- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഴ് മിനിറ്റുകൊണ്ട് പറഞ്ഞത് ഏഴായിരം കാര്യങ്ങൾ! ഒടുവിൽ ഇടതുപക്ഷ ശബ്ദം സഭയിൽ മുഴങ്ങിയെന്ന് വിലയിരുത്തൽ; ടിപി പേടി വീണ്ടും ചർച്ചയാക്കി പിണറായിയുടേയും എംബി രാജേഷിന്റേയും മാറി നിൽക്കൽ; കൈയടി നേടിയ ഈ കന്നിപ്രസംഗം കേൾക്കാത്തവരിൽ സഭാ നാഥനും സഭാ നേതാവും; കെകെ രമയെ ഭയക്കുന്നത് ആര്?
തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര, സാമ്പത്തിക നയങ്ങളെ വിമർശിച്ച് ആർ.എംപി എംഎൽഎ കെ.കെ. രമയുടെ നിയമസഭയിലെ കന്നിപ്രസംഗം തകർത്തു. എന്നാൽ ഈ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയൻ കേൾക്കാനായി നിയമസഭയിൽ ഇരുന്നില്ല. സ്പീക്കർ എംബി രാജേഷും ഈ സമയം ചെയറിലുണ്ടായിരുന്നില്ല. സഭാ നാഥനും സഭാ നേതാവും ഇല്ലാതെ 7 മിനിറ്റുകൊണ്ട് കാലത്തിന് വേണ്ട ഇടതുപക്ഷ നയം കെകെ രമ സഭയിൽ എണ്ണിയെണ്ണി പറഞ്ഞു.
കമ്യൂണിസ്റ്റ് നയമാണ് വാക്കുകളിൽ നിറഞ്ഞത്. ഗവർണറുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവെയാണ് രമ പൊലീസ്, സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചത്. രമയുടെ പ്രസംഗത്തെ ബെഞ്ചിലടിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സ്വീകരിച്ചത്. ഭരണപക്ഷത്ത് നിശബ്ദതയും. രമ പറഞ്ഞതെല്ലാം സോഷ്യലിസത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് ആശയങ്ങളായിരുന്നു. രമയുടെ പ്രസംഗം എങ്ങനെയാകുമെന്ന ആകാംഷയും സഭയിൽ ഉയർന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി അജ്ഞാത കാരണങ്ങളാൽ സഭയിൽ നിന്ന് മാറി നിന്നു.
സത്യപ്രതിജ്ഞയ്ക്ക് ടി പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ചാണ് രമ സഭയിൽ എത്തിയത്. ഇതിനെതിരെ നടപടി എടുക്കാൻ ശ്രമവും ഉണ്ടായി. പിന്നീട് പൊതു സമൂഹത്തിലെ എതിർപ്പു ഭയന്ന് പിന്മാറുകയും ചെയ്തു. സാധാരണ മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്ന നേതാവാണ് എംബി രാജേഷ്. പക്ഷേ രമയുടെ പ്രസംഗത്തോട് രാജേഷും അകലം പാലിച്ചു. എന്നാൽ ഇത് മനപ്പൂർവ്വമാണോ എന്ന് ആർക്കും അറിയില്ല. നന്ദിപ്രമേയത്തിൽ പ്രസംഗിക്കേണ്ടവരുടെ പട്ടിക വളരെ നേരത്തെ തയ്യാറാകും. അതുകൊണ്ട് തന്നെ ആര് എപ്പോൾ സംസാരിക്കുമെന്ന് സഭയിലുള്ളവർക്ക് അറിയാനുമാകും.
ടിപി ചന്ദ്രശേഖരന്റെ ഭാര്യയാണ് രമ. 51 വെട്ടുവെട്ടിക്കൊന്ന ടിപിയോട് ഇപ്പോഴും പക സൂക്ഷിക്കുന്നവർ സിപിഎമ്മിലുണ്ട്. ഇവർക്കെതിരെയാണ് സഭയിലും രമ ശബ്ദമുയർത്തുന്നത്. ഇത് കേൾക്കാൻ മടിയുള്ളവരാണ് സഭയിൽ നിന്നു മാറി നിൽക്കാൻ ശ്രമിക്കുന്നത്. വടകരയിൽ എങ്ങനേയും രമയെ തോൽപ്പിക്കാനായിരുന്നു ശ്രമം. ഇതിനെ തോൽപ്പിച്ചാണ് യുഡിഎഫ് പിന്തുണയോടെ ജയിച്ച് രമ സഭയിൽ എത്തിയത്. മുൻ എസ് എഫ് ഐ നേതാവാണ് രമ.
പണ്ടു പഠിച്ച ആശയങ്ങളാണ് കന്നി പ്രസംഗത്തിലും രമ നിയമസഭയിൽ ഉയർത്തി പിടിച്ചത്. ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയതിൽ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ രമ എന്നാൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും സ്വതന്ത്രവും വ്യത്യസ്തവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ടെന്ന് ഓർമിപ്പിച്ചു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടന്ന ലോക്കപ്പ് കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾവരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾപോലും അട്ടിമറിക്കപ്പെട്ടു. യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചു. ആ പൊലീസ് നയത്തിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് ഈ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
സർക്കാറിന്റെ വികസനനയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. കെ റെയിൽ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരേണ്ടത് ആർക്കാണ്. കിഫ്ബി വായ്പാ കെണിയാണ്. അത് തുറന്നുപറയാൻ സർക്കാർ തയാറാകണം.
സാധാരണ ജനത്തിന്റെ ദുരിതങ്ങൾക്ക് മുഖം കൊടുക്കാത്ത സർക്കാറിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാകില്ലെന്ന് പറഞ്ഞാണ് രമ പ്രസംഗം അവസാനിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ