അബുദാബി: ഐപിഎൽ രണ്ടാംപാദത്തിലെ ആദ്യ രണ്ട് മത്സരത്തിൽ ജയം നേടി പോയിന്റ് പട്ടികയിൽ മുന്നേറിയെങ്കിലും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കാണ് മോർഗനും സംഘത്തിനും വിനയായത്.

ഐപിഎൽ പെരുമാറ്റച്ചട്ടപ്രകാരം 24 ലക്ഷം രൂപയാണ് പിഴയടയ്ക്കേണ്ടത്. മറ്റുള്ള താരങ്ങൾ അവരുടെ മാച്ച് ഫീയുടെ 25 ശതമാനവും നൽകണം. ഐപിഎൽ രണ്ടാംഘട്ടത്തിൽ പിഴ ചുമത്തപ്പെടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് മോർഗൻ. നേരത്തെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും പിഴയുണ്ടായിരുന്നു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കാണ് സഞ്ജുവിന് വിനയായിരുന്നത്. 12 ലക്ഷമായിരുന്നു സഞ്ജുവിന് പിഴ. എന്നാൽ മോർഗൻ രണ്ടാം തവണയാണ് തെറ്റ് വരുത്തുന്നത്.

ക്യാപ്റ്റൻ ഒയിൻ മോർഗന് 24 ലക്ഷം രൂപയും പ്ലേയിങ് ഇലവനിലുണ്ടായിരുന്ന മറ്റ് 10 താരങ്ങൾക്ക് ആറു ലക്ഷം രൂപ വീതവുമാണ് പിഴ. ഈ 10 താരങ്ങളിൽ മാച്ച് ഫീയുടെ 25 ശതമാനം 6 ലക്ഷത്തിൽ താഴെയുള്ളവർ ആ തുക പിഴയടച്ചാൽ മതി.

'ഈ സീസണിൽ രണ്ടാം തവണയും ഓവർ നിരക്കിൽ കുറവു വരുത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഒയിൻ മോർഗനിൽനിന്ന് ഐപിഎൽ നിയമാവലിയിലെ ചട്ടമനുസരിച്ച് 24 ലക്ഷം രൂപ പിഴയായി ഈടാക്കും. പ്ലേയിങ് ഇലവനിലുണ്ടായിരുന്ന താരങ്ങളിൽനിന്ന് ഒന്നുകിൽ ആറു ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുകയും പിഴയായി ഈടാക്കും' ഐപിഎൽ പ്രസ്താവനയിൽ അറിയിച്ചു.

രാഹുൽ ത്രിപാഠി, വെങ്കടേഷ് അയ്യർ എന്നിവർ അർധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ കൊൽക്കത്ത ഏഴു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്കായി രാഹുൽ ത്രിപാഠി 42 പന്തിൽ 74 റൺസോടെ പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യർ 30 പന്തിൽ 53 റൺസെടുത്തു. 29 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കിയാണ് കൊൽക്കത്ത ജയിച്ചത്.

ജയത്തോടെ കൊൽക്കത്ത ആദ്യ നാലിലെത്തി. ഒമ്പത് മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ആറാം സ്ഥാനത്തേക്ക് വീണു. അഞ്ചാമതുള്ള രാജസ്ഥാൻ റോയൽസിനും എട്ട് പോയിന്റുണ്ട്.