തിരുവനന്തപുരം: നിയമസഭയിൽ കെകെ രമയോടുള്ള വിവേചനം തുടരുന്നു. ടിപി പകയിലാണ് ഇതെന്നാണ് ഉയരുന്ന വിലയിരുത്തൽ. നിയമസഭാ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിൽ ആഭ്യന്തരവകുപ്പ് വിവേചനം കാണിക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.കെ.രമ അവകാശ ലംഘന നോട്ടിസ് നൽകി. നിയമസഭയിൽ മുഖ്യമന്ത്രിയോട് ചോദ്യവുമായി രമ എത്തിയാലും മറ്റാരെങ്കിലും മറപടി നൽകും. ദത്ത് വിഷയത്തിലും ഇതു കണ്ടു. ഈ സാഹചര്യത്തിലാണ് രമ നടപടികളുമായി എത്തുന്നത്.

യുഎപിഎ കേസ് സംബന്ധിച്ച തന്റെ ചോദ്യത്തിനു മറുപടി നൽകിയില്ലെന്നും മറ്റ് എംഎൽഎമാർക്ക് ഇതു സംബന്ധിച്ചു പല ഘട്ടങ്ങളിലും മറുപടി നൽകിയെന്നും ചൂണ്ടിക്കാട്ടിയാണു സ്പീക്കർക്കു നോട്ടിസ് നൽകിയത്. ഈ വിഷയത്തിൽ സ്പീക്കർ എംബി രാജേഷ് എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

രമ നൽകിയ ചോദ്യങ്ങൾ:

എ) കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എത്ര പേർക്കെതിരെ യുഎപിഎ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്? പേരു വിവരങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും നൽകാമോ?

ബി) യുഎപിഎ കേസിൽ വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം, കേസിന്റെ വിശദാംശം?

സി) ഇവർ ഇതിനോടകം അനുഭവിച്ച ജയിൽവാസത്തിന്റെ കാലാവധി?

ഡി) ഈ കാലയളവിൽ യുഎപിഎ ചുമത്തപ്പെട്ട കേസുകളിൽ ശിക്ഷ വിധിച്ചതും പിൻവലിച്ചതുമായ കേസുകളുടെ വിശദാംശങ്ങൾ?

ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഉൾപ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങൾ നൽകാൻ കഴിയില്ല എന്നായിരുന്നു ആദ്യ 3 ചോദ്യങ്ങൾക്കു മുഖ്യമന്ത്രി നൽകിയ ഉത്തരം. പിൻവലിച്ച 4 കേസുകളുടെ ക്രൈം നമ്പറുകൾ നാലാമത്തെ ചോദ്യത്തിനുത്തരമായി നൽകി. എന്നാൽ മറ്റുള്ളവർക്ക് മറുപടി നൽകുകയും ചെയ്തു. ഇതാണ് അവകാശ ലംഘന ആരോപണത്തിന് കാരണം.

ഇതേ ചോദ്യമുന്നയിച്ച മറ്റ് എംഎൽഎമാർക്കു ജില്ല തിരിച്ചു മുഖ്യമന്ത്രി മറുപടി നൽകിയെന്നു രമ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ യുഎപിഎ കേസുകളുടെ വിശദാംശങ്ങൾ 2017 ഫെബ്രുവരിയിൽ പി.ടി.എ.റഹിമിനും 2017 മേയിൽ ഇ.പി.ജയരാജനും നൽകി. 2017 ഏപ്രിലിൽ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിനും എൻ.എ.നെല്ലിക്കുന്നിന്റെ ചോദ്യത്തിനും യുഎപിഎ വിചാരണത്തടവുകാരുടെ എണ്ണം നൽകി.

2017 മേയിൽ പി.കെ.ബഷീറിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ യുഎപിഎ കേസുകളുടെ വിശദാംശം ജില്ല തിരിച്ചു നൽകി. 2019 ജൂണിൽ പി.ടി.എ.റഹിമിന്റെ ചോദ്യത്തിന് പഴയ സർക്കാരിന്റെ കാലത്തെ യുഎപിഎ കേസുകൾ ഈ സർക്കാർ വേണ്ടെന്നു വച്ചതിന്റെ വിശദാംശങ്ങൾ നൽകി.

2020 മാർച്ചിൽ ലീഗ് എംഎൽഎമാരുടെ ചോദ്യത്തിന് പന്തീരാങ്കാവ് കേസ് സംബന്ധിച്ചും 2021 മാർച്ചിൽ എ.പി.അനിൽകുമാറിന്റെ ചോദ്യത്തിന് ആദ്യ പിണറായി സർക്കാരിന്റെ കാലത്തു യുഎപിഎ ചുമത്തിയ കേസുകളുടെ എണ്ണം സംബന്ധിച്ചും മറുപടി നൽകിയതു രമ ചൂണ്ടിക്കാട്ടി.