തിരുവനന്തപുരം: നിപ വ്യാപനത്തിൽ പെട്ടെന്നുള്ള ഇടപെടൽ ആവശ്യമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാൽ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു.

അധികം പകർച്ചയില്ലാതെ നിപയെ നമുക്ക് തടയാനാകുമെന്ന് കെ കെ ശൈലജ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും രോഗം വരാനുള്ള സാധ്യത വിദഗ്ദ്ധർ മുൻകൂട്ടി കണ്ടതാണ്. മുൻപ് ഉണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കണ്ണൂരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ.