ചെങ്ങന്നൂർ; വിജയം നിശ്ചയിക്കാനുള്ള കരുത്ത് ചെങ്ങന്നൂരിൽ കെ എം മാണിയുടെ കേരളാ കോൺഗ്രസിനുണ്ട്. ആറായിരത്തോളം വോട്ടുകൾ മാണിക്കിവിടെ ഉണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് മാണിയെ ഉപതെരഞ്ഞെടുപ്പ് താരമായി മാറ്റുന്നത്. അതിശക്തമായ ത്രികോണ പോര് നടക്കുന്നതിനാൽ ചെങ്ങന്നൂരിൽ ആറായിരം വോട്ട് അതിനിർണ്ണായകമാണ്. ഇടതുപക്ഷത്തേക്കാണ് മാണിയുടെ മനസ്സ് ചാഞ്ഞ് നിൽക്കുന്നത്. എന്നാൽ മാണിയെ കൂട്ടാതിരിക്കാനുള്ള പ്രകോപനവുമായി സിപിഐയും സജീവം. കോൺഗ്രസും മുസ്ലിംലീഗും മാണിയെ എല്ലാം മറന്ന് സ്വാഗതം ചെയ്യുന്നു. ബിജെപിയും ചോദിക്കുന്നത് എന്തും നൽകും. അങ്ങനെ മാണി ചെങ്ങന്നൂർ ചർച്ചകളിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്.

മാണിയെ ഇടതുമുന്നണിയിൽ എടുക്കാൻ സിപിഎം തയ്യാറാണ്. എന്നാൽ സിപിഐയുടെ എതിർപ്പ് വലിയ പ്രശ്‌നവും. ചെങ്ങന്നൂരിലും സിപിഐ മാണിയെ എതിർക്കുകയാണ്. പരസ്യമായി തന്നെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു കെ.എം.മാണിയുടെ സഹായം വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. മാണി ഇല്ലാതെയാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചത്. ജനങ്ങൾ ഇടതുമുന്നണിയോടൊപ്പമാണ്. യുഡിഎഫിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവർക്കു വന്നു കയറാവുന്ന സ്ഥലമല്ല ഇടതുമുന്നണി. മാണിക്ക് അദ്ദേഹത്തിന്റെ വഴി സ്വീകരിക്കാമെന്നും കാനം പറഞ്ഞു. എങ്ങനേയും മാണിയെ ഇടതു പക്ഷത്ത് നിന്ന് അകറ്റാണാണ് കാനം ശ്രമിക്കുന്നത്. ഇതിന്റെ സൂചനയാണ് ഈ പ്രസ്താവന.

അതേസമയം തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ തുറന്നടിച്ചു. ചെങ്ങന്നൂരിൽ നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും സജി ചെയർമാൻ കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ നായർ വിജയിച്ചത് കെഎം മാണിയുടെ സഹായമില്ലാതെ ആണെന്നും, ഇത്തവണയും മാണിയുടെ സഹായം എൽഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടെന്നും കാനത്തിന്റെ നിലപാടിനെയാണ് സജി ചെറിയാൻ തള്ളിയത്. സംസ്ഥാന സർക്കാരിനെതിരെ ജനവിധിയുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിന് ബിജെപി സർവസജ്ജമാണെന്ന് പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. അങ്ങനെ ചെങ്ങന്നൂരിൽ എല്ലാവരും തയ്യാറെടുക്കുമ്പോൾ മാണി കരുതലോടെയാണ് നീങ്ങുന്നത്.

സ്വന്തം മുന്നണിയുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കാനം രാജേന്ദ്രൻ അച്ചാരം വാങ്ങിയെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നു കേരള കോൺഗ്രസ് (എം) നിലപാട് എടുത്തു കഴിഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും അങ്ങോട്ടുപോയി സഹായിക്കേണ്ട ബാധ്യത കേരള കോൺഗ്രസിനില്ല. തറവാട്ടിലെ കാരണവർ തീരുമാനം എടുക്കേണ്ട കാര്യങ്ങളിൽ കുശിനിക്കാരൻ അഭിപ്രായം പറയുന്നതു പോലെയാണ് കാനം രാജേന്ദ്രന്റെ പ്രസ്താവന എന്നും പാർട്ടി നേതൃത്വം പറഞ്ഞു. അതായത് മാണിയോട് നേരിട്ട് വോട്ട് ചോദിക്കുന്നവർക്ക് മാത്രം വോട്ടെന്നതാണ് കേരളാ കോൺഗ്രസ് നിലപാട്.

നേരത്തെ ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസ് ഇടത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് സൂചനകൾ പുറത്തുവന്നു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം എതിർത്തു. ഇതോടെയാണ് കാത്തിരിക്കാൻ തീരുമാനിച്ചത്.