കാൺപൂർ: ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് തിരിച്ചടിയായി കെ എൽ രാഹുലിന്റെ പരിക്ക്. ഇടതു തുടയിലെ പേശിവലിവിനെത്തുടർന്ന് രാഹുലിന് ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടമാവും. രാഹുലിന്റെ പകരക്കാരനായി സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി കായികക്ഷമത വീണ്ടെടുക്കുന്നതുവരെ രാഹുൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കി.

വിശ്രമം അനുവദിച്ചതിനെ തുടർന്ന് മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർ ആദ്യ ടെസ്റ്റിൽ കളിക്കില്ല. ഇവരോടൊപ്പം രാഹുൽ കൂടി ചേരുമ്പോൾ ഇന്ത്യക്ക് അത് കനത്ത തിരിച്ചടിയാകും.

കെ എൽ രാഹുലിന്റെ അസാന്നിധ്യത്തിൽ ടെസ്റ്റ് പരമ്പരയിൽ ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. രാഹുൽ കളിച്ചിരുന്നെങ്കിൽ ശുഭ്മാൻ ഗില്ലിനെ മധ്യനിരയിൽ കളിപ്പിക്കാനായിരുന്നു ടീം മാനേജ്‌മെന്റ് ആലോചിച്ചിരുന്നത്. സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും അത് രാഹുലിന്റെ പകരക്കാരൻ എന്ന നിലയില്ലായിരുന്നു.

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലും ട്വന്റി ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങിയ രാഹുലിന്റെ അഭാവം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. രോഹിക് ശർമക്ക് വിശ്രമം അനുവദിക്കുകയും ക്യാപ്റ്റൻ വിരാട് കോലി ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയ രാഹുലിൽ ഇന്ത്യക്ക് പ്രതീക്ഷകളുണ്ടായിരുന്നു.

ഇന്ത്യക്കായി 40 ടെസ്റ്റിൽ കളിച്ച രാഹുൽ 35.16 ശരാശരിയിൽ 2321 റൺസടിച്ചിട്ടുണ്ട്. 199 ആണ് ഉയർന്ന സ്‌കോർ.
രാഹുലിന് പകരം ശുഭ്മാൻ ഗിൽ ഓപ്പണറാവുന്നതോടെ ആദ്യ ടെസ്റ്റിൽ സൂര്യകുമാർ യാദവോ ശ്രേയസ് അയ്യരോ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമെന്നും ഉറപ്പായി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് 25ന് കാൺപൂരിലും രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്നിന് മുംബൈയിലും തുടങ്ങും.