തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം മാറ്റാൻ സിപിഎം നേരിട്ട് ഇടപെടും. ഇടതു മുന്നണിയിൽ സിപിഐയാണ് മാണിയുടെ മുന്നണി പ്രവേശനത്തിന് എതിര് നിൽക്കുന്നത്. ബാർ കോഴയിൽ കുടുങ്ങിയ മാണിയെ മുന്നണിയിൽ എടുക്കാനാവില്ലെന്നാണ് സിപിഐയുടെ പ്രഖ്യാപിത നിലപാട്. ഉഭയകക്ഷി ചർച്ചയിലൂടെ സിപിഐയുടെ എതിർപ്പ് മാറ്റാനാണ് സിപിഎം ശ്രമം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നേരിട്ടുള്ള ചർച്ചയാക്കാണ് സിപിഎം തയ്യാറെടുക്കുന്നത്. കാനവുമായി സംസാരിക്കാൻ കോടിയേരിയെ സിപിഎം ചുമതലപ്പെടുത്തിയെന്നാണ് സൂചന.

ബാർ കോഴയിൽ കോടതി മാണിയെ കുറ്റവിമുക്തനാക്കി. ഈ സാഹചര്യത്തിൽ ബാർ കോഴയുടെ കാര്യം പറഞ്ഞ് മാണിയെ അകറ്റി നിർത്താനാകില്ല. വിശാല ഐക്യമെന്ന ലക്ഷ്യത്തോടെ മാണിയെ ഇടതുപക്ഷത്തെടുക്കണമെന്നാണ് സിപിഎം നിലപാട്. സിപിഐയുടെ നിലപാട് വിശദീകരണം ബാലിശമാണെന്നും സിപിഎമ്മിന് അഭിപ്രായമുണ്ട്. ദേശീയ നേതാക്കൾ ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എടുക്കുന്നതിൽ സിപിഐയുടെ ദേശീയ നേതാക്കൾക്ക് എതിർപ്പില്ല. ഇടതുമുന്നണി വിപുലീകരണം കാലത്തിന്റെ ആവശ്യമാണെന്നാണ് സിപിഎം പക്ഷം. വീരേന്ദ്രകുമാറിന്റെ ജനതാദള്ളിനെ മുന്നണിയിലെടുക്കുന്നതിലും ഉടൻ തീരുമാനം ഉണ്ടാകും. വീരേന്ദ്രകുമാറിന്റെ കാര്യത്തിൽ സിപിഐ പൂർണ്ണമായും അനുകൂലമാണ്.

മാണിയെ ഇടതു മുന്നണിയിൽ എടുത്താൽ പിജെ ജോസഫും മോൻസ് ജോസഫും യുഡിഎഫ് പാളയത്തിൽ ഉറച്ചു നിൽക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ മാണിയെത്തിയാലും ഇടതുപക്ഷത്ത് സിപിഐക്ക് രണ്ടാം സ്ഥാനം നഷ്ടമാകില്ലെന്ന വാദമാകും സിപിഎം ഉഭയകക്ഷി ചർച്ചകളിൽ സജീവമാക്കുക. അതിനിടെ ഇനിയും കാത്ത് നിൽക്കാനാകില്ലെന്ന സൂചന മാണിയും സിപിഎമ്മിന് നൽകി കഴിഞ്ഞു. ചെങ്ങന്നൂരിന് മുമ്പ് മുന്നണി പ്രവേശനത്തിൽ തീരുമാനം എടുക്കണം. ഡിസംബറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഏറെയാണ്. ഇത് കൂടി തിരിച്ചറിഞ്ഞാണ് മാണി ഉടൻ മുന്നണി പ്രവേശനത്തിൽ തീരുമാനം എടുക്കാനൊരുങ്ങുന്നത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കെ.എം.മാണി വിഭാഗത്തിന്റേത് ഉൾപ്പെടെ എല്ലാവരുടെയും സഹായം സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ വ്യക്തമാക്കുകയും ചെയ്തു. ആരെല്ലാമായി സഹകരിക്കണമെന്ന കാര്യം ചർച്ചചെയ്തു തീരുമാനിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ചെങ്ങന്നൂരിലെ നിലപാട് പാർട്ടി വ്യക്തമാക്കുമെന്ന് കെ.എം. മാണിയും പറയുന്നു. കേരള കോൺഗ്രസിന്റെ നയങ്ങൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കും. കേരള കോൺഗ്രസിന്റെ സ്വീകാര്യത ഏറുകയാണ്. നിർണായക ശക്തിയായി പാർട്ടി മാറിയെന്നും മാണി അവകാശപ്പെടുന്നുണ്ട്.

കേരള കോൺഗ്രസ് ഏത് മുന്നണിയിലേക്കെന്ന് പ്രവർത്തകർ ആശങ്കപ്പെടേണ്ട. കേരള കോൺഗ്രസ് ആരുടെയും പിന്നാലെയല്ല. പാർട്ടി നയങ്ങളോട് യോജിക്കുന്നവരുമായി ചേർന്നു പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സഖ്യം രൂപവത്കരിക്കും. കർഷകതാൽപര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കാർഷിക മേഖലയോട് നീതിപുലർത്തുന്നവരെ പിന്തുണക്കുമെന്നും മാണി പറയുന്നു. ഈ വാക്കുകളും മാണി ഇടതുപക്ഷത്തോട് ഏറ്റവും അടുത്ത് നിൽക്കുകയാണെന്ന സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ദിവസം സജി ചെറിയാൻ തന്നെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചിരുന്നു. ഇതോടൊപ്പം തന്നെ എതിർക്കുന്ന സിപിഐയെ മുഖവിലയ്ക്കെടുക്കേണ്ടെന്നും സിപിഎം പറയുന്നുണ്ട്. ഇപ്പോഴത്തെ നീക്കം എൽഡിഎഫിലേക്ക് വരാനുള്ള മാണിയുടെ സുപ്രധാന ചുവടാണ്. മാണിയുടെ മുന്നണി പ്രവേശത്തെ നിലവിൽ സിപിഐ മാത്രമാണ് എതിർക്കുക. അതുകൊണ്ടാണ് വിഷയത്തിൽ ഉഭയക്ഷി ചർച്ചയ്ക്ക് സിപിഎം തയ്യാറെടുക്കുന്നത്. ചെങ്ങന്നൂരിൽ മാണി ഗ്രൂപ്പ് ഭരിക്കുന്ന പഞ്ചായത്തിൽ 5000 വോട്ടുകളാണുള്ളതെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇതോടൊപ്പം ക്രൈസ്തവ വോട്ടുകളും തങ്ങൾക്ക് ലഭിക്കുമെന്ന് സിപിഎം നേതാക്കൾ പറയുന്നു. ഇതാണ് മാണിയെ ഒപ്പം നിർത്താൻ സിപിഎം മുന്നിൽ നിൽക്കുന്നതിന്റെ പ്രധാന കാരണം.

സജി ചെറിയാന് ജയസാധ്യത ഉള്ളതിനാൽ മാണി ഗ്രൂപ്പ് വോട്ട് നൽകുമെന്ന് കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കോൺഗ്രസുമായി തൽക്കാലം ബന്ധം വേണ്ടെന്നാണ് മാണിയുടെ തീരുമാനം. ഇക്കാര്യം ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്. ബാർകോഴ കേസിൽ കോൺഗ്രസ് തങ്ങളെ ചതിച്ചെന്നാണ് മാണിയുടെ വാദം. എന്നാൽ മാണിയെ ഒരു തരത്തിലും വിടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. യുഡിഎഫ് വിട്ടെങ്കിലും മാണി ഇപ്പോഴും മുന്നണിക്കൊപ്പം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. മാണി നിലപാട് പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.