തിരുവനന്തപുരം: യുവാക്കളുടെ സെൽഫി പ്രേമത്തെ വിമർശിച്ച് ഗായകൻ കെ.ജെ യേശുദാസ്. ദേഹത്തു തൊട്ടുരുമ്മിയുള്ള സെൽഫിയെയാണ് ഗാനഗന്ധർവ്വൻ 'വിലക്ക്' കൽപ്പിച്ചിരിക്കുന്നത്. എൺപതുകൾക്ക് മുമ്പ് ഒരു പെൺകുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ലെന്നും യേശുദാസ് പറയുന്നു. ഇത് എന്റെ ഭാര്യ,മകൾ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാൽ തന്നെയും അവർ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല.

സെൽഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാൻ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിൽ വിരോധമില്ല. എന്നാൽ ദേഹത്തുരസിയുള്ള സെൽഫി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ 'കേട്ടതും കേൾക്കേണ്ടതും' എന്ന കോളത്തിലാണ് യേശുദാസിന്റെ സെൽഫി വിലക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇത് ആദ്യമായല്ല യേശുദാസ് 'വിവാദ' പ്രസ്താവനയുമായി രംഗത്ത് വരുന്നത്. മുമ്പ് സ്ത്രീകൾ ജീൻസ് ധരിക്കരുത് എന്ന് പറഞ്ഞതും സോഷ്യൽ മീഡിയയുടെ വിമർശനത്തിന് കാരണമായിരുന്നു. സ്ത്രീകൾ ജീൻസ് ധരിക്കുമ്പോൾ അതിനപ്പുറമുള്ളവ ശ്രദ്ധിക്കാൻ തോന്നുമെന്നായിരുന്നു അന്ന് പറഞ്ഞത്.

മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചു വെക്കുന്നതിനെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ജീൻസ് ഇട്ട പെൺകുട്ടികളെ ബുദ്ധിജീവികളായി ആരും പരിഗണിക്കുന്നില്ല. ആകർഷണ ശക്തി കൊടുത്ത് വേണ്ടാത്തത് ചെയ്യിക്കാൻ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും അഭിപ്രായപ്പെട്ടത് വ്യാപക വിമർശനങ്ങൾക്ക് പാത്രമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകളാണ് രംഗത്ത് വന്നത്.

അതോടൊപ്പം തന്നെ റിയാലിറ്റി ഷോകളെ ക്കുറിച്ച് നടത്തിയ പരാമർശങ്ങളും ചർച്ചയായിരുന്നു. റിയാലിറ്റി ഷോകൾക്ക് എതിരെ സംസാരിച്ചിട്ട് ജഡ്ജ് ആയ്ി ഇരുന്നതാണ് വിമർശനത്തിന് കാരണമായത്.