കോട്ടയം: ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മുന്നണികൾക്ക് ചർച്ചകൾക്കായി വഴിതുറന്നിട്ട് കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണി. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതോടെ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അതോടെ കേരള രാഷ്ട്രീയത്തിൽ ചില ചലനങ്ങൾ ഉണ്ടാകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ഇടതുപക്ഷത്തേക്കോ ബിജെപിയിലേക്കോ മാണി ചേക്കേറുക എന്നതും യുഡിഎഫിന്റെ ഭാഗമാകാൻ ജോസഫ് കടുംപിടിത്തം പിടിക്കുമോ എന്നതുമെല്ലാം രാ്ഷ്ട്രീയ കേരളം ചർച്ചചെയ്യുന്നതിനിടെയാണ് മാണിയുടെ മനസ്സുതുറക്കൽ.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ചെങ്ങന്നൂരിലെ നിലപാട് പാർട്ടി വ്യക്തമാക്കുമെന്ന് കെ.എം. മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ നയങ്ങൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കും. കേരള കോൺഗ്രസിന്റെ സ്വീകാര്യത ഏറുകയാണ്. നിർണായക ശക്തിയായി പാർട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യവെയാണ് മാണിയുടെ പ്രതികരണം ഉണ്ടായത്.

കേരള കോൺഗ്രസ് ഏത് മുന്നണിയിലേക്കെന്ന് പ്രവർത്തകർ ആശങ്കപ്പെടേണ്ട. കേരള കോൺഗ്രസ് ആരുടേയും പിന്നാലെയല്ല. പാർട്ടി നയങ്ങളോട് യോജിക്കുന്നവരുമായി ചേർന്നു പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സഖ്യം ഉണ്ടാകും. യോജിച്ച സഖ്യം രൂപീകരിക്കും. കർഷകതാൽപര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കാർഷിക മേഖലയോട് നീതിപുലർത്തുന്നവരെ പിന്തുണക്കുമെന്നതാണ് പാർട്ടി നിലപാടെന്നും ചെയർമാൻ വ്യക്തമാക്കി.