ന്യൂഡൽഹി: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് മാസം പിന്നിട്ടിട്ടും സഭയിൽ തന്റെ കന്നി പ്രസംഗം നടത്താൻ കഴിയാത്ത കെ കെ രാഗേഷ് എംപി. താൻ തിരഞ്ഞെടുക്കപ്പെട്ട സഭയിലെ തന്റെ കന്നിപ്രസംഗത്തിന് അവസരം തേടി തിങ്കളാഴ്ചയും രാഗേഷ് നോട്ടീസ് നൽകിയെങ്കിലും അദ്ദേഹത്തിനു സംസാരിക്കാൻ ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യൻ അവസരം നൽകിയില്ല.

സർ, കഴിഞ്ഞ രണ്ട് ആഴ്ചയായി നിങ്ങൾ പറയുന്നു.. എന്ന് പറയുമ്പോഴേക്കും സഭ ബഹളത്തിൽ മുങ്ങും. ഇതോടെ, രാഗേഷിന് താൻ പറയാൻ ഉദ്ദേശിച്ച വാക്ക് പൂർത്തിയാക്കാൻ പോലും സാധിക്കുന്നില്ല. തനിക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് പറഞ്ഞ് രാഗേഷ് സംസാരിക്കുമ്പോഴേയ് ക്കും ഡെപ്യൂട്ടി ചെയർമാൻ ശ്രീ രാഗേഷ്, സിറ്റ്ഡൗൺ... എന്ന് ആവർത്തിച്ച് കൊണ്ടിരിക്കും.... പാർലമെന്റിലെ ബഹളമാണ് രാഗേഷിന് വില്ലനാകുന്നത്

സർ, കഴിഞ്ഞ രണ്ടാഴ്ചയായി......എന്ന് രാഗേഷും ഇരിക്കൂ രാഗേഷ്... ഇരിക്കൂ... എന്ന് ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യനും ആവർത്തിച്ചതാണ് തിങ്കളാഴ്ചയിലെ രാജ്യസഭാ രേഖകളിൽ ഇടം പിടിച്ച രസകരമായ സംഭാഷണം. സംസാരിക്കാനായി രാഗേഷ് നോട്ടീസ് നൽകിയിട്ടില്ലെന്ന് ആദ്യം ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞെങ്കിലും രണ്ടാം നമ്പറായി താങ്കളുടെ നോട്ടീസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നു തിരുത്തി. തനിക്കൊരു പ്രധാനപ്പെട്ട വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്താനുണെ്ടന്ന് രാഗേഷ് പറഞ്ഞു നോക്കിയെങ്കിലും ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ നിർദേശമായിരുന്നു ചെയറിൽ നിന്നുണ്ടായത്.

പാർലമെന്റിന്റെ കഴിഞ്ഞ സെഷനിലും രാഗേഷ് സംസാരിക്കാനായി നോട്ടീസ് നൽകിയിരുന്നുവെങ്കിലും സഭാസ്തംഭനം മൂലം സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഏപ്രിൽ 23ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത രാഗേഷിന് ഇതുവരെ സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇതുവരെ 19 ചോദ്യങ്ങൾ രാഗേഷ് സഭയിൽ ഉന്നയിച്ചിട്ടുണ്ട്.