തിരുവനന്തപുരം; ഭർത്താവിന്റെയും അമ്മയുടെ പേരിൽ വ്യാജ ചികിത്സാ ബിൽ നൽകി പണം തട്ടിയെന്ന ആരോപണം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക് ഊരാക്കുടുക്കാകും. പിണറായി മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്ന നാലാം വിക്കറ്റാകുമോ ശൈലജ ടീച്ചറുടേതെന്നാണ് ഉയരുന്ന ചോദ്യം. ഇപി ജയരാജനും എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും നേരത്തെ വിവിധ ആരോപണങ്ങളുടെ പേരിൽ മന്ത്രി സഭയിൽ നിന്നും രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശൈലജയ്‌ക്കെതിരായ ആരോപണങ്ങളെ കോടതിയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യം വരുന്നു. സിപിഎമ്മിന്റെ സൈബർ പോരാളികൾ പോലും ആരോഗ്യമന്ത്രിയെ പ്രതിരോധിക്കാൻ രംഗത്ത് എത്തുന്നില്ല. ആരോപണങ്ങൾ ഗൗരവതരമാണെന്ന് വിലയിരുത്തലാണ് സിപിഎമ്മിന്റെ സൈബർ സഖാക്കൾക്കുമുള്ളത്.

ആരോപണം നേരിടുന്ന ആരോഗ്യ മന്ത്രി കെകെ ഷൈലജയ്ക്കെതിരെ ലോകായുക്തയെ സമീപിക്കാനൊരുങ്ങുന്നത് കെ.എം ഷാജഹാനാണ്. നാലാം വിക്കറ്റ് താൻ എറിഞ്ഞിടുമെന്ന സൂചനയാണ് ഷാജഹാൻ മറുനാടൻ മലയാളിയോട് പങ്കുവച്ചത്. ചികിത്സയുടെ പേര് പറഞ്ഞ് നൽകിയ ബില്ലുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായും ഇത് കൃത്യമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും വ്യാജ ബില്ലുകൾ നൽകാൻ സഹായിച്ച ഡോക്ടർ ഹരികൃഷ്ണനെതിരെയും ലോകായുക്തയെ സമീപിക്കുമെന്നും ഷാജഹാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇല്ലാത്ത ഹോസ്പിറ്റലിന്റെ പേരിൽ ബില്ലുകൾ നൽകിയതുൾപ്പടെയുള്ള കാര്യങ്ങൾ കോടതിയുടെ മുൻപാകെ വാദിക്കുക താൻ തന്നെയായിരിക്കുമെന്നും ഷാജഹാൻ വ്യക്തമാക്കി.

ഭർത്താവ് തന്നെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന വ്യാജ സത്യവാങ്ങ്മൂലം നൽകിയത് ക്രമക്കേടാണ്. ഭർത്താവിന്റെയും അമ്മയുടേയും ചികിത്‌സയ്ക്കാണ് പണം വാങ്ങിയതെങ്കിലും അത് ഒപ്പിട്ടിരിക്കുന്നത് മന്ത്രി നേരിട്ടാണ്. അത് വ്യാജരേഖയാണ് എന്ന രീതിയിലാണ് ഇന്ന് പുറത്ത് വരുന്നത്. ഭർത്താവിന് മറ്റ് ജോലിയൊന്നും ഇല്ലെന്നും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും മന്ത്രി പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് കെ ഭാസ്‌കരൻ മാസ്റ്റർ എന്ന വ്യക്തി മട്ടന്നൂർ നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ളയാളാണ് എന്നതാണ്. അത് ആരും അറിയാതെ ഒളിച്ച് ചെയ്ത ജോലിയൊന്നുമല്ല.

ഇനി ജനപ്രതിനിധിയായിട്ടാണ് ആ ജോലി ചെയ്തതെങ്കിൽകൂടെ മട്ടന്നൂർ വെസ്റ്റ് പഴശ്ശി എൽപി സ്‌കൂളിലെ അദ്ധ്യാപകനായി റിട്ടയർ ചെയ്ത ആൾ എങ്ങനെയാണ് ഡിപ്പന്റൻ് ആവുക എന്നും ഷാജഡഹാൻ ചോദിക്കുന്നു. ഈ വിശദാംശവും കോടതിയിൽ ബോധിപ്പിക്കും. സർക്കാരിൽ നിന്നും പെൻഷൻ പറ്റുന്നയാളിനെ ആശ്രിതനെന്നും തന്നെ മാത്രം ആശ്രയിച്ച് കഴിയുന്നുവെന്നും മന്ത്രി ഒപ്പിട്ട് നൽകുന്നത് കൃതൃിമ രേഖയാണ്. ഒരു മന്ത്രി ഔദ്യോഗിക പദവിയിലിരുന്ന് വ്യാജ രേഖയിൽ ഒപ്പിടുന്നത് എത്ര ഗൗരവതരമാണെന്നും കോടതിയെ ബോധിപ്പിക്കും.

ചികിത്സ ചെലവ് സമർപ്പിക്കുമ്പോൾ അതിൽ ഭക്ഷണത്തിന്റെ ബിൽ ഉൾപ്പെടുത്താൻ പാടില്ലെന്നാണ് നിയമം. എന്നിട്ടും അവർ സ്വകാര്യ ആശുപത്രിയായ കിംസിൽ ചികിത്സയിൽ കഴിയുമ്പോൾ കഴിച്ച ഭക്ഷണത്തിൻെ ബില്ലും സമർപ്പിച്ചട്ടുണ്ട്. ഇതിലെല്ലാം തന്നെ മന്ത്രിയുടെ ഒപ്പും ഇട്ടിട്ടുണ്ട്. മന്ത്രിമാരും എം എൽ എമാരും ചികിത്സാ രേഖകൾ റിംബേഴ്‌സ്‌മെന്റിനായി സമർപ്പിക്കുമ്പോൾ സീനിയറായ ഒരു ഡോക്ടർ ആ രേഖകൾ സ്ഥിരീകരിക്കേണ്ടതുണ്ട്. മന്ത്രി കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ തന്റെ ഭർത്താവിന്റെയും മാതാവിന്റെയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ സർക്കാരിന് സമർപ്പിച്ചപ്പോൾ സ്ഥീരീകരണ സർട്ടിഫിക്കറ്റ് നൽകിയത് ഡോ. ആർ ഹരികൃഷ്ണൻ ആയിരുന്നു.

ഇക്കാലയളവിൽ 16 സ്ഥീരികരണ സർട്ടിഫിക്കറ്റുകളാണ് ഹരികൃഷ്ണൻ മന്ത്രിക്കായി നൽകിയത്. ഇതിൽ ഒരു സർട്ടിഫിക്കറ്റിൽ പോലും രോഗി ഏത് ആശുപത്രിയിലാണ് ചികിത്സക്ക് വിധേയനായത് എന്ന് വ്യക്തമാക്കിയിട്ടില്ല, ആ ഭാഗം സർട്ടിഫിക്കറ്റുകളിലെല്ലാം ഒഴിച്ചിട്ടിരിക്കുകായാണ്.ഈ ഡോക്ടർ മുൻകൂറായി ഒപ്പും സീലും വച്ച സർട്ടിഫിക്കറ്റുകൾ മന്ത്രിക്ക് ആവശ്യത്തിനായി ഉപയോഗിക്കാൻ നൽകിയിരുന്നു എന്നു വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ.

കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതായി സമർപ്പിച്ചിരിക്കുന്ന മുഴുവൻ രേഖകളും വ്യാജമാണെന്നും ഷാജഹാൻ പറയുന്നു. ആ രേഖയിൽ ആദ്യം പറഞ്ഞിരിക്കുന്നത് ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിട്ടില്ലെന്നാണ്. എന്നാൽ അതചിന്റെ രണ്ടാം പേജിൽ ഒരു ദിവസത്തെ എക്സിക്യൂട്ടീവ് റൂം ചാർജായി 28,600 രൂപ നൽകിയെന്നുമാണ്. രേഖ കൃതൃിമമാണെന്നതിന് ഇതിലും വലിയ വേറെ തെളിവില്ല.കൃത്രിമ രേഖ ചമയ്ച്ചതും, സത്യപ്രതിജ്ഞ ലംഘനം നടത്തിയതുമുൾപ്പടെ കുറ്റകരമായ കാരയങ്ങളാണ് കോടതിയിൽ ചൂണ്ടിക്കാണിക്കുക.

മന്ത്രിസഭയിൽ നിന്നും മുൻപ് മൂന്ന് മന്ത്രിമാർ രാജിവെച്ചതിന്റെ പിന്നാലെ നാലാമത് ഒരു മന്ത്രികൂടി രാജിവെക്കേണ്ടി വരിക എന്ന് പറഞ്ഞാൽ ഇതിൽപരം വലിയ നാണക്കേട് ഇനി സർക്കാരിന് ഉണ്ടാകാനില്ല. അഴിമതിക്കും കൊള്ളയ്ക്കുമെതിരെ സോളാർ, മെത്രാൻ കായൽ, ബാർ കോഴ എന്നിങ്ങനെ എണ്ണിപറഞ്ഞ ശേഷമാണ് വോട്ട് വാങ്ങിത്. അതിന് ശേഷം ഇപ്പോൾ വ്യക്തമായ രേഖകളോടെ അഴിമതി രേഖകൾ പുറത്ത് വന്ന് ഈ മന്ത്രിക്ക് കൂടി രാജി വെക്കേണ്ടി വന്നാൽ ഒന്നര വർഷം കൊണ്ട് നാല് മന്ത്രിമാരെ നഷ്ടമാകുന്നതിലും നല്ലത് മന്ത്രിസഭ തന്നെ രാജിവെക്കുന്നതിന് തുല്യമാണെന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയേക്കും.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും വനിതയുമായ ഒരു നേതാവാണ് ഇത്തരമൊരു ക്രമക്കേട് കാണിച്ചിരിക്കുന്നത്. അവർക്ക് ഇതിന്റെ ഗൗരവം അറിയാതെ ചെയ്തതാണെന്ന് കരുതാൻ ഒരിക്കലും കഴിയില്ല. അതുകൊണ്ട് തന്നെ ഈ മന്ത്രിക്ക് തുടരാൻ കഴിയുമോ എന്നത് പരിശോധിക്കണം. മന്ത്രിക്കെതിരെ നിരവധി രേഖകളാണുള്ളത്. ആശുപത്രിയിൽ പോയി ചികിത്സയിൽ കഴിയേണ്ട ഒരു രോഗം ഇവിടെ മന്ത്രിയുടെ ഭർത്താവിന് ഇല്ല. ജീവിത ശൈലി രോഗങ്ങൾ മാത്രമാണ് ഇതിലുള്ളത്.

ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാരിനെ കൂടുതൽ മികവുറ്റതാക്കുക എന്നതും മെച്ചപെട്ട സംവിധാനങ്ങൾ ഒരുക്കുകയെന്നതുമാണ് വകുപ്പ് മന്ത്രി എന്ന നിലയിൽ അവർ ചെയ്യേണ്ടത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് പോകാതെ സ്വകാര്യ ആശുപത്രികളിൽ പോയി ചികിത്സ തേടി സുഖചികിത്സയാക്കി മാറ്റിയ ശേഷം അതിന്റെ ബില്ല് നൽകി പണം വാങ്ങുന്നതിലൂടെ എന്ത സന്ദേശമാണ് മന്ത്രി ജനങ്ങൾക്ക് നൽകുന്നത്. തലസ്ഥാനത്ത് പുലയനാർകോട്ടയിൽ വലിയ സൗകര്യങ്ങളുള്ള പ്രമേഹ ചികിത്സ ഈ ആശുപത്രിയുള്ളപ്പോൾ മന്ത്രി സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയതിലെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.