- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭയിൽ ടിപിയുടെ ശബ്ദമായി മാറുന്നതിനൊപ്പം വടകരയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഉറച്ച് കെകെ രമ; ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡ് പണി വേഗത്തിലാക്കാൻ ഊരാളുങ്കലുമായി ചർച്ചയ്ക്ക് നിയുക്ത എംഎൽഎ; കോവിഡ് പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ടിപിയുടെ ഭാര്യ; ആദ്യ പരിഗണന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കൽ
വടകര: നിയമസഭയിൽ ടിപിയുടെ ശബ്ദം ഉയരുമെന്ന് കെകെ രമ വിശദീകരിച്ചു കഴിഞ്ഞു. ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നവർക്ക് രാഷ്ട്രീയ മറുപടിയായിരുന്നു വടകരയിലെ രമയുടെ ജയം. ജന മനസ്സ് അറിയാവുന്ന ജനപ്രതിനിധിയാണ് അവർ. ഇടതു ഭരണം തുടരുന്നതിനാൽ പ്രതിപക്ഷത്താണ് രമ. എങ്ങനേയും രമയെ തോൽപ്പിക്കാൻ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കി. എന്നിട്ടും രമ ജയിച്ചു. ഇനി ലക്ഷ്യം ജനങ്ങളെ ചേർത്തു നിർത്തുകയാണ്. പറഞ്ഞ വാക്കുകൾ എല്ലാം പാലിക്കുമെന്ന് രമ പറയുന്നു.
തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനമായ ജില്ലാ ആശുപത്രിയുടെ വികസന പ്രശ്‌നങ്ങൾ അന്വേഷിക്കാൻ നിയുക്ത എംഎൽഎ കെ.കെ.രമ എത്തി.ത് ഇതിന്റെ ഭാഗമാണ്. ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അവർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് വടകരയിൽ വേണ്ടത്ര സംവിധാനങ്ങൾ ഉണ്ടോ എന്ന സംശവും രമയ്ക്കുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
ആവശ്യമായ വാക്‌സീൻ എത്തിക്കാനും സജ്ജമായ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (എഫ്എൽടിസി) തുടങ്ങാനുള്ള അനുമതി ലഭ്യമാക്കാനും കലക്ടറുമായി സംസാരിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.അലിയുമായും വിവിധ വിഭാഗത്തിലെ ജീവനക്കാരുമായും ചർച്ച നടത്തി. ആശുപത്രിയിൽ പുതുതായി പണി തീർക്കുന്ന കെട്ടിടം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നിയുക്ത എംഎൽഎ അന്വേഷിച്ചു. വാർഡ് കൗൺസിലർ പി.കെ.സി.അഫ്‌സൽ ഒപ്പമുണ്ടായിരുന്നു. വടകരയിലെ മുക്കും മൂലയിലും എത്തി വികസന പ്രശ്‌നങ്ങൾ മനസ്സിലാക്കുകയാണ് രമയുടെ ലക്ഷ്യം.
കോവിഡ് രോഗികൾ ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ല ആശുപത്രിയിൽ ഒരുക്കുന്ന കോവിഡ് വാർഡ് എത്രയും പെട്ടെന്ന് പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ആശുപത്രി അധികാരികളുമായി നടത്തിയ ചർച്ചക്കുശേഷം എംഎൽഎ ജില്ല കലക്ടറോട്? അഭ്യർത്ഥിച്ചു. പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്യുമെന്ന് കെ.കെ. രമ പറഞ്ഞു. ആശുപത്രിക്ക് എല്ലാ സഹായവും എംഎൽഎ വാഗ്ദാനം ചെയ്തു.
ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാൾ സിപിഎമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന കെ.കെ. രമയുടെ ഒമ്പത് വർഷത്തോളമായുള്ള വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവുമ്പോൾ അന്വർഥമാവുന്നത്. ജയിച്ചത് താനല്ലെന്നും ടി.പി. ചന്ദ്രശേഖരനാണെന്നുമുള്ള കെ.കെ. രമയുടെ പ്രതികരണം അങ്ങനെ വന്നതാണ്. ടി.പിയെന്ന വാക്കുകൾ പോലും കേൾക്കുന്നത് അലോസരമാവുന്ന സിപിഎമ്മിന് രമയുടെ എംഎൽഎ. സ്ഥാനം വലിയ തിരിച്ചടി തന്നെയാണ് നൽകിയിരിക്കുന്നത്. ഇതിനിടെയാണ് സോഷ്യലിസ്റ്റുകളിലൂടെ എന്നും സിപിഎം ഒപ്പം നിർത്തിയ വടകരയിലെ രമയുടെ ജനകീയ ഇടപെടലുകൾ.
2012 മെയ് 4 വെള്ളിയാഴ്‌ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണിൽ വച്ച് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാർ കൊണ്ട് ഇടിച്ചു വീഴ്‌ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇവർക്ക് നേരെ ബോംബെറിഞ്ഞ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടർന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎം. വിട്ട് വിമതപ്രവർത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതർ ടി.പിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടി.പി. പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്.
2009- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടി.പി. 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു. വിമതനേതാവായ ടി.പിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അൻപത്തൊന്ന് വെട്ടേറ്റ ടി.പി. ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാൻ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികൾ പക തീർത്തത്.
മറുനാടന് മലയാളി ബ്യൂറോ