കൊച്ചി: കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തതിൽ എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്. 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥ പ്രതികളെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ബാക്കിയുള്ളവരെ പൊലീസ് പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു.

അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നത്. പൊലീസ് അറസ്റ്റ് ചെയ്ത 164 പേരിൽ 152 പേരെ മാത്രമേ കിറ്റക്‌സിന് തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവർ എവിടെ നിന്നാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നും സാബു ജേക്കബ് പറഞ്ഞു.

'ആഘോഷത്തിന്റെ സമയത്താണ് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവം കിറ്റക്സുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.വളരെ യാദൃശ്ചികമായി നടന്ന സംഭവത്തിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്താതായിരുന്നു. എന്നാൽ ഇവിടെ മനസിലാക്കേണ്ട ചില യാഥാർഥ്യങ്ങൾ കേരളസമൂഹം അറിയണം.

സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഇവരെല്ലാം പ്രതികളെന്നും പൊലീസ് പറയുന്നു. ഇതിൽ 152 പേരെ ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബാക്കി 12 പേരെ എവിടെനിന്ന് കിട്ടിയെന്ന് ഞങ്ങൾക്ക് അറിയില്ല' സാബു ജേക്കബ് പറഞ്ഞു.

12 ലൈൻ ക്വാർട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും. 12 ക്വാർട്ടേഴ്സുകളിൽ മൂന്നെണ്ണത്തിൽനിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പർ ക്വാർട്ടേഴ്സുകളിൽനിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രം ബസിൽ കയറ്റികൊണ്ടുപോയി. എങ്ങനെ ഈ ക്വാർട്ടേഴ്സിലുള്ളവർ മാത്രം കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തി? വെറും രണ്ട് മണിക്കൂർ കൊണ്ട് എങ്ങനെയാണ് ഇവരാണ് പ്രതികളെന്ന് പൊലീസിന് മനസിലായത്?

പൊലീസ് മുൻവിധിയോടെ വന്ന് ജനങ്ങളെ കബളിപ്പിക്കാനായാണ് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. നൂറുരൂപയുടെ കളവ് നടന്നാൽ പോലും പൊലീസിനെ അറിയിക്കും.

കഴിഞ്ഞസംഭവത്തിൽ പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനും എല്ലാ സഹകരണവും ചെയ്തു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥ പ്രതികൾ. ബാക്കി 151 പേരും നിരപരാധികളാണ്. എവിടെനിന്നാണ് 151 പേരെ പ്രതികളാക്കിയത്? 151 നിരപരാധികളെ ആര് തിരിച്ചറിഞ്ഞു. പൊലീസ് ജനങ്ങള കബളിപ്പിക്കാൻ എല്ലാവരെയും പ്രതികളാക്കിയെന്നും സാബു എം.ജേക്കബ് ആരോപിച്ചു.

പൊലീസിന്റെ നടപടിയിൽ ദുരൂഹതയുണ്ട്. കിറ്റക്‌സിനെയും ട്വന്റി20യെയും തന്നെയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 40 പേരിൽ കുറഞ്ഞ ആളുകൾ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂ. പൊലീസ് അറസ്റ്റ് ചെയ്ത് തൊഴിലാളികളുടെ സംസ്ഥാനങ്ങൾ വെറുതെ ഇരിക്കും എന്ന് കരുതണ്ട. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ആണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ തൊഴിലാളികൾക്ക് നിയമ സഹായം കിറ്റെക്‌സ് നൽകും. പരിക്കേറ്റ പൊലീസുകാർക്ക് വേണ്ട ചികിത്സ സഹായം നൽകാൻ തയ്യാറാണ്. ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കമ്പനി കണ്ടെത്തിയ 10 പേരെ കൂടി പൊലീസിന് കൈമാറുന്നു. അറസ്റ്റിലായവർ ഉപയോഗിച്ച ലഹരിമരുന്ന് ഏതെന്ന് കണ്ടെത്താൻ അപ്പോഴേ പരിശോധന നടത്തേണ്ടിയിരുന്നു. അതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.