കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാൻ കോട്ടയത്ത് പാർട്ടിയിലെ പ്രാദേശിക നേതാക്കൾ ചേർന്നാണ് തീരുമാനമെടുത്തതെന്നും കോട്ടയം ഡിസിസിയുടെ അപമാനം സഹിക്കാൻ വയ്യാതെയാണ് കോട്ടയത്തെ പ്രവർത്തകർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. കോട്ടയത്തു നടന്ന സംഭവത്തെ ദുർവ്യാഖ്യാനം ചെയ്യേണെന്നും ഇത് ഏതെങ്കിലും മുന്നണിയിലേക്കുള്ള പോക്കിന്റെ ആരംഭമൊന്നുമല്ലെന്നും മാണി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കോട്ടയത്തെ പ്രാദേശിക നേതാക്കന്മാർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് മാണി പ്രതികരിച്ചത്. കേരള കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തോട് ആലോചിച്ചിട്ടല്ല ഈ തീരുമാനം എടുത്തത്. പക്ഷേ, നേതൃത്വം ഇതു സ്വാഗതം ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ചിന്തിക്കണം.

കോട്ടയം ഡിസിസി ഇതു ചോദിച്ചു വാങ്ങിയതാണ്. കേരള കോൺഗ്രസിനെ അപമാനിക്കുന്ന കാര്യങ്ങളാണ് കോട്ടയം ഡിസിസി ഇതുവരെ ചെയ്തിരുന്നത്. ഇങ്ങനെ അപമാനം സഹിക്കാൻ വയ്യാതെയാണ് കോട്ടയത്തെ കേരള കോൺഗ്രസ് പ്രവർത്തകർ ഒരു മറുപടി നൽകാൻ തീരുമാനിച്ചതെന്നും മാണി പറഞ്ഞു.

തീയുള്ള സ്ഥലത്തേ പുകയുണ്ടാകൂ. കഴിഞ്ഞ 50 വർഷമായി നിയമസഭാംഗമാണ് ഞാൻ. ഇത്രയും കാലത്തിനിടയ്ക്ക് എന്നെ എത്രപ്പേർ കല്ലെറിഞ്ഞു, ചെളിവാരിയെറിഞ്ഞു. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? കഴിഞ്ഞ 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഞാനാണ് പാലാക്കാരെ പ്രതിനിധാനം ചെയ്യുന്നത്. പാലാക്കാർക്ക് എന്നെ അറിയാം, ഞാനെടുക്കുന്ന തീരുമാനങ്ങളും അറിയാം. എനിക്ക് അവരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി.

ഓരോ പ്രശ്‌നങ്ങൾ വരുമ്പോൾ ഇത്തരത്തിൽ തീരുമാനങ്ങൾ വരും. കോട്ടയത്തേത് ഡിസിസിയോടുള്ള എതിർപ്പുകൊണ്ടാണ് വന്നത്. തെറ്റായ തീരുമാനമാണെങ്കിൽ അപ്പോൾ പറയും. ഞങ്ങളുടെ എംഎൽഎമാരും നേതാക്കന്മാരും നല്ലയാളുകളാണ്. മോൻസ് ജോസഫ് ഈ തീരുമാനം അറിഞ്ഞിട്ടില്ലെന്ന കാര്യം സത്യമാണ്. കോട്ടയത്തെ പ്രവർത്തകർ എടുത്ത തീരുമാനം ഞാനും അറിഞ്ഞിട്ടില്ലായിരുന്നു. പ്രാദേശിക നേതൃത്വമാണ് ഈ തീരുമാനം എടുത്തത്. ഞങ്ങളുടെ എംഎൽഎമാർക്കിടയിൽ ഭിന്നതയൊന്നുമില്ല. ഒരു മുന്നണി പ്രവേശനവുമായും ഇതിനു യാതൊരു ബന്ധവുമില്ല.

കേരള കോൺഗ്രസിന് വോട്ടു ചെയ്ത സി.പി.എം നിലപാട് അവസരവാദ പരമാണെന്നാണ് പറഞ്ഞത് സിപിഐയുടെ മാത്രംവാദമാണ്. പിന്നെ സിപിഐക്ക് കേരള കോൺഗ്രസിനെ പണ്ടേ പേടിയാണ്. സിപിഐയുടെ ആദ്യം മുതലുള്ള പ്രസ്താവനകൾ ശ്രദ്ധിക്കണം. ഞങ്ങളെങ്ങാനും ഇടതുമുന്നണിയിലേക്കു ചെന്നാൽ അവരുടെ സ്ഥാനം പോകുമോയെന്നാണ് അവരുടെ ഭയം.

എന്നാൽ ഇക്കാര്യത്തിൽ ചർച്ചയൊന്നും നടത്തിയിട്ടില്ല. അതു സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും ഇപ്പോൾ പ്രസക്തിയില്ല. കർഷക സംഘം എന്ന സംഘടനയ്ക്ക് ആ സംഘടനയ്ക്ക് രാഷ്ട്രീയമൊന്നുമില്ല. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് അത്തരമൊരു സംഘടന രൂപീകരിച്ചിരിക്കുന്നത്. സമാന താൽപര്യങ്ങളുള്ളവരുടെ കൂട്ടായ്മ മാത്രമാണത്.

കോൺഗ്രസിന്റെ ഒരു സ്ഥാനാർത്ഥി പരാജയപ്പെടുമ്പോൾ അവർക്ക് വിഷമം തോന്നും, അത് സാധാരണമാണ് എന്നായിരുന്നു ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ കേരള കോൺഗ്രസ് കാണിച്ചത് വഞ്ചനയാണെന്ന് ആരോപിച്ചതായ ചോദ്യത്തിന് മാണിയുടെ മറുപടി. കേരള കോൺഗ്രസ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നെന്ന് ഉമ്മൻ ചാണ്ടിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ കോട്ടയത്തേത് പ്രാദേശികമായി എടുത്ത ഒരു തീരുമാനമാണ്. കോട്ടയം ഡിസിസിയുടെ നടപടികൾ കോൺഗ്രസ് പരിശോധിക്കുകയാണ് വേണ്ടതെന്നും മാണി വ്യക്തമാക്കുന്നു.