- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ പ്രസംഗം താൻ കേട്ടു; അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്; മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ലെന്ന് മുഖ്യമന്ത്രി; 51 വെട്ട് വെട്ടി ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തി ചോര കുടിച്ചിട്ടും മതിയാകാത്ത കൊലയാളികൾ രമയെയും വേട്ടയാടുകയാണെന്ന് വിഡി സതീശൻ; കെ കെ രമയെ എംഎം മണി കടന്നാക്രമിച്ചപ്പോൾ പിന്തുണച്ച് പിണറായിയും
തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ കെകെ രമയ്ക്ക് എതിരായ പരാമർശത്തിൽ ഉറച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. മണി പറഞ്ഞതിൽ തെറ്റില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഒപ്പം പ്രതിപക്ഷത്തിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷം എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ നിന്ന് പുറത്തേക്ക് പോയി.
താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു മണി പറഞ്ഞു. തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പൊലീസാണ്. സഭയിൽ കിടന്നു ബഹളം ഉണ്ടാക്കിയാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്തോ അപമാനിച്ചു' എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെയും സ്പീക്കറുടെയും നിലപാടിൽ പ്രതിഷേധിച്ച് ധനാഭ്യർത്ഥന ചർച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയി. ഒരു ഭാഗം മാത്രം പറഞ്ഞ്, മറുപടി ഇല്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും ഇത് പർലമെന്ററി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും സഭ നിർത്തിവെക്കുകയും ചെയ്തു.
' ഇവിടെ ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരേ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിനെതിരേ. ഞാൻ പറയാം ആ മഹതി വിധവയായിപ്പോയത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം ജനങ്ങളെ പീഡിപ്പിച്ചയാളാണ് ആഭ്യന്ത്രരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നാണ് എന്റെ അഭിപ്രായം', - ഇതായിരുന്നു മണിയുടെ വാക്കുകൾ. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണെന്ന് കെകെ രമ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു മണിയുടേത്.
എംഎം മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്നായിരുന്നു വിഡി സതീശന്റെ വിമർശനം. സഭ പിന്നീട് വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു. കെ.കെ. രമക്കെതിരെ എം.എം. മണി നടത്തിയ പരാമർശം ഒരിക്കലും സഹിക്കാൻ പറ്റാത്തതും വേദനാജനകവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ക്രൂരമായ പരാമർശമാണ് മണി നടത്തിയത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പരാമർശം പിൻവലിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പരാമർശം പിൻവലിക്കില്ലെന്ന ധിക്കാരപരമായ നിലപാട് എം.എം. മണി സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രി അതിന് കുടപിടിച്ചു കൊടുത്തു. ഈ പരാമർശം രേഖയിൽ നിന്നും നീക്കം ചെയ്യാൻ പോലും സ്പീക്കർ തയാറായില്ല. സിപിഎമ്മിന്റെയും മുഖ്യന്ത്രിയുടെയും അനുമതിയോട് കൂടി ഗൂഢാലോചന നടത്തി ആസൂത്രിതമായി നടത്തിയ പരാമർശമാണിത്. കഴിഞ്ഞ കുറെക്കാലമായി സിപിഎം കെ.കെ. രമയെ വേട്ടയാടുകയാണ്. 51 വെട്ട് വെട്ടി ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തി ചോര കുടിച്ചിട്ടും മതിയാകാത്ത കൊലയാളികൾ രമയെയും വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതാവ് രമയെ അധിക്ഷേപിച്ച് കോഴിക്കോട് പ്രസംഗിച്ചു. അതിന്റെ തുടർച്ചയായാണ് നിയമസഭയ്ക്കകത്തും വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ