ന്യൂഡൽഹി പരിശീലനത്തിനിടെ പരുക്കേറ്റ നായകൻ കെ.എൽ. രാഹുൽ ദക്ഷിണാഫ്രിക്കയെക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്നു പുറത്ത്. രാഹുലിന്റെ അഭാവത്തിൽ, പരമ്പരയിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ അധികൃതർ അറിയിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ഫുൾടൈം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണു കെ.എൽ. രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പരയ്ക്കുള്ള നായകനായി ബിസിസിഐ നിയോഗിച്ചത്.

എന്നാൽ രാഹുലിനേറ്റ അപ്രതീക്ഷിത പരുക്കിനെത്തുടർന്ന് പന്തിനു നറുക്കു വീഴുകയായിരുന്നു. രോഹിത്തിനു പുറമേ സീനിയർ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്കും ബിസിസിഐ പുരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച (നാളെ) രാത്രി നടക്കും.

വലത് കൈക്ക് പരിക്കേറ്റ സ്പിന്നർ കുൽദീപ് യാദവിനും പരമ്പര നഷ്ടമാകും. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവർക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ യുവതാരങ്ങളുമായാണ് ഇന്ത്യ പരമ്പരയ്ക്കൊരുങ്ങുന്നത്.

ഇന്ത്യൻ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്.