- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർകോഴയിൽ തുടരന്വേഷണത്തിനും വിജിലൻസ് ഇല്ല; അഴിമതി വിട്ടൊഴിയുമ്പോൾ ആരേയും ഭയക്കാതെ മുന്നണിക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേരളാ കോൺഗ്രസ്; കൊടുത്ത വാക്ക് പാലിക്കാൻ ചെങ്ങന്നൂരിൽ സിപിഎമ്മിനെ പിന്തുണയ്ക്കാൻ ആഗ്രഹിച്ച് മാണി; വലതു മോഹവുമായി പിജെ ജോസഫും; സിപിഐയുടെ നിലപാട് മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കുമോ?
കൊച്ചി : കെ എം മാണിയും കേരളാ കോൺഗ്രസും ഇടത്തോട്ടോ വലത്തോട്ടോ? തീരുമാനം ഉടൻ മാണി എടുക്കും. കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാൻ ബിജെപിയും രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് കൂടുതൽ പ്രസക്തി കൈവന്നുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേരളാ കോൺഗ്രസിനെ പിളർപ്പിലേക്ക് തള്ളിവിടാതെയുള്ള തീരുമാനമാകും ഉണ്ടാവുക. ബാർ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുന്മന്ത്രി കെ.എം മാണി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇതോടെ ബാർ കോഴയിലെ ആശങ്കയെല്ലാം മാറി. അതിനാൽ സ്വതന്ത്രമായ തീരുമാനം എടുക്കാൻ മാണിക്കാകും. മാണിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് അന്തിമ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നു വിജിലൻസിനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. രാജേഷ് ബോധിപ്പിച്ചതിനെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. തനിക്കെതിരെ മുൻപ് രണ്ടുതവണ തുടരന്വേഷണം നടത്തിയിട്ടും തെളിവൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ വീണ്ടും തുടരന്വേഷണം നടത്തുന്നതു നിയമവിരുദ്ധമാ
കൊച്ചി : കെ എം മാണിയും കേരളാ കോൺഗ്രസും ഇടത്തോട്ടോ വലത്തോട്ടോ? തീരുമാനം ഉടൻ മാണി എടുക്കും. കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാൻ ബിജെപിയും രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് കൂടുതൽ പ്രസക്തി കൈവന്നുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേരളാ കോൺഗ്രസിനെ പിളർപ്പിലേക്ക് തള്ളിവിടാതെയുള്ള തീരുമാനമാകും ഉണ്ടാവുക. ബാർ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുന്മന്ത്രി കെ.എം മാണി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇതോടെ ബാർ കോഴയിലെ ആശങ്കയെല്ലാം മാറി. അതിനാൽ സ്വതന്ത്രമായ തീരുമാനം എടുക്കാൻ മാണിക്കാകും.
മാണിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് അന്തിമ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നു വിജിലൻസിനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. രാജേഷ് ബോധിപ്പിച്ചതിനെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. തനിക്കെതിരെ മുൻപ് രണ്ടുതവണ തുടരന്വേഷണം നടത്തിയിട്ടും തെളിവൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ വീണ്ടും തുടരന്വേഷണം നടത്തുന്നതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.എം. മാണി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്രവച്ച കവറിൽ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടു പരിശോധിച്ചശേഷം കോടതി കേസ് തീർപ്പാക്കിയതായി ഉത്തരവിടുകയായിരുന്നു. ഇതോടെ നിയമകുരുക്കുകളെല്ലാം തീരുകയാണ്. ആരേയും പേടിക്കാതെ മുന്നോട്ട് പോകാൻ മാണിക്കാകും.
പിജെ ജോസഫും മോൻസ് ജോസഫും യുഡിഎഫിന് അനുകൂല തീരുമാനം എടുക്കണമെന്ന സൂചന കെ എം മാണിക്ക് കൊടുത്തിട്ടുണ്ട്. മറുവശത്ത് സിപിഐ കെ എം മാണിയെ കടന്നാക്രമിക്കുകയും ചെയ്യുന്നു. എന്ത് വന്നാലും ഇടതുപക്ഷത്ത് മാണിയെ എടുക്കില്ലെന്നാണ് സിപിഐ പറയുന്നത്. ഈ സാഹചര്യത്തിൽ യുഡിഎഫിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് പിജെ ജോസഫ് വാദിക്കുന്നു. ഇത് മാണിയും ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ സിപിഎമ്മുമായി ചില ധാരണകൾ മാണി ഉണ്ടാക്കിയിരുന്നു. ചെങ്ങന്നൂരിൽ അടക്കം കേരളാ കോൺഗ്രസ് പിന്തുണ സിപിഎം സ്ഥാനാർത്ഥിക്ക് നൽകുമെന്ന പരോക്ഷ ഉറപ്പും നൽകി. ഇത് പാലിക്കണമെന്ന ആഗ്രഹം മാണിക്കുണ്ട്. എന്നാൽ ഇടതുപക്ഷത്ത് ഐക്യം തന്റെ കാര്യത്തിൽ ഉണ്ടാകണമെന്നാണ് മാണിയുടെ പക്ഷം.
കേരള രാഷ്ട്രീയത്തിൽ ബിജെപി മുന്നണി അപ്രസക്തമാണെന്ന നിലപാടിലാണ് മാണി. ഇടതുപക്ഷം എതിർപ്പ് തുടർന്നാൽ യുഡിഎഫിലേക്ക് തന്നെ മാണി മടങ്ങുമെന്നാണ് സൂചന. ബാർ കോഴയിൽ കുറ്റവിമുക്തനായതോടെ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണിയിൽ തീരുമാനം എടുക്കും. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മാണിയെ അനുനയിപ്പിച്ച് യുഡിഎഫിലെത്തിക്കാൻ സജീവ ഇടപെടലുകൾ നടത്തുന്നുമുണ്ട്. ഇത് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ മാണിയെ കോൺഗ്രസിലേക്ക് ഇതിനോടകം സ്വാഗതം ചെയ്തിട്ടുണ്ട്. ബാർ കോഴയിൽ കുറ്റവിമുക്തനായതും കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. കോട്ടയത്ത് യുഡിഎഫ് സാധ്യത ഉയർത്താൻ മാണിയിലൂടെ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
അതിനിടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ പിന്തുണ തേടുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ തർക്കം മുറുകുകയുമാണ്. മാണിയുമായി ബന്ധം വേണ്ടെന്ന സിപിഐ. കേരള ഘടകത്തിന്റെ നിലപാടിനെ ദേശീയ നേതൃത്വം പിന്തുണച്ചതിനു പിന്നാലെ, ഇക്കാര്യത്തിൽ എൽ.ഡി.എഫ്. തീരുമാനമെടുക്കട്ടെയെന്ന് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തു. തന്നെ നേരിട്ടുകണ്ട് സിപിഎം. സ്ഥാനാർത്ഥി സജി ചെറിയാൻ പിന്തുണ ആവശ്യപ്പെട്ടെന്ന് മാണി തുറന്നുപറഞ്ഞതോടെ വിവാദത്തിനു ചൂടേറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നു സീറ്റ് പിടിച്ചെടുത്തെങ്കിലും നേടിയ വോട്ടിന്റെ എണ്ണത്തിൽ നിസാര വർധനയേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു വോട്ട് ചോർന്നതാണു കഴിഞ്ഞ തവണത്തെ വിജയത്തിനു കാരണമെന്നു സിപിഎമ്മിനു ബോധ്യമുണ്ട്. മാണിയുടെ പിന്തുണയുണ്ടെങ്കിൽ സജി ചെറിയാൻ ജയിക്കുമെന്ന് സിപിഎം കരുതുന്നു. മാണിക്കും സിപിഎമ്മിനെ പിന്തുണയ്ക്കുന്നതിൽ എതിർപ്പില്ല. എന്നാൽ സിപിഐയുടെ വിമർശനങ്ങൾ കല്ലുകടിയുമാണ്.
ഓരോ വോട്ടും സിപിഎമ്മിനു നിർണായകമെന്നു വ്യക്തം. ഈ നിലയിലാണ് ചെങ്ങന്നൂരിൽ ഏകദേശം 3000 വോട്ടുള്ള കെ.എം. മാണിയെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം ശ്രമിക്കുന്നത്. ചെങ്ങന്നൂരിന്റെ പേരിൽ മാണിയെ സിപിഎം മുന്നണിയിലെക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിപിഐ കരുതുന്നു. അതുകൊണ്ട് തന്നെ അവർ ശക്തമായി എതിർക്കുകയും ചെയ്യുന്നു. വരുന്ന ഇടതുമുന്നണി യോഗത്തിലെ തീരുമാനമാകും ഈ തർത്തിൽ നിർണായകമാകുക. അടുത്ത യോഗം മാണിക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ഇത് മനസ്സിലാക്കിയ ശേഷമാകും മാണി നിലപാട് പ്രഖ്യാപിക്കുക. ഇടതുപക്ഷം തള്ളിയാൽ യുഡിഎഫിലേക്ക് മാണി പോകുമെന്നാണ് സൂചന.