കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ സാമൂഹ്യക്ഷേമ വിഭാഗത്തിനു കീഴിൽ ആതുരസേവന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്നായി പുതുതായി രൂപം നൽകിയ കെ.കെ.ഐ.സി മെഡികെയർ ഉദ്ഘാടനം ഖുർതുബ ഇഹ്‌യാഉത്തുറാസ് ഹാളിൽ പേഷ്യന്റ്‌സ് ഹെൽപിങ് ഫണ്ട് സൊസൈറ്റി മാനേജർ ഖാലിദ് അബ്ദുല്ല അൽഹിന്ദി നിർവഹിച്ചു.

കുവൈത്തിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് സൗജന്യ മെഡിക്കൽ കേമ്പുകൾ, ആരോഗ്യ ബോധവത്ക്കരണ സെമിനാറുകൾ, ആശുപത്രികളിലെ രോഗികൾക്ക് സഹായം, ബ്ലഡ് ഡോണേഴ്‌സ് ഫോറം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ മെഡികെയറിനു കീഴിൽ സംഘടിപ്പിക്കും. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് അർഹരായ രോഗികൾക്ക് സൗജന്യ നിരക്കിൽ വിവിധ പരിശോധനകൾ നടത്താനുള്ള സൗകര്യവും ഏർപെടുത്തുന്നുണ്ട്.

ലോഞ്ചിങ് സമ്മേളനത്തിന്റെ ഭാഗമായി പ്രവാസികളും ആരോഗ്യ പരിരക്ഷയും എന്ന വിഷയത്തിൽ ഡോ. ഫിറോസ് ഇഖ്ബാൽ (ബദർ സമാ മെഡിക്കൽ സെന്റർ), ഹൃദയ രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ ഡോ. രംജിത് കുമാർ (എക്‌സിർ മെഡിക്കൽ സെന്റർ), സിപിആറും മറ്റ് പ്രഥമ ശുശ്രൂഷകളും എന്ന വിഷയത്തിൽ അബ്ദുസ്സത്താർ (സ്റ്റാഫ് നഴ്‌സ്, ഫർവാനിയ ഹോസ്പിറ്റൽ) എന്നിവർ ക്ലാസ്സെടുത്തു. സെന്റർ പ്രസിഡന്റ് അബ്ദുല്ലത്തീഫ് മദനി, മെഡികെയർ കൺവീനർ മുഹമ്മദലി, അസി. കൺവീനർ ഡോ. വി.കെ. യാസിർ, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി ഹാറൂൻ, അബ്ദുൽ അസീസ് നരക്കോട് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സകീർ കൊയിലാണ്ടി അതിഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി. പങ്കെടുത്തവർക്ക് ബദർ സമാ, എക്‌സിർ ക്ലിനിക്കുകളുടെ ഡിസ്‌കൗണ്ട് കൂപ്പണുകൾ വിതരണം ചെയ്തു. റഫീഖ് കണ്ണൂക്കര നന്ദി പറഞ്ഞു.