- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ? തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ': ടിപിയുടെ ബാഡ്ജ് ധരിച്ചുള്ള സത്യപ്രതിജ്ഞ വിവാദമാക്കിയ സിപിഎമ്മിന് കെ.കെ.രമയുടെ മറുപടി
തിരുവനന്തപുരം: വടകര എംഎൽഎ കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയിരിക്കുകയാണ്. രമ ബാഡ്ജ് ധരിച്ചത് വലിയ അപരാധമെന്ന വിധത്തിൽ സിപിഎം ചർച്ച ചെയ്യുമ്പോഴാണ് പുതിയ നീക്കം. കെ. കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് സ്പീക്കർക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇത് പരിശോധിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയത്.
'നിയമസഭയുടെ പെരുമാറ്റച്ചട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവിൽ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്,' സ്പീക്കർ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു കെ. കെ രമ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. എന്നാൽ ബാഡ്ജ് ധരിച്ച് എത്തിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി. പി പ്രേംകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
കെ.കെ.രമയുടെ പ്രതികരണം ഇങ്ങനെ:
'തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടേ'
വിഷയം സ്പീക്കർ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടേയെന്നും കെ കെ രമ പ്രതികരിച്ചു. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്നും രമ ചോദിച്ചു.
'എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. ഇതിലും വലിയത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതൽക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവർ'' കെ കെ രമ ടിവി ചാനലിനോട് പറഞ്ഞു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തതതെന്നും കെ കെ രമ പറഞ്ഞു.
ഗൂഢാലോചന നടത്തി വെട്ടിക്കൊന്നിട്ടും ടിപി ചന്ദ്രശേഖരന്റെ ചിത്രം പോലും സിപിഎമ്മിനെ ഇപ്പോഴും അലോസരപ്പെടുത്തുകയാണ്. കെ കെ രമയെ തോൽപ്പിക്കാൻ പലവിധത്തിൽ ശ്രമങ്ങൾ നടത്തിയിട്ടും അതെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്.
നിയമസഭയ്ക്കുള്ളിൽ യാതൊരു വിധത്തിലുമുള്ള ബാഡ്ജുകൾ ധരിക്കുവാനോ പ്രദർശിപ്പിക്കുവാനോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മാതൃകാപരമായ തീരുമാനം സ്പീക്കർ കൈക്കൊള്ളണമെന്ന് പരാതിയിൽ ടി. പി പ്രേംകുമാർ ആവശ്യപ്പെടുന്നു. ആർ.എംപി.ഐ സ്ഥാനാർത്ഥിയായ കെ. കെ രമ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് വടകരയിൽ വിജയിക്കുന്നത്.
കോൺഗ്രസ് നിരുപാധിക പിന്തുണയാണ് തനിക്ക് നൽകിയതെന്നും, നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും കെ. കെ രമ പറഞ്ഞിരുന്നു. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി ആയിരിക്കും താൻ ഇരിക്കുകയെന്നും പ്രതിപക്ഷത്തെ പിന്തുണയ്ക്കേണ്ട ഘട്ടങ്ങളിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും രമ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ