- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
51 വെട്ടിൽ ടിപി കൊല്ലപ്പെട്ടപ്പോൾ വിധവയെ ആശ്വസിപ്പിക്കുന്ന വി എസ്; വടകരയിൽ നിറഞ്ഞത് സഖാവിന്റെ കൂറ്റൻ പോസ്റ്ററുകൾ; മലമ്പുഴയിൽ വിശ്വസ്തൻ വീടു കയറി വോട്ട് ചോദിച്ചതും നേതാവിന്റെ പടവുമായി; ടിപിയുടെ ശബ്ദം നിയമസഭയിൽ രമ മുഴക്കുമ്പോൾ വിജയത്തിൽ നിർണ്ണായകമായത് ആ പഴയ് ഇടപെടൽ; വിഎസിന്റെ ചിത്രം പ്രചരണായുധമാക്കിയ രണ്ടു പേരും ജയിക്കുമ്പോൾ
കോഴിക്കോട്: ഇരട്ട ചങ്കനായി ജയിച്ച് രണ്ടാ വരവിൽ മുഖ്യമന്ത്രിയാകുമ്പോൾ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ തല ഉയർത്തി കെ കെ രമയും. 51 വെട്ടിൽ വീഴ്ത്തിയ ചോരയ്ക്ക് രമ സഭയിൽ ഒളിയമ്പുകൾ നൽകും. ടിപി ചന്ദ്രശേഖരന്റെ ഓർമ്മകൾ ഇനി നിയമസഭയിലേക്കും. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ ഓർമദിവസത്തിലേക്ക് (മെയ് 4) ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് രമയുടെ തെരഞ്ഞെടുപ്പ് വിജയം. തന്നിലൂടെ ടിപിയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്നു രമ പ്രതികരിച്ചു.
ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ രമയ്ക്ക് ആശ്വാസവുമായി ഓടിയെത്തിയത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനായിരുന്നു. അന്ന് തന്നെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം ഈ തെരഞ്ഞെടുപ്പുകാലത്ത് വടകരയിൽ നിറച്ചിരുന്നു ആർഎംപി. എന്നാൽ സുഖമില്ലാതെ വിശ്രമിക്കുന്ന വിഎസിന്റെ ചിത്രം സിപിഎം പൊതുവിൽ പാർട്ടി നേതാക്കൾ പോലും പ്രചരണത്തിന് ഉപയോഗിച്ചില്ല. മലമ്പുഴ മാത്രമാണ് ഇതിനൊരു അപവാദം. അവിടെ സിപിഎം സ്ഥാനാർത്ഥിയായ എ പ്രഭാകരൻ മുന്നിൽ കാട്ടിയത് വിഎസിനെയായിരുന്നു. വി.എസിന്റെ സിറ്റിങ് സീറ്റായിരുന്ന മലമ്പുഴയിൽ ഇക്കുറി അദ്ദേഹത്തിന്റെ മണ്ഡലം സെക്രട്ടറിയായിരുന്ന എ.പ്രഭാകരനെയാണു സിപിഎം ജയിപ്പിച്ചത്.
വിഎസിന്റെ ചിത്രവുമായി വോട്ടു പിടിച്ച മണ്ഡലം കൂടിയായിരുന്നു അത്. വിഎസിന്റെ അതിവിശ്വസ്തനായിരുന്നു പ്രഭാകരൻ. അതുകൊണ്ട് തന്നെ പ്രഭാകരന് സീറ്റ് നിഷേധിക്കുമോ എന്ന ചർച്ച പോലും ഉയർന്നു. ഒടുവിൽ നൽകി. വിഎസിനെ മുന്നിൽ നിർത്തി മികച്ച ഭൂരിപക്ഷവും പ്രഭാകരൻ നേടി. അതായത് വിഎസിന്റെ ചിത്രവുമായി പ്രചരണം നടത്തിയ രണ്ട് സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ ജയിച്ചു. അതിലൊന്ന് യുഡിഎഫ് പിന്തുണയോടെ ജയിച്ച രമ എന്നതാണ് വസ്തുത.
ടിപിയുടെ കൊലപാതക ശേഷം സിപിഎമ്മിനെ ഞെട്ടിച്ചാണ് വി എസ് വടകരയിലെ വീട്ടിലെത്തിയത്. അതും നെയ്യാറ്റിൻകരയിൽ അതിനിർണ്ണായകമായ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ. ഒൻപതു കൊല്ലം മുമ്പ് അത് കേരള രാഷ്ട്രീയത്തിലെ കണ്ണീർ ചിത്രത്തെ സമ്മാനിച്ചു. ഈ ചിത്രമാണ് വടകരയിൽ ആർഎംപി പ്രചരണത്തിന് തുറുപ്പുചീട്ടാക്കിയതും.
എൽജെഡിയിലെ മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്കു തോൽപ്പിച്ചാണു രമയുടെ വിജയം. വേറെ ആരു ജയിച്ചാലും രമ നിയമസഭയിൽ എത്തരുത് എന്നൊരു വാശി സിപിഎമ്മിനുണ്ടായിരുന്നു. മറ്റൊരു മണ്ഡലത്തിലും ഇല്ലാത്ത പടയൊരുക്കങ്ങളുമായാണ് സിപിഎം വടകര യുദ്ധത്തിനിറങ്ങിയത്. സർവ സന്നാഹങ്ങളും ഇറക്കി. പതിവു തെറ്റിച്ച് മുഖ്യമന്ത്രി പിണറായി 2 തവണ നേരിട്ടു പ്രചാരണത്തിനിറങ്ങി. എന്നിട്ടും രമയുടെ വിജയം തടയാനായില്ല. കനത്ത സൈബർ അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. അപ്പോഴൊക്കെ കണ്ണീരൊപ്പി വടകരയിലെ അമ്മമാർ രമയ്ക്കൊപ്പംനിന്നു. സ്ത്രീകൾ നൽകിയ പിന്തുണ വിജയത്തിൽ നിർണായകമായെന്നു രമ പറയുന്നു. സിപിഎം നേതാക്കളിൽ ചിലർ പോലും ചന്ദ്രശേഖരനോടുള്ള സ്നേഹം കാരണം രമയ്ക്ക് വോട്ടു ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രമ, ടിപിയുമായുള്ള വിവാഹത്തിനു ശേഷം സജീവ രാഷ്ട്രീയത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. ടിപി പോയ ശേഷമാണ് വീണ്ടും പൊതുരംഗത്തേക്കിറങ്ങുന്നത്. നിലവിൽ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം. കർഷക സംഘം നേതാവും സിപിഎം ഏരിയ സെക്രട്ടറിയുമായിരുന്ന പിതാവ് മാധവൻ പാർട്ടി പ്രവർത്തകർക്കിടയിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ്. ആർഎംപിയുടെ മാത്രം സ്ഥാനാർത്ഥിയായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ രമ ഇടതു മുന്നണിയെ നേരിട്ടിരുന്നു. അന്ന് തനിച്ചു നേടിയ 20,504 വോട്ടുകളാണ് ഇക്കുറി സഖ്യത്തിനു യുഡിഎഫിനെ പ്രേരിപ്പിച്ചത്.
ഇടതു മുന്നണി അവതരിപ്പിച്ച പുതുമുഖ സ്ഥാനാർത്ഥികൾ കരുത്തു കാട്ടിയപ്പോൾ യുഡിഎഫിന്റെ പുതുമുഖങ്ങൾക്കു കൂട്ടത്തോടെ കാലിടറി എന്നതാണ് വസ്തുത. 56 പുതുമുഖങ്ങളെ മത്സരിപ്പിച്ച എൽഎഡിഎഫ് 39 പേരെ ജയിപ്പിച്ചു. 62 പുതുമുഖങ്ങൾക്ക് അവസരം നൽകിയ യുഡിഎഫിനാകട്ടെ 6 പേരെ സഭയിൽ എത്തിക്കാനേ കഴിഞ്ഞുള്ളൂ. മുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎം, സിപിഐ എന്നിവർ 35 ലേറെ സിറ്റിങ് എംഎൽഎമാരെ മാറ്റി നിർത്തിയാണു പുതുമുഖങ്ങളെ പരീക്ഷിച്ചത്. കോൺഗ്രസാകട്ടെ ഇരിക്കൂർ എംഎൽഎ കെ.സി.ജോസഫിനെ മാത്രമാണു മാറ്റിനിർത്തിയത്.
മന്ത്രിമാരായ ഇ.പി.ജയരാജൻ, ജി.സുധാകരൻ, തോമസ് ഐസക്, എ.കെ. ബാലൻ, വി എസ്.സുനിൽ കുമാർ എന്നിവരടക്കം 8 മന്ത്രിമാർക്കു സീറ്റ് നിഷേധിച്ചാണ് എൽഡിഎഫ് ചെറുപ്പക്കാർ അടക്കമുള്ള പുതുമുഖങ്ങൾക്ക് അവസരം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ