തിരുവനന്തപുരം: സഖാവ് ടിപി ചന്ദ്രശേഖരൻ ജീവിക്കുന്നു; നിയമസഭയിലും ജീവിക്കുന്നു; അത് അവരെ ഭയപ്പെടുത്തുന്നു; അതുകൊണ്ടാണ് വിമർശനത്തെ സഹിഷ്ണുതയോടെ കാണാൻ അവർക്കാകാത്തത്. വിധവ എന്ന വിധി കൽപ്പിച്ചവർ അത് വീണ്ടും വീണ്ടും പറയുന്നു. ആരാണ് കൊന്നതെന്ന് കേരളത്തിലെ പൊതു സമൂഹത്തിന് അറിയാം. പ്രതികളെല്ലാം സിപിഎമ്മുകാരായിരുന്നു. അവരെ സഹായിച്ചത് പാർട്ടിയും. എന്തിനാണ് ഒരു പ്രതിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്-ടിപിയുടെ ഓർമ്മകൾ കത്തി ജ്വലിപ്പിച്ച് കെകെ രമ വീണ്ടും. നിയമസഭയിൽ അവർ വിധവയായത് അവരുടെ വിധി. അതിൽ ഞങ്ങൾക്ക് പങ്കില്ലെന്ന എംഎം മണിയുടെ മഹതി പരാമർശത്തിൽ കെകെ രമ വീണ്ടും ആഞ്ഞടിച്ചു. നിയമസഭയിലും ഇതു തന്നെയായാരുന്നു വിഷയം. പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു. ഇന്നത്തേക്ക യോഗം പിരിഞ്ഞു. അതിന് ശേഷം ജാഥയായി പ്രതിപക്ഷം നിയമസഭയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അതിന് ശേഷമാണ് ടിപി നിയമസഭയിലും ജീവിക്കുകയാണെന്ന് രമ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ പ്രഖ്യാപിച്ചത്.

വടകര എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറഞ്ഞു. ഒരു കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ബഹളം വെക്കുന്നത് നിയമ മന്ത്രി പി രാജീവ് വിമർശിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാർട്ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.

ഈ ഘട്ടത്തിൽ സ്പീക്കർ എംബി രാജേഷ് വിഷയത്തിൽ ഇടപെട്ടു. അൺ പാർലമെന്ററി പരാമർശങ്ങൾ പിന്നീട് പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാൻ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മണിയെ ന്യായീകരിച്ചതാണ് വിസ്മയിപ്പിച്ചതെന്ന് വിഡി സതീശൻ ഇതിനോട് പ്രതികരിച്ചു. സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഹകരിക്കണം എന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാൻ മന്ത്രി എംവി ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ ഇന്നത്തെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു. സഭ ഇനി തിങ്കളാഴ്ച ചേരും. ഇതിന് ശേഷമാണ് സഭയ്ക്ക് പുറത്ത് രമ മാധ്യമങ്ങളോട് പ്രതികരിച്ചത്.

'വിധിയല്ല, അത് പാർട്ടി കോടതി വിധിച്ചതാണ്', 'ടിപിയെ കൊന്നുതള്ളിയിട്ടും സിപിഎമ്മിന് പക അടങ്ങുന്നില്ല', 'കൊല്ലാം തോൽപ്പിക്കാനാകില്ല' തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടത് പാർട്ടി കോടതിയുടെ വിധിയാണെന്ന് വി.ഡി സതീശൻ പറഞ്ഞു. അത് വിധിച്ച ജഡ്ജ് ആരാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ടിപി ചന്ദ്രശേഖരന്റെ വിധവയെ സഭയിൽ അവഹേളിച്ച എംഎം മണി പരാമർശം പിൻവലിച്ച് മാപ്പ് പറയണം. സ്ത്രീവിരുദ്ധ പരാമർശമാണ് അദ്ദേഹം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, സിപിഎമ്മിനും ഇടതുപക്ഷത്തിനും വധത്തിൽ ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി. രാജീവ് ന്യായീകരിച്ചു.

വ്യാഴാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരേ എം.എം. മണിയുടെ പരാമർശം ഉണ്ടായത്. ''ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ്. സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ ഈ പരാമർശത്തോടെ സഭയിൽ ബഹളമാരംഭിച്ചു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തിൽ തോന്നിയകാര്യമാണ് പരാമർശിച്ചതെന്നും മണി പിന്നീട് വിശദീകരിച്ചു.