- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിന്റെ ഫോട്ടോ കുത്തി നിയമസഭയിൽ വന്നാൽ ചട്ട ലംഘനം! കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്‌ക്കൊപ്പം കാറിൽ പോയാൽ കുടുംബ സ്‌നേഹം! രമയെ താക്കീത് ചെയ്യാൻ തന്നെ നീക്കങ്ങൾ; ടിപിയുടെ ബാഡ്ജ് വിഷയത്തിൽ രമയുടേത് ഗുരുതര ചട്ടലംഘനമല്ലെന്നും കണ്ടെത്തൽ
തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകരയിൽനിന്നുള്ള അംഗം കെ.കെ. രമ ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തുമ്പോഴും ട്രോളുകളും പരിഹാസ ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടരുകയാണ്. അന്തരിച്ച ടിപി ചന്ദ്രശേഖരനെ സിപിഎം ഭയക്കുന്നതിന് തെളിവായി ഈ സംഭവത്തേയും വിലയിരുത്തുന്നു.
സമര ദിവസങ്ങളിൽ അംഗങ്ങൾ ബാഡ്ജും പ്ലക്കാർഡും നിയമസഭയിൽ കൊണ്ടുവരാറുണ്ട്. സത്യപ്രതിജ്ഞാ ദിവസം ബാഡ്ജ് ധരിച്ചതു തെറ്റായ സന്ദേശം നൽകുമെന്നതിനാൽ സ്പീക്കർ കെകെ രമയെ താക്കീതു ചെയ്യും എന്നാണ് സൂചന. സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ. രമ ആരോപിച്ചിരുന്നു. സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്ററിൽ നിന്നു കൊടുത്ത പരാതിയായിരിക്കാം. പരാതി പരിശോധിച്ച് സ്പീക്കർ തീരുമാനം എടുക്കട്ടെ എന്നും കെ.കെ. രമ കളിയാക്കിയിരുന്നു. ഈ വിഷയത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ച ഇപ്പോഴും നടക്കുന്നത്.
ഭർത്താവിന്റെ ഫോട്ടോ കുത്തി നിയമസഭയിൽ വന്നാൽ ചട്ട ലംഘനം. കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്‌ക്കൊപ്പം കാറിൽ പോയാൽ കുടുംബ സ്‌നേഹം-ഇതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം. കോവിഡ് ബാധിച്ചപ്പോൾ മുഖ്യമന്ത്രിയും ഭാര്യയും കാറിൽ ആശുപത്രിയിൽ നിന്ന് വീട്ടിൽ പോയത് വിവാദമായിരുന്നു. അന്ന് പിണറായി പറഞ്ഞ കമന്റുമായി കൂട്ടിച്ചേർത്താണ് ഈ ട്രോൾ. ഏതായാലും 15-ാം നിയമസഭയിൽ ആദ്യ താക്കീത് കിട്ടുന്ന വ്യക്തിയായി രമ മാറുമെന്ന് ഉറപ്പായി.
ഈ വിഷയത്തിൽ രമയും വ്യക്തമായ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ടി.പി. ചന്ദ്രശേഖരനെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണിത്. സ്പീക്കറുടെ കസേര അടക്കം മറിച്ചിട്ട നിയമസഭയിലെ കൈയാങ്കളി സഭാചട്ടത്തിൽ ഉൾപ്പെട്ടതാണോ എന്ന് രമ ചോദിച്ചു. ഇനിയെത്ര രാഷ്ട്രീയ പോരാട്ടങ്ങൾ സഭക്ക് അകത്തും പുറത്തും കാണാനിരിക്കുന്നുവെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ പരാതിയിൽ നടപടിക്ക് തന്നെയാണ് നീക്കം.
കെ.കെ. രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ ജെ.ഡി.എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി. പ്രേമകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭാ പെരുമാറ്റചട്ടത്തിന് എതിരാണെന്നാണ് പരാതിയിൽ പറയുന്നത്. പരാതി പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ