തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു. കരാറുകാർക്കുള്ള കുടിശിക വിതരണം ചെയ്യുന്നുണ്ടെന്നും അവശ്യ മേഖലകൾക്കെല്ലാം പണം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ കടുത്ത പ്രതിസന്ധിയാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. വിഭവ സമാഹരണത്തിനും അധിക വിഭവ സമാഹരണത്തിനും നടപടിയെടുക്കും. റവന്യൂ വരുമാനത്തിൽ ഉദ്ദേശിച്ച വർധനവുണ്ടായിട്ടില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 2015 മാർച്ച് 31 വരെയാണ് നിയന്ത്രണം. പൊതു വിപണിയിൽനിന്ന് സംസ്ഥാനം കടമെടുത്തിട്ടുണ്ട്. ഇനിയും കടമെടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചോദ്യങ്ങൾക്ക് ധനമന്ത്രി തൃപ്തികരമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കി.

ചോദ്യങ്ങളെ ധനമന്ത്രി തമാശയായി കാണുന്നുവെന്ന് വി.ശിവൻകുട്ടി എംഎൽഎ ആരോപിച്ചു. മന്ത്രിമാർ ഏതുരീതിയിൽ മറുപടി പറയണമെന്ന് വ്യക്തമാക്കാനാകില്ലെന്ന് ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ധവളപത്രം ഇറക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ ബഹളം വച്ചു.

ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തൻ ഇടപെട്ട് ബഹളം നിയന്ത്രിച്ചു. ബാർ കോഴ വിഷയത്തിലുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സഭ പ്രക്ഷുബ്ദമായിരുന്നു.