ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ സ്ഥാനം നജീബ് ജങ് രാജിവച്ചത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസകരമാകുമെന്നായിരുന്നു വിലയിരുത്തൽ. ഡൽഹി സർക്കാരുമായി എന്നും ഏറ്റുമുട്ടലിലായിരുന്നു നജീബ് ജങ്. കെജ്രിവാളിനെ തലങ്ങും വിലങ്ങും ചലിക്കാൻ അദ്ദേഹം അനുവദിച്ചില്ല. അതുകൊണ്ട് തന്നെ നജീബ് ജങ് സ്ഥാനമൊഴിയുന്നത് ആംആദ്മി സർക്കാരിന് തലവേദന ഒഴിഞ്ഞതു പോലെയായി. എന്നാൽ അതിലും വലുതാണ് ഡൽഹി മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതി വച്ചിരിക്കുന്നതെന്നാണ് സൂചന. പുതിയ ഒഴിവിലേക്ക് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ അനിൽ ബൈജലിനേയും അൽഫോൻസ് കണ്ണന്താനത്തേയും പരിഗണിക്കുന്നുവെന്നതാണ് സൂചന. ഇതിൽ അൽഫോൻസ് കണ്ണന്താനത്തിനാണ് കൂടുതൽ സാധ്യത.

മലയാളിയായ അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് നേരത്തെ ചണ്ഡിഗഢ് അഡ്‌മിനിസ്ട്രേറ്ററായി പരിഗണിച്ചെങ്കിലും പഞ്ചാബിലെ അകാലിദൾ സർക്കാരിന്റെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഉത്തരവ് ലഭിച്ചപ്പോൾ തന്നെ ചുമതല ഏൽക്കാനായി ഡൽഹിയിലേക്ക് കണ്ണന്താനം പറന്നിരുന്നു. അതിനിടെയാണ് അകാലിദൾ എതിർപ്പുമായി എത്തിയത്. ഈ സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇതിന് പകരമായി കണ്ണന്താനത്തിന് ഡൽഹി നൽകാനാണ് ആലോചന. ഡൽഹിയെ ഇളക്കി മറിച്ച ഐഎസ്എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു കണ്ണന്താനം. ഡൽഹിയിലെ അനധികൃത കെട്ടിട നിർമ്മാണമെല്ലാം പൊളിച്ചു കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥൻ. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗത്തെ ഇന്നും ആരാധനയോടെ കാണുന്ന സമൂഹം ഡൽഹിയിലുണ്ട്. അതുകൊണ്ട് തന്നെ കണ്ണന്താനത്തെ ഡൽഹി ഏൽപ്പിക്കാനാണ് ബിജെപിക്കും താൽപ്പര്യം.

ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2006ൽലാൻഡ് റവന്യൂ കമ്മീഷണറായിരിക്കെ പദവി രാജിവച്ച് ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച് കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 ൽ കാലാവധി തികയ്ക്കുന്നതിന് മുമ്പെ രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. 'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്‌മെന്റ് അഥോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇതിൽ ഡൽഹിയിലെ പ്രവർത്തനങ്ങളാണ് കണ്ണന്താനത്തെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്.

ഡൽഹിയെ അടുത്തറിയാവുന്ന നേതാവാണ് കണ്ണന്താനം. എല്ലാത്തിനുമുപരി മോദിയുടെ വിശ്വസ്തൻ. കെജ്രിവാളിനെ കൂടുതൽ കുരുക്കിലേക്ക് നീക്കാൻ കണ്ണന്താനത്തിന് കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. കണ്ണന്താനത്തിനൊപ്പം ഡൽഹിയിലെ പദവിയിലേക്ക് 2006 ൽ നഗരവികസന സെക്രട്ടറിയായി കേന്ദ്ര സർവീസിൽ നിന്ന് വിരമിച്ച അനിൽ ബൈജലിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. വാജ്പേയി സർക്കാരിന്റെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ബൈജൽ ഇപ്പോൾ വിവേകാനന്ദ അന്താരാഷ് ട്ര ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് കൗൺസിൽ അംഗമാണ്. നേരത്തെ അദ്ദേഹത്തിന്റെ പേര് ജമ്മു കശ്മീർ ഗവർണർ സ്ഥാനത്തേക്കും പറഞ്ഞുകേട്ടിരുന്നു. ഡൽഹി വികസന അഥോറിറ്റി വൈസ് ചെയർമാൻ, പ്രസാർഭാരതി സിഇഒ, എയർ ഇന്ത്യ എം.ഡി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

കാലാവധി അവസാനിക്കാൻ 18 മാസം ബാക്കിയുള്ളപ്പോഴാണ് ജങ് അപ്രതീക്ഷിതമായി രാജി വച്ചത്. ഏറെ ഇഷ്ടപ്പെടുന്ന അദ്ധ്യാപന മേഖലയിലേക്ക് മടങ്ങാനാണ് ജങ്ങിന്റെ തീരുമാനമെന്ന് രാജ്ഭവൻ വിശദീകരിച്ചിരുന്നു. ജാമിയ മിലിയ സർവ്വകലാശാല മുൻ വൈസ് ചാൻസലറാണ് ജങ്. അധികാരത്തെച്ചൊല്ലി എഎപി സർക്കാരും മുഖ്യമന്ത്രി കേജ്രിവാളും ലഫ്. ഗവർണറുമായി നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഭരണത്തിലെ വീഴ്ചകൾക്ക് കേന്ദ്ര സർക്കാരിനെയും ലഫ്. ഗവർണറെയും കുറ്റപ്പെടുത്തുകയാണ് കേജ്രിവാളിന്റെ പതിവ്.

സർക്കാർ ലഫ്. ഗവർണറെ മറികടന്ന് തീരുമാനങ്ങളെടുക്കുകയും ജങ്ങിന്റെ ഉത്തരവ് അനുസരിക്കാതിരിക്കുകയും ചെയതത് വിവാദമായിരുന്നു. കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന് കഴിഞ്ഞ ഓഗസ്തിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജങ്ങിനെ 2013 ജൂലൈയിൽ യുപിഎ സർക്കാരാണ് ലഫ്. ഗവർണറായി നിയമിച്ചത്.