- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണിലെ കരടായ കെകെ രമയോട് പകവീട്ടി തുടങ്ങി സിപിഎം; മനയത്ത് ചന്ദ്രനെ അപകീർത്തി പെടുത്തി എന്ന് പറഞ്ഞ് വടകരയിലെ നിയുക്ത എംഎൽഎയ്ക്കെതിരെ കേസെടുത്ത് പൊലീസ്; ടിപിയുടെ സ്മരണകളുമായി തലസ്ഥാനത്തേക്ക് വണ്ടി കയറുന്ന പോരാട്ട നായികയെ വെറുതെ വിടില്ല
വടകര: ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയെ എംഎൽഎയായി കാണാൻ സിപിഎമ്മിന് കഴിയില്ല. രമയുടെ എംഎൽഎ സ്ഥാനം അയോഗ്യമാക്കാനുള്ള സാധ്യതകൾ തേടി സിപിഎം അന്വേഷണങ്ങൾ തുടങ്ങി. രമയുടെ വിജയം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ അപകീർത്തിപ്പെടുത്തുന്ന വാട്സാപ് സന്ദേശം പ്രചരിപ്പിച്ചെന്ന കേസിൽ നിയുക്ത എംഎൽഎ കെ.കെ.രമയ്ക്കെതിരെ ചോമ്പാൽ പൊലീസ് കേസെടുത്തു.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ചന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ ചില ഗ്രൂപ്പുകൾ വഴി സന്ദേശം പ്രചരിപ്പിച്ചെന്ന എൽഡിഎഫ് ഇലക്ഷൻ ഏജന്റ് സി.വിനോദിന്റെ പരാതി പ്രകാരമാണിത്. മുൻ എൽജെഡി നേതാവും റൂറൽ ബാങ്ക് ജീവനക്കാരനുമായ കലാജിത്ത് മടപ്പള്ളി, ഒഞ്ചിയം പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാർത്ഥിയായിരുന്ന മഠത്തിൽ സുധീർ, അഴിയൂർ ബ്രദേഴ്സ് വാട്സാപ് ഗ്രൂപ്പ് അഡ്മിൻ യാസിർ എന്നിവരും പ്രതികളാണ്. എതിർസ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ഇതിന് തെളിവ് കണ്ടെത്താനാണ് പൊലീസ് അന്വേഷണം. ഈ വിഷയത്തിൽ മനയത്ത് ചന്ദ്രൻ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വടകരയും നിയമപോരാട്ടത്തിലേക്ക് പോകും.
ചിലർ തോൽക്കണമെന്ന് സിപിഎം നിർബന്ധ പൂർവ്വം ആഗ്രഹിച്ചിരുന്നു. വിടി ബൽറാം, ശബരിനാഥൻ, കെ എം ഷാജി, അനിൽ അക്കര ഇങ്ങനെ നീളുന്നതായിരുന്നു ആ പട്ടിക. അതിൽ പെട്ട രമയും പിടി തോമസും ജയിച്ചു നിയമസഭയിൽ എത്തി. നിയമസഭയിൽ ടിപി ചന്ദ്രശേഖരന്റെ ശബ്ദമാകും താൻ ഉയർത്തുകയെന്ന് രമ പറഞ്ഞിരുന്നു. ഇതോടെ നിയമസഭയിൽ സംഭവിക്കാൻ പോകുന്നത് എന്തെന്ന് മലയാളി മനസ്സിൽ കാണുകയും ചെയ്തു. അക്രമ രാഷ്ട്രീയത്തിന്റെ ഇറയായ രമയ്ക്ക് പിന്നിൽ കേരളം അണിനിരക്കുമെന്ന സാഹചര്യവും ഉണ്ടായി. ഇതിനിടെയാണ് കേസെടുക്കലും മറ്റും.
നിയമസഭയിൽ ടിപിയുടെ ശബ്ദം ഉയരുമെന്ന് കെകെ രമ വിശദീകരിച്ചു കഴിഞ്ഞു. ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നവർക്ക് രാഷ്ട്രീയ മറുപടിയായിരുന്നു വടകരയിലെ രമയുടെ ജയം. ജന മനസ്സ് അറിയാവുന്ന ജനപ്രതിനിധിയാണ് അവർ. ഇടതു ഭരണം തുടരുന്നതിനാൽ പ്രതിപക്ഷത്താണ് രമ. എങ്ങനേയും രമയെ തോൽപ്പിക്കാൻ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കി. എന്നിട്ടും രമ ജയിച്ചു. ഇനി ലക്ഷ്യം ജനങ്ങളെ ചേർത്തു നിർത്തുകയാണ്. പറഞ്ഞ വാക്കുകൾ എല്ലാം പാലിക്കുമെന്ന് രമ പറയുന്നു.
തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനമായ ജില്ലാ ആശുപത്രിയുടെ വികസന പ്രശ്നങ്ങൾ അന്വേഷിക്കാൻ നിയുക്ത എംഎൽഎ കെ.കെ.രമ എത്തി.ത് ഇതിന്റെ ഭാഗമാണ്. ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അവർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് വടകരയിൽ വേണ്ടത്ര സംവിധാനങ്ങൾ ഉണ്ടോ എന്ന സംശവും രമയ്ക്കുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇതെല്ലാം തുടങ്ങുകയും ചെയ്തു.
ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാൾ സിപിഎമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന കെ.കെ. രമയുടെ ഒമ്പത് വർഷത്തോളമായുള്ള വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവുമ്പോൾ അന്വർഥമാവുന്നത്. ജയിച്ചത് താനല്ലെന്നും ടി.പി. ചന്ദ്രശേഖരനാണെന്നുമുള്ള കെ.കെ. രമയുടെ പ്രതികരണം അങ്ങനെ വന്നതാണ്. ടി.പിയെന്ന വാക്കുകൾ പോലും കേൾക്കുന്നത് അലോസരമാവുന്ന സിപിഎമ്മിന് രമയുടെ എംഎൽഎ. സ്ഥാനം വലിയ തിരിച്ചടി തന്നെയാണ് നൽകിയിരിക്കുന്നത്.
2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണിൽ വച്ച് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇവർക്ക് നേരെ ബോംബെറിഞ്ഞ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടർന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎം. വിട്ട് വിമതപ്രവർത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതർ ടി.പിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടി.പി. പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്.
2009- ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടി.പി. 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു. വിമതനേതാവായ ടി.പിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അൻപത്തൊന്ന് വെട്ടേറ്റ ടി.പി. ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാൻ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികൾ പക തീർത്തത്.
മറുനാടന് മലയാളി ബ്യൂറോ