീയ മാറ്റം അല്ലെങ്കിൽ പിന്നെന്താണ് ? പല ന്യായീകരണവും പതിവ് പോലെ രാഷ്ട്രീയക്കാർ ഉയർത്താൻ ഇടയുണ്ടെങ്കിലും കേരള രാഷ്ട്രീയവും മാറുകയാണ് . പിതാവിനെ പോലെ ഒറ്റയ്ക്ക് നിന്നു പൂഞ്ഞാറിൽ നിന്നും കോട്ടയം ജില്ലാ പഞ്ചയത്തിൽ എത്തിയ ജനപക്ഷത്തിന്റെ ഷോൺ ജോർജ് അടക്കം ഉള്ളവർ നൽകുന്ന സന്ദേശവും ഇത് തന്നെയാണ് .

ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു കൈകഴുകാൻ പഴയ പോലെ രാഷ്ട്രീയ നേതൃവതം തയ്യാറായേക്കുമെകിലും ട്വന്റി 20 യും വി ഫോർ കൊച്ചിയും ഓ ഐ ഓ പിയും ഒക്കെ ചേരുന്ന മാറ്റത്തിന്റെ കാറ്റാണ് രാഷ്ട്രീയ കേരളത്തിൽ ഇപ്പോൾ വീശി തുടങ്ങിയിരിക്കുന്നത് . അതൊരു കൊടുംകാറ്റാകാൻ സമയം എടുത്തേക്കുമെങ്കിലും ഒരു മാറ്റം ഉണ്ടാകാൻ സമയമായി എന്നതിന്റെ കൃത്യമായ സൂചനകൾ തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ചിത്രം ബാക്കിവയ്ക്കുന്നത്