കോട്ടയം: ഒരു കാലത്ത് ആർക്കും വേണ്ടാതിരുന്ന രാഷ്ട്രീയ നേതാവായിരുന്ന കെ എം മണിക്ക് വേണ്ടി കടി കൂടുകയാണ് ഇപ്പോൾ സിപിഎമ്മും കോൺഗ്രസും. ദൾ പോൾ ക്ഷീണം തീർക്കാൻ മണിയെ തങ്ങളുടെ പാർട്ടിയിലേക്ക് കൊണ്ടു വരാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ സിപിഐയെ തളക്കാൻ മണിയെ ഒപ്പം നിർത്താനാണ് സിപിഎമ്മിന്റെ ശ്രമം.

യുഡിഎഫിലേക്കു കെ എം മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയേയും തിരികെ കൊണ്ടു വരാനായി കോൺഗ്രസിൽ വീണ്ടും സമവായം നടക്കുകയാണ്. മുതിർന്ന നേതാക്കൾ ഇക്കാര്യം കെ.എം. മാണിയുമായി സംസാരിക്കാൻ തീരുമാനിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനാണ് ശ്രമം. ബുധനാഴ്ച നടന്ന കെപിസിസി യോഗമാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കം സജീവമാക്കാൻ തീരുമാനിച്ചത്.

എത്രയും വേഗം മണിയെ കോൺഗ്രസിൽ തിരിച്ചെത്തിക്കണം. ഇതിനായി മുതിർന്ന നേതാക്കൾ മുൻകൈയെടുക്കണമെന്നും ഇന്നലെച്ചേർന്ന കെപിസിസി. രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. രാഷ്ട്രീയകാര്യ സമിതിക്കു മുന്നോടിയായി നടന്ന ഭാരവാഹിയോഗത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റുമാർ മാണിയെ മടക്കികൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം സിപിഎമ്മിനെ നിലയ്ക്ക് നിർത്താൻ കെ എം മാണിയെ ഒപ്പം നിർത്താനാണ് സിപിഐ ശ്രമിക്കുന്നത്. ഇതോടെ, മുന്നണി പുനഃപ്രവേശന വിഷയത്തിൽ കെ.എം.മാണിയും മകൻ ജോസ് കെ.മാണിയും കൈക്കൊള്ളുന്ന നിലപാട് നിർണായകമാകും. അതേസമയം, പാർട്ടി സിപിഎമ്മുമായി അടുക്കുന്നുവെന്ന സൂചനകളും ശക്തമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കോൺഗ്രസിന്റെ അടിയന്തര നീക്കം.

അതേസമയം എംപി. വീരേന്ദ്രകുമാറിനും ജെ.ഡി.യുവിനുമെതിരേ രൂക്ഷമായ വിമർശനമാണ് യോഗങ്ങളിലുണ്ടായത്. വീരേന്ദ്രകുമാർ മുന്നണിവിട്ടത് ആദർശത്തിന്റെ പേരിലല്ലെന്നു യോഗത്തിൽ അഭിപ്രായമുയർന്നു.അതേ സമയം, മാണി ഗ്രൂപ്പിന്റെ തീരുമാനത്തിനു കാത്തുനിൽക്കാതെ പാർലമെന്റ് തെരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാൻ നേരത്തെ നടന്ന കെപിസിസി. ഭാരവാഹിയോഗവും തീരുമാനിച്ചു.

ജെ.ഡി.യുവിനെതിരേ പി.ജെ. കുര്യനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കടുത്തവിമർശനമാണ് ഉന്നയിച്ചത് . യു.ഡി.എഫ് വോട്ടുവാങ്ങി, രാജ്യസഭാംഗമായ വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് പോയത് വിശ്വാസവഞ്ചനയാണെന്നും ഇക്കാര്യം തുറന്നുകാട്ടാൻ മുന്നണി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു. ജെ.ഡി.യു നിലപാട് മുന്നണിമര്യാദയ്ക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്തതാണെന്നു രമേശ് ചെന്നിത്തലയും പറഞ്ഞു. ജെ.ഡി.യുവിനെ പിന്തുണയ്ക്കുന്നവർ പോലും അവരുടെ മുന്നണിമാറ്റത്തോട് യോജിക്കുന്നില്ല.

അതിനാൽ ജെ.ഡി.യുവിന്റെ തീരുമാനം യു.ഡി.എഫിനെ ബാധിക്കില്ല. രാഷ്ട്രീയത്തിൽ രണ്ടുരണ്ടും നാലല്ല, ജെ.ഡി.യുവും മാണിവിഭാഗവും ഒപ്പമുണ്ടായിരുന്നപ്പോഴാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എൽഡിഎഫിലേക്കോ യുഡിഎഫിലേക്കോ എന്ന പ്രഖ്യാപനം കേരള കോൺഗ്രസിന്റെ കോട്ടയം സമ്മേളനത്തിലുണ്ടാകുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ അതിനു സമയമായിട്ടില്ലെന്നാണ് മാണി ഒടുവിൽ വിശദീകരിച്ചത്.