തേ കിഴക്കിന്റെ വെനീസ് എന്ന് പേരുകേട്ട ആലപ്പുഴ - കരയേക്കാൾ കായലും കടലും വെള്ളവും വള്ളവുമായി കഴിയുന്ന ആലപ്പുഴ ജില്ലയിൽ നിന്നാണീക്കഥ-

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം ഉറപ്പിച്ച കെപിഎസിയും നാടക പ്രസ്ഥാനവും - അതിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന തോപ്പിൽ ഭാസി ആലപ്പുഴ ജില്ലയിൽ നൂറനാട്ടുള്ള കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികളുടെ കഥ പറയുവാനാണ് 'അശ്വമേധം' എന്ന പേരിൽ ഒരു നാടകം രചിച്ചത്. തന്റെ സഹപ്രവർത്തകനും സ്‌നേഹിതനുമായിരുന്ന കാർത്തികേയന് രോഗം ബാധിച്ചതു മുതൽ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും അവിടത്തെ അനുഭവങ്ങൾ മനസ്സിൽ കാച്ചിക്കുറുക്കി നാടകരൂപത്തിൽ കേരളജനതയുടെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു. നൂറനാടിന്റെ പ്രശസ്തി അങ്ങനെ കേരളമാകെ കേട്ടറിഞ്ഞു. ഇവിടെ നമ്മുടെ നായിക നൂറനാട്ടുകാരിയാണെന്ന് മാത്രം.

നാട്ടുനടപ്പനുസരിച്ച് നടന്ന വിവാഹം. വരൻ ഗൾഫുകാരൻ. ഗൾഫുകാരെ ഓടിച്ചിട്ട് പിടിക്കുന്ന കാലം. വധുവിന്റെ വീട്ടിലും ആവശ്യത്തിന് ഗൾഫുകാർ. മറുവീടുകാണലും വിരുന്നൂട്ടലും കെങ്കേമം, സുഗന്ധപൂരിതം. പതിമൂന്നു ദിവസത്തെ മധുവിധുവിനുശേഷം കുട്ടപ്പൻ ചേട്ടൻ മസ്‌ക്കറ്റിന് മടങ്ങി. ഏറിയാൽ രണ്ടുമാസം അതിനുള്ളിൽ നിനക്കുള്ള വിസയുമായി ഞാനെത്തില്ലേ? പേടിക്കാതെ-ശ്ശോ- കരയാതെ. നവവധു ഒരുവിധം പിടിച്ചു നിന്നു. തന്റെ സഹോദരൻ ലീവ് കഴിഞ്ഞ് മടങ്ങുമ്പോൾ നാത്തൂന്റെ സങ്കടസീനുകൾ ഏറെ കണ്ടിട്ടുള്ളതും കളിയാക്കിയിട്ടുള്ളതും പെട്ടന്ന് ഓർമ്മയിൽ വന്നു. എന്നാലും വിതുമ്പിപ്പോയി.

രണ്ടുമാസത്തെ കാര്യമല്ലേയുള്ളൂ സമാധാനപ്പെട് അമ്മായി കൂട്ടായി അരികിൽ നിന്നു. അന്ന് ഇന്നത്തെപ്പോലെ സകുടുംബം എയർപോർട്ടിൽ യാത്രയയ്ക്കുവാൻ പോകുന്നത് സർവ്വസാധാരണമായിരുന്നില്ല.

വെളുപ്പിന് കാറിൽ വരനും കൂട്ടുകാരും കുട്ടൻചേട്ടന്റെ അനുജനും തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്രയായി.

പിറ്റേ ദിവസം പതിനൊന്നു മണിക്കാണ് തൊട്ടടുത്ത ജോസ്സച്ചായന്റെ വീട്ടിലെ ഫോണിൽ ഐഎസ്ഡി കോൾ വന്നത്. ആറു വയസ്സുകാരി മുത്ത് ഓടിവന്ന് മതിലിനരികിൽ നിന്നും വിളിച്ചു കൂവി ലീല ആന്റിക്ക് ഫോൺ. അമ്മായിയേയും കൂട്ടി ജോസ്സച്ചായന്റെ വീട്ടിൽ പോയി ഫോൺ അറ്റന്റ് ചെയ്തു. ഹലോ....കുട്ടനാണ്, ഞാൻ ഇന്നലെ വൈകിട്ട് നാലു മണിക്ക് സുഖമായി എത്തിച്ചേർന്നു. ശ്രീലങ്കയിൽ നിന്നുള്ള ഫ്‌ളൈറ്റ് താമസിച്ചാണ് പുറപ്പെട്ടത്. അവിടെ സുഖം തന്നെയല്ലേ.... വെയ്ക്കട്ടേ. അമ്മ അടുത്തുണ്ട് ഞാൻ അമ്മയ്ക്ക് കൊടുക്കാം. അമ്മേ അമ്മയ്ക്കുള്ള വിസയ്ക്കും കൂടി ഞാൻ ശ്രമിക്കുന്നുണ്ട്. അയ്യോ അതുവേണ്ട. അവൾക്കുള്ളത് എളുപ്പം ശരിയാക്ക്. ബാക്കി പിന്നെ. പെട്ടെന്ന് ഫോൺ വച്ചു. കിറുകൃത്യം 60 ദിവസം കഴിഞ്ഞപ്പോൾ ലീലയ്ക്കുള്ള ഗൾഫ് വിസ ഓക്കെയായി. കടൽകടന്നുള്ള ആദ്യ വിമാനയാത്ര. ലീല കുട്ടേട്ടന്റെ അരികിലേയ്ക്ക് പറന്നു പൊങ്ങി.

യാത്രയയപ്പ് അതിഗംഭീരം. കുടുംബാംഗങ്ങൾ ഒരു ടെംമ്പോ പിടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മടക്കയാത്ര നാട്ടുകാർക്കും വീട്ടുകാർക്കും ഒരു വിനോദയാത്ര പോലെയാക്കി. ഏതായാലും നമ്മൾ ഇത്രടം വരെ വന്നല്ലോ. കോവളവും മ്യൂസിയവും ഒക്കെ കണ്ട് മടങ്ങാം എന്താ? കുേട്ടട്ടന്റെ അനുജൻ അഭിപ്രായമാരാഞ്ഞു.

അതിനെന്താ... അങ്ങനെ തന്നെ. ഇരുട്ടുംമുന്നേ വീട്ടിലെത്തിയാൽ മതി. അത്ര തന്നെ.

കുട്ടേട്ടന്റെ വാക്ക് വാക്കായിരുന്നു. ലീല ഗൾഫിലെത്തി ആറുമാസം പിന്നിട്ടപ്പോൾ ഇതാ അമ്മയ്ക്കുള്ള വിസയും റെഡി.

വെറുതെയല്ല. അന്നേരം ലീല നാലുമാസം ഗർഭിണി. അന്യനാട്ടിൽ ഒറ്റയ്ക്ക്. ഒരു സഹായിയുടെ ആവശ്യം വളരെയേറെ വേണ്ട സമയം. അത് അമ്മായിയമ്മ തന്നെയായാലോ അത്രയും നന്ന്.

ദേവകിയമ്മയെ കൂട്ടിക്കൊണ്ടുപോകുവാൻ വന്നത് മത്തായിച്ചേട്ടനായിരുന്നു, പന്തളത്തുകാരൻ. കുട്ടേട്ടന്റെ കമ്പിനിയിൽ തന്നെ ജോലി നോക്കുന്നയാൾ.

അങ്ങനെ ഗൾഫുജീവിതം എല്ലാം കൊണ്ടും പച്ചപിടിച്ചു വരുന്നകാലം. കുട്ടേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആന്റണി - പെരുമ്പാവൂരുകാരൻ - രണ്ടാമത്തെ പ്രവസത്തോടെ ഭാര്യ മരിച്ചു. സ്വന്തം നിലയിൽ അറബിയുടെ പേരിൽ നടത്തി വരുകയായിരുന്ന സൂപ്പർമാർക്കറ്റ് കുട്ടേട്ടനെ ഏൽപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അത് പിന്നെ ഏറ്റെടുത്ത് നടത്തേണ്ട ചുമതല കുട്ടേട്ടനായിത്തീർന്നു. കമ്പനി ജോലി നഷ്ടപ്പെടുത്താതെ ആറുമാസം നോക്കി നടത്തി. നാട്ടിൽ നിന്നും കംപ്യൂട്ടർ പരീക്ഷ പാസ്സായ ഒരു ബന്ധുവിന് വിസയും ടിക്കറ്റും അയച്ചുകൊടുത്ത് ഗൾഫിൽ വരുത്തി. സൂപ്പർമാർക്കറ്റ് സൂപ്പർവൈസറാക്കി. മൂന്ന് പാക്കിസ്ഥാനികളും ഒരു ഫിലിപ്പൈനിയുമായിരുന്നു മറ്റു സ്റ്റാഫുകൾ. ഒരുവിധം നന്നായി കാര്യങ്ങൾ മുന്നേറി.

സ്റ്റോറിൽ നിന്നുമുള്ള ലാഭവിഹിതം ഒരു നിശ്ചിത തുക അറബിക്കും നാട്ടിൽ ആന്റണിയച്ചായനും കൃത്യമായി നൽകിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് കമ്പനിഡ്യൂട്ടി കഴിഞ്ഞാൽ കുട്ടേട്ടനും സൂപ്പർമാർക്കറ്റിൽ കൂടും.

ചില കമ്പനി റെപ്രസന്റേറ്റീവ്മാർ ആ സമയം കുട്ടേട്ടനെ പേഴ്‌സണലായി കണ്ട് വില വർദ്ധനവ് വരാവുന്ന സാധനങ്ങളുടെ വിവരം കൈമാറുകയും സ്റ്റോക്ക് പരമാവധി ഗോഡൗണിൽ കരുതുകയും ചെയ്തു വന്നു. ഈ സേവനത്തിന് കുട്ടേട്ടൻ അവർക്ക് ചെറിയ കമ്മീഷൻ ഏർപ്പാടും ചെയ്തുപോന്നു. ഒറ്റദിവസത്തെ വിലമാറ്റത്താൽ ലക്ഷങ്ങൾ മറിയുന്ന മായാജാലം. കുട്ടേട്ടനെ കമ്പനിപ്പണി ഉപേക്ഷിക്കുവാൻ നിർബന്ധിതനാക്കി.

ലീലയുടെ പ്രസവം ഗൾഫിൽ തന്നെ നടന്നു. അമ്മ കൂടെയുള്ളതിനാൽ നാട്ടിൽ ലീവുകഴിഞ്ഞ് വരുന്ന സുഹൃത്തുക്കൾ മുഖാന്തിരം പ്രസവ ശുശ്രൂഷാ മരുന്നുകൾ, അങ്ങാടി മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാക്കി. കുഞ്ഞുമോൾക്ക് ആറുമാസം പ്രായമായപ്പോൾ ദേവകിയമ്മയ്ക്ക് നാട്ടിൽ മടങ്ങിപ്പോയാൽ കൊള്ളാമെന്ന് ഒരാഗ്രഹം.

മൂത്ത മകളുടെ മകൾ ഗർഭിണി. അതും മറ്റൊരു കാരണമായി. ഒറ്റയ്ക്ക് വിടാതെ രണ്ട് വിസിറ്റിങ് വിസകൂടി കൈയിൽ കരുതിക്കൊണ്ട് കുട്ടേട്ടൻ നാട്ടിലേയ്ക്ക് തിരിച്ചു. ഒരാഴ്ചത്തെ വിസിറ്റ്.

നാട്ടിൽ കാലുകുത്തിയതിന്റെ പിറ്റേ ദിവസം രാവിലെ മുതൽ വിസയ്ക്കുള്ള ആവശ്യക്കാരുടെ തെരക്ക് വീട്ടിൽ അനുഭവപ്പെട്ടു. രണ്ടുവിസ കൈയിലുള്ള കാര്യം ആരോ നാട്ടിൽ അറിയിച്ചിരിക്കുന്നു.

ഒരു പ്രത്യേക സ്ഥലത്തുനിന്നുമുള്ള ആവശ്യക്കാർ ഏറെ വന്നപ്പോൾ ചെങ്ങന്നൂർക്കാരൻ മത്തായിച്ചന്റെ വേലയാണിതെന്ന് മനസ്സിലായി. അങ്ങനെ ചുമട്ടുതൊഴിലാളിയായി മാർക്കറ്റിൽ പണിയെടുക്കുന്ന വേലപ്പന്റെ കാര്യം തീർപ്പായി. സഹോദരിയുടെ മകൻ ഓട്ടോ ൈഡ്രവർ രമേശനെ സ്വമേധയാ കുട്ടേട്ടൻ കൂടെക്കൂട്ടി. അങ്ങനെ മൂന്നാളും ചേർന്ന് ഡിസംബർ 25 ന് അതിരാവിലെ 4.30 ന് മസ്‌ക്കറ്റ് എയർപോർട്ടിൽ ലാന്റു ചെയ്തു.

വേലപ്പനെ നേരെ മത്തായിച്ചന്റെ റൂമിൽ കയറ്റി വിട്ടു. വിവരങ്ങൾ തനിക്ക് മനസ്സിലായിയെന്ന് മത്തായിച്ചന് ബോദ്ധ്യമാകട്ടേയെന്നു കരുതി കുട്ടേട്ടൻ.

വേലപ്പൻ തട്ടി വിളിക്കുമ്പോൾ ക്രിസ്തുവിന്റെ ചിത്രത്തിനു മുന്നിൽ മത്തായിച്ചൻ കുരിശു വരയ്ക്കുകയായിരുന്നു. എടാ - വേലനെ - നീ.....സംഘടിപ്പിച്ചായിരുന്നു അല്ലേ - അതിശയമാണല്ലോ ഉം... നന്നായി വരട്ടേ. വാ കേറിവാ ഇന്ന് നമുക്കൊന്നു കൂടാം. ക്രിസ്മസ്സ് അല്ലായോ - ഞാൻ ചപ്പാത്തിക്ക് മാവ് കുഴച്ച് വച്ചിരിക്കുവാ. നീ വായോ...ഞാൻ അൽപ്പം തേയിലയെടുക്കാം എന്താ. അച്ചായൻ സൽക്കാരം തുടങ്ങി.

ഒരു സെക്കന്റ് ഹാന്റ് കാർ, ബെൻസ് വാങ്ങിക്കൊണ്ടാണ് കുട്ടേട്ടൻ തന്റെ ഗൾഫ് ജീവിതത്തിന്റെ രണ്ടാംഘട്ടത്തിന്റെ ജൈത്രയാത്ര ആരംഭിച്ചത്. നമ്പർ 666 തന്റെ ലക്കി നമ്പറാണെന്നാണ് സ്വയം പറഞ്ഞു നടന്നത്. പുള്ളിക്കാരൻ ആരോ പറഞ്ഞുകൊടുത്ത ന്യൂമറോളജി അപ്പാടെ അംഗീകരിച്ചു. 3 ഃ 6=18 1+8=9 തന്റെ ഭാഗ്യ നമ്പറാണെന്ന് ലീലയോടും പറഞ്ഞു.

ലീല കുഞ്ഞിനെ സ്‌ക്കൂൾ വാനിൽ വിടുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇപ്പോൾ മിക്കവാറും വെള്ളിയാഴ്ചകളിൽ ഏതെങ്കിലും കമ്പനി പ്രതിനിധികൾ ഉച്ചയ്ക്ക് അതിഥിയായി ഉണ്ടാകാറുണ്ട്.

ചിക്കനും, മീനും, കേരളീയ വിഭവങ്ങളുമായി ലീല അടുക്കള ഭരിക്കുകയായിരുന്നു. ഉച്ച മയക്കം കഴിഞ്ഞ് മൂന്നു മണിക്ക് കുഞ്ഞു വരുന്നതുവരെ വിസിആറിൽ കാസറ്റിട്ട് സിനിമ കാണലും പതിവാക്കി.

'റൂവി'യിൽ ഒരു മിനി സൂപ്പർ മാർക്കറ്റ് ബ്രാഞ്ച് തുടങ്ങുവാനുള്ള തത്രപ്പാടിലായിരുന്നു കുട്ടേട്ടനും മത്തായിച്ചനും. ഒരു കാട്ട് അറബിയുടെ മകനെ തരത്തിൽ പിടിച്ച് ലൈസൻസും മറ്റുകാര്യങ്ങളും ഒപ്പിച്ചു. സാധനങ്ങൾ കുറേശ്ശേ സ്റ്റോക്ക് ചെയ്യുവാൻ തുടങ്ങി. കേരള സമാജം നേതാക്കളെ കാലേക്കൂട്ടി വിവരങ്ങൾ അറിയിച്ചു. അവരിൽ പ്രമുഖനും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

സ്‌ക്കൂൾ വിട്ട് മകളെ സൂപ്പർ മാർക്കറ്റിൽ ഇറക്കുവാനുള്ള ഏർപ്പാടാക്കിയതു മുതൽ ഉച്ചപ്പടം കാണുന്നത് ഒഴിവാക്കി ലീലകൂടി കടയിൽ പോകുവാൻ തുടങ്ങി. മടക്കയാത്ര വൈകുന്നേരം ഒന്നിച്ച് ബെൻസ് കാറിൽ സകുടുംബം.

ഒരു ഓണക്കാലത്ത് കുട്ടേട്ടനും കുടുംബവും നാട്ടിലായിരുന്നപ്പോഴാണ് ആ ദുരന്ത വാർത്ത എത്തിയത്. റൂവിയിലെ ഗോഡൗണിൽ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. അനന്തിരവനായിരുന്നു മേൽനോട്ടത്തിന്റെ ചുമതല. വെള്ളിയാഴ്ച പൊതുവേ അവധിയാണല്ലോ ശനിയാഴ്ച വെളുപ്പിനാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക്കൽ സർക്യൂട്ടിൽ നിന്ന് സ്പാർക്കുണ്ടായിട്ടാണ് തീ പടർന്നത് എന്നായിരുന്നു പറഞ്ഞറിഞ്ഞത്.

തൽക്കാലം ലീലയേയും കുഞ്ഞിനേയും നാട്ടിൽ നിർത്തിയിട്ട് കുട്ടേട്ടൻ ഗൾഫിലെത്തി. ആകെ കരിപിടിച്ച ഗോഡൗൺ. കത്തിക്കരിഞ്ഞ സാധനങ്ങൾ ചിതറി കിടക്കുന്ന പരിസരം. ഒന്നേ നോക്കിയുള്ളൂ. വണ്ടി തിരിച്ച് താമസസ്ഥലത്ത് വന്ന് ഫ്ളാറ്റിലെ അലമാര തുറന്ന് ഇൻഷ്വറൻസ് പേപ്പറുകൾ തപ്പി. ഭാഗ്യം ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞിട്ടില്ല. ഇനിയും പതിനേഴു ദിവസം ബാക്കി.

നാട്ടിൽ ലീവിന് പോയിരുന്ന ഇൻഷ്വറൻസ് ഏജന്റിന്റെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ പറഞ്ഞു. ഫോട്ടോകളുടെ പകർപ്പും വിവരങ്ങളും ചേർത്ത് ഓഫീസിൽ പരാതി നൽകുവാൻ ഉപദേശം കിട്ടി. അതിൻപ്രകാരം ലീഗൽ ഓഫീസറെ കണ്ട് പരാതി നൽകി. നാട്ടിൽ നിന്നും മടങ്ങിയെത്തിയാൽ വേണ്ട സഹായം ചെയ്യാമെന്ന് ഏജന്റ് ഏറ്റു.

കമ്പനി സാധനങ്ങൾ സപ്ലെ ചെയ്യുന്ന റെപ്പ്മാർ പുതിയതായി സ്റ്റോക്ക് നൽകുവാൻ തയ്യാറായി. പക്ഷേ, കുട്ടേട്ടൻ അത്ര തിടുക്കത്തിൽ പുനഃരാരംഭിക്കുവാനുള്ള താൽപര്യം കാണിച്ചില്ല. അതിന് കാരണവുമുണ്ടായി. ഒരു സിലോൺകാരൻ കടയിൽ ജോലി നോക്കിയിരുന്നവൻ ലീവിന് പോയപ്പോൾ തന്റെ അനന്തിരവനെക്കുറിച്ച് ഒരു ദുഃസൂചന നൽകിയിരുന്നത് പെട്ടന്ന് ഓർമ്മയിൽ തങ്ങി നിന്നു. അവന്റെ പണത്തിനോടുള്ള ആർത്തിയാണ് യഥാർത്ഥത്തിൽ ഗോഡൗൺ തീവെയ്‌പ്പിന് - അതേ - തീ വെയ്ക്കുകയായിരുന്നതാകാം - എന്ന നിഗമനത്തിൽ കുട്ടേട്ടൻ എത്തിച്ചേർന്നതും.

സൂപ്പർമാർക്കറ്റ് തുറക്കുന്നില്ലേ? പലരുടെയും ചോദ്യത്തിന് ഒടുവിൽ കുട്ടേട്ടൻ മറുപടി പറഞ്ഞു. ഇനി ഇത് നോക്കി നടത്തുവാൻ പ്രാപ്തിയുള്ളവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഒരു മൊത്ത വിലപറഞ്ഞ് കൊടുത്തേയ്ക്കാം. മുറ്റി നിന്ന മൂകതയ്ക്ക് മറുപടിയായി അനന്തിരവൻ പറഞ്ഞു....എങ്കിൽ....ഞാൻ നോക്കി നടത്താം. എനിക്ക് അൽപ്പം സാവകാശം നൽകണം പണം മറിക്കാൻ. അപ്പോ യഥാർത്ഥ ആവശ്യക്കാരനും തീവെയ്പുകാരനും ഒന്നാണെന്ന ബോദ്ധ്യം കുട്ടേട്ടന് വന്നു. മറുപടി ഒന്നുമേ പറയാതെ പെട്ടെന്ന് എഴുന്നേറ്റ് പുറത്തു കിടന്ന കാറിൽ കയറി ഓടിച്ചുപോയി.

മാസങ്ങൾ പലതു കഴിഞ്ഞിട്ടും പുതിയ സ്റ്റോറിന്റെ നടത്തിപ്പ് ആരെയെങ്കിലും ഏൽപ്പിക്കുകയോ തുറന്ന് പ്രവർത്തിപ്പിക്കുകയോ ചെയ്തില്ല. ആകെയൊരു നിരാശ ബാധിച്ചവനെപ്പോലെ കുട്ടേട്ടൻ അലഞ്ഞു. ജോലിക്കാർ ഒരോരുത്തരായി സ്വയം പിരിഞ്ഞുപോയി. അങ്ങനെ ഒടുവിൽ മറ്റു നിവർത്തിയില്ലാതെ അനന്തിരവനും നാട്ടിലേയ്ക്ക് മടങ്ങി.

പിന്നീട് അൽപ്പാൽപ്പമായി നിർജ്ജീവാവസ്ഥയ്ക്ക് മാറ്റം വന്നു. അന്നും മത്തായിച്ചൻ കൂട്ടിനുണ്ടായിരുന്നു. പുതിയ സൂപ്പർ മാർക്കറ്റിന് മകളുടെ പേരാണ് കുട്ടേട്ടൻ നൽകിയത്. 'ട്വിങ്കിൾ സ്റ്റോഴ്‌സ്'. മകളുടെ കുഞ്ഞിലെയുള്ള ഫോട്ടോയാണ് പാക്കിങ് കവറിൽ അച്ചടിച്ചിരുന്നത്.

ദിവസേന നറുക്കെടുപ്പും സമ്മാന വിതരണവും ബിസിനസ്സ് വർദ്ധിപ്പിച്ചു. ഗോഡൗണിന്റെ അഡ്വാൻസ് തുക ഇരട്ടിയാക്കുവാൻ അറബിയെ പ്രേരിപ്പിച്ചത് ഇൻഷ്വറൻസ് തുക ഉടനെ കിട്ടുമെന്നുള്ള വിവരം ലഭിച്ചതുകൊണ്ടായിരുന്നു. ഇൻഷ്വറൻസ് തുകയുടെ തൊണ്ണൂറു ശതമാനവും സാധനങ്ങൾ സപ്ലെ ചെയ്തിരുന്ന കമ്പനി ഏജൻസികൾക്ക് തന്നെ കൊടുക്കേണ്ടതായി വന്നു.

എങ്ങനെയും ഷോപ്പ് നിലനിർത്തുവാനുള്ള പരക്കം പാച്ചിലിനിടയിലാണ് സലാലയിലേയ്ക്കുള്ള യാത്രയിൽ ഒരു താഴ്ചയിലേയ്ക്ക് ഓടിച്ചിരുന്ന വണ്ടി മറിഞ്ഞ് കുട്ടേട്ടൻ ക്രിട്ടിക്കൽ സ്റ്റേജിൽ മൂന്നുദിവസം ഐസി യൂണിറ്റിൽ കിടക്കേണ്ടി വന്നത്. ഡോക്ടർമാർ ആവത് ശ്രമിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹെഡ് ഇഞ്ച്വറിയായിരുന്നു.

നാട്ടിൽ വിവരം അറിയിച്ച് ഡെഡ്‌ബോഡി എംബാം ചെയ്ത് ഫ്‌ളൈറ്റിൽ കൊണ്ടുപോകുമ്പോൾ മത്തായിച്ചനും അറബിയുടെ മകനും അനുഗമിച്ചു. മൂന്നാം ദിവസം നാട്ടിൽ ബോഡിയെത്തിക്കുമ്പോൾ കുട്ടേട്ടന്റെ കുടുംബവീടും പരിസരവും വമ്പിച്ച ആൾക്കൂട്ടം കൊണ്ട് നിറഞ്ഞിരുന്നു.

അനന്തിരവന്റെ ഇടപെടലുകൾ നല്ലവനായ കുടുംബ സ്‌നേഹിയായ അമ്മാവനെ കാലപുരിക്ക് അയച്ചു... അത്ര തന്നെ.