ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. ദക്ഷിണ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ കെ.കെ ഹോട്ടലിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കെ.കെയുടെ അവസാന സംഗീത പരിപാടിയുടെ വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

 
 
 
View this post on Instagram

A post shared by KK (@kk_live_now)

സൗത്തുകൊൽക്കത്തയിലെ നസ്രുൽ മഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.പരിപാടിയിൽ പ്രതീക്ഷിച്ചതിലധികം ആൾക്കൂട്ടം ഉണ്ടായിരുന്നുവെന്നും 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ അതിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചതായുമാണ് വിവരം. അയ്യായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതുമൂലം കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നയും റിപ്പോർട്ടുകളിൽ പറയുന്നു.

സംഗീത പരിപാടിക്കിടെ കെ.കെ അസാധാരണമായി വിയർത്തിരുന്നതായി കാണികൾ ചൂണ്ടിക്കാട്ടുന്നു. കെ.കെ ടവൽ കൊണ്ട് മുഖം തുടയ്ക്കുന്നതും സംഘാടകരോട് എ.സി പ്രവർത്തിക്കുന്നില്ലെന്ന് പറയുന്നതുമായ വിഡിയോയും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച വേദി ഓപ്പൺ ഓഡിറ്റോറിയം ആയിരുന്നില്ലെന്നും എ.സി പ്രവർത്തിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. ഓഡിറ്റോറിയത്തിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നതായും അവർ സൂചിപ്പിച്ചു. സംഘാടകരുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചകളുണ്ടായതായും അവർ കുറ്റപ്പെടുത്തി.

കെകെയുടെ സംഗീതനിശയ്ക്ക് സാക്ഷ്യം വഹിച്ച കൊൽക്കത്ത സ്വദേശിയായ ഗായകൻ പീറ്റർ ഗോമസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. താങ്ങാനാവാത്ത ചൂട് സഹിച്ചാണ് കെകെ പരിപാടി പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പീറ്റർ ഗോമസ് ഉയർത്തുന്നത്.

പീറ്റർ ഗോമസിന്റെ കുറിപ്പ്

അദ്ദേഹം മരിച്ചതല്ല, കൊന്നതാണ്. അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നു. കെകെയുടെ മരണത്തിന്റെ ഉത്തരവാദിത്തം പരിപാടിയുടെ സംഘാടകർക്കാണ്. അവസാന ലൈവ് ഷോയുടെ പ്രേക്ഷകൻ എന്ന നിലയ്ക്ക് എല്ലാം ഞാൻ അടുത്തുനിന്ന് കണ്ടതാണ്. അതിനാൽ സത്യമാണ് ഞാൻ പറയുന്നത്. ഒരു ചെറിയ ഹാളിന് ഉൾക്കൊള്ളാവുന്നതിന്റെ നാലിരട്ടി ആളുകൾ അവിടെ കൂടിയിരുന്നു. ക്രമീകരണങ്ങളിലൊന്നും സംഘാടകർ ശ്രദ്ധിച്ചിരുന്നില്ല. ഹാളിലെ എസി സംഘാടകർ ഓഫ് ചെയ്തിരിക്കുകയായിരുന്നു. പരിപാടിയുടെ കാണികളായ ഞങ്ങൾക്കുപോലും ചൂടും വിയർപ്പും കാരണം അവിടെ ഇരിക്കാൻ കഴിഞ്ഞിരുന്നില്ല.

പരിപാടി നടക്കുന്നതിനിടെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നുമൊക്കെ പലതവണ കെകെ പറഞ്ഞു. വിയർപ്പിൽ കുതിർന്ന തന്റെ വസ്ത്രങ്ങൾ അദ്ദേഹം കാണികളെ ഉയർത്തി കാട്ടിയിരുന്നു. ടവൽ കൊണ്ട് വിയർപ്പ് പലതവണ ഒപ്പി, ഒരുപാട് വെള്ളം കുടിച്ചു അദ്ദേഹം. ഒരു ഘട്ടത്തിൽ ആകെ അസ്വസ്ഥനായ അദ്ദേഹം ചൂട് സഹിക്കാനാവാതെ സ്റ്റേജിലെ ബാക്ക്‌ലൈറ്റ് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു.

പക്ഷേ ഈ സമയത്തൊക്കെ സംഘാടകർ എന്ത് ചെയ്യുകയായിരുന്നു? ഒന്നും ചെയ്തില്ല! സ്റ്റേജിന്റെ രണ്ട് വശങ്ങളിലുമായി 50- 60 ആളുകളാണ് നിന്നിരുന്നത്. അദ്ദേഹത്തിന് പെർഫോം ചെയ്യാൻ സ്റ്റേജിൽ ആവശ്യത്തിന് സ്ഥലം പോലും ഉണ്ടായിരുന്നില്ല. വായു സഞ്ചാരത്തിനു വേണ്ട പോലും സ്ഥലം ഉണ്ടായിരുന്നില്ല.

എന്നാൽ ഈ അവസ്ഥയിൽ പോലും അദ്ദേഹം പാടി, ആടി, പെർഫോം ചെയ്തു. ആ കടുത്ത ചൂടത്ത് ഞങ്ങൾക്ക് കസേരയിൽ ഇരിക്കാൻ പോലും ആവുമായിരുന്നില്ല. ഷോ അവസാനിക്കുന്നതിനു മുൻപാണ് അദ്ദേഹം അവശനായി കാണപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തിരുന്നു.

ഹൃദയസ്തംഭനമാണ് കെ.കെയുടെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുഖത്തും തലയിലുമുണ്ടായിരുന്ന മുറിവുകൾ ഉദ്ധരിച്ച് അസ്വാഭാവിക മരണത്തിന് കൊൽക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.കെയുടെ പോസ്റ്റുമോർട്ടം ഇന്ന് കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിൽ നടത്തും.

കെ.കെ കുഴഞ്ഞുവീണ ഗ്രാൻഡ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. ജീവനക്കാരെയും സംഗീതപരിപാടിയുടെ സംഘാടകരെയും വിശദമായി ചോദ്യംചെയ്യും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൃത്യമായ മരണകാരണം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

മലയാളിയായ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ.കെ (53) ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ തടപ്പ് തടപ്പ്, തമിഴ് ഗാനം 'അപാഡി പോഡു', ദേവദാസിലെ 'ഡോലാ രേ ഡോല, വോ ലംഹേയിലെ 'ക്യാ മുജെ പ്യാർ ഹേ' എന്നിവ കെകെയുടെ ജനപ്രിയ ഗാനങ്ങളാണ്. ഓം ശാന്തി ഓമിലെ 'ആങ്കോൻ മേ തേരി', ബച്ച്ന ഏ ഹസീനോയിലെ 'ഖുദാ ജാനേ', ആഷിഖി 2 ലെ 'പിയാ ആയേ നാ' എന്നീ ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തവയാണ്.