കോട്ടയം: കോൺഗ്രസിനു നൽകിയ ഉറപ്പു ലംഘിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത പാർട്ടിയുടെ തീരുമാനം താനും മകൻ ജോസ് കെ. മാണിയും എംഎൽഎമാരും അറിഞ്ഞിട്ടില്ലെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി.

അത് പാർട്ടിയുടെ ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾ ചേർന്നെടുത്ത തീരുമാനമാണ്. കോട്ടയം ജില്ലയിലെ കോൺഗ്രസ് ഘടകം കുറേനാളായി അവരെ കുത്തിനോവിക്കുകയാണ്. അതിൽ വേദനിച്ച അംഗങ്ങൾ ചേർന്നാണ് സിപിഎമ്മുമായി സഹകരിക്കാനുള്ള തീരുമാനമെടുത്തതെന്നും, അവരുടെ തീരുമാനത്തെ തള്ളിപ്പറയില്ലെന്നും മാണി വ്യക്തമാക്കി.

പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള കരാർ ആദ്യം ലംഘിച്ചത് കോൺഗ്രസാണെന്നും മാണി ആരോപിച്ചു. അനാവശ്യ വിമർശനമുന്നയിക്കുന്ന കോൺഗ്രസ് മലർന്നുകിടന്നു തുപ്പുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യസാധ്യതയേക്കുറിച്ച് ഇടതുമുന്നണിയുമായി യാതൊരുവിധ ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും മാണി പറഞ്ഞു. സിപിഎമ്മിലേക്കു പോകാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പു സമയത്തു മാത്രമേ ഉണ്ടാകൂവെന്നും മാണി പറഞ്ഞു.

അതേസമയം, പാർട്ടിക്ക് ശക്തിയില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കോട്ടയത്ത് നടപ്പാക്കിയതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. കരാർ ലംഘനത്തിന് തുടക്കമിട്ടത് കോൺഗ്രസാണെന്ന പാർട്ടി ചെയർമാന്റെ ആരോപണം അദ്ദേഹം ആവർത്തിച്ചു. സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ നടപടി, രാഷ്ട്രീയ നെറികേടും വഞ്ചനയുമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

മാണിയും മകൻ ജോസ് കെ.മാണിയും മാത്രമാണ് കോൺഗ്രസിനെ ചതിച്ച നീക്കത്തിനു പിന്നിലെന്ന വികാരമാണ് പ്രതികരിച്ച കോൺഗ്രസ് നേതാക്കളെല്ലാം പങ്കുവച്ചത്. ഈ പശ്ചാത്തലത്തിലാണ് മറുപടിയുമായി മാണിയും ഫ്രാൻസിസ് ജോർജും രംഗത്തെത്തിയത്.