ഫർവാനിയ: വർത്തമാന കാല പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യൻ മുസ്'ലിംകളെ നിരാശപ്പെടുത്തേണ്ടതില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കു വേണ്ടി ധീരമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു. ഇസ്ലാമിനെ യഥാവിധി ഉൾക്കൊണ്ട് സമൂഹത്തിൽ അവതരിപ്പിക്കാനും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ പടച്ചുണ്ടാക്കിയ പ്രചാരണങ്ങളെ നിർഭയമായി നേരിടാനും പൊതുപ്രശ്‌നങ്ങളിൽ ഒരുമിച്ചുനിൽക്കാനും മുസ്ലിങ്ങൾ തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച നാലാമത് ഇസ് ലാമിക് സെമിനാറിന്റെ പൊതുസമ്മേളനത്തിൽ 'ഇന്ത്യൻ മുസ് ലിംകൾ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിസ്ഥാനമില്ലാത്ത വിവാദങ്ങളുണ്ടാക്കി വിശ്വാസ പ്രബോധന സ്വാതന്ത്രത്തിന് വിലങ്ങിടാനുള്ള ശ്രമങ്ങളെ വകവെക്കാനോ ഭീതിയുടെ പ്രചാരണങ്ങൾക്ക് വഴങ്ങി ക്കൊടുക്കാനോ പാടില്ല. എന്നാൽ സമുദായത്തിനകത്ത് പരസ്പരം തീവ്രവാദ മാരോപിക്കുകയും അനാവശ്യപ്രകോപനങ്ങളുണ്ടാക്കി എതിരാളികളുടെ ജോലി എളുപ്പമാക്കുകയും ചെയ്യുന്ന അവിവേകവും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം ഉണർത്തി.

ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ആദർശപരമായ യോജിപ്പാണ് യഥാർത്ഥ മുസ്ലിം ഐക്യത്തിന്റെ അടിത്തറയെന്നും, എന്നാൽ ആദർശപരമായ വിയോജിപ്പുകളുള്ളപ്പോൾ തന്നെ പൊതു പ്രശ്‌നങ്ങളിൽ ഒന്നിച്ചുനിൽക്കുന്ന സാമുദായിക ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും 'മുസ്ലിം ഐക്യം' എന്ന വിഷയമവതരിപ്പിച്ച് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജനറൽ കൺവീനർ ടി.കെ അഷ്‌റഫ് പ്രസ്താവിച്ചു

പ്രപഞ്ചസംവിധാനം മുഴുവൻ സ്രഷ്ടാവിന്റെ നിയമങ്ങൾക്കു വഴങ്ങിയിരിക്കുന്നതു പോലെ മനുഷ്യൻ സ്രഷ്ടാവിന്റെ മാർഗ്ഗദർശനത്തിനു വഴങ്ങുന്ന സ്വയം സമർപ്പണമാണ് ഇസ് ലാം എന്ന് മുജാഹിദ് ബാലുശ്ശേരി ചൂണ്ടിക്കാട്ടി. പ്രകൃതിയുടെ മതം എന്ന വിഷയമവതിരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമ്മേളനം ഇഹ് യാഉത്തുറാസുൽ ഇസ് ലാമി ചെയർമാൻ ശൈഖ് താരിഖ് സാമി സുൽത്താൻ അൽ ഈസ ഉൽഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. മസ്ജിദുൽ കബീർ ഡയരക്ടർ റൂമി അൽ റൂമി, ആദിബ് അൽ ഗസ്സി (സൂഖുൽ ഇമാറാത്ത്), ഹാരിസ് ഐദീദ് (ഫിമ) എന്നിവർ സംസാരിച്ചു. എൻ.കെ അബ്ദുസ്സലാം സ്വാഗതവും സി.പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു