- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎം ഷാജിയുടെ വീട് കോഴിക്കോട് കോർപറേഷൻ അധികൃതർ വീണ്ടും അളക്കും; അനധികൃത നിർമ്മാണം ക്രമപ്പെടുത്താനായി കെഎം ഷാജിയുടെ ഭാര്യ ആശ ഷാജി നൽകിയ അപേക്ഷയിൽ നടപടികൾ; പുതുക്കിയ പ്ലാനിൽ നിയമവും ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും; ലംഘനം കണ്ടെത്തിയാൽ പൊളിച്ചു നീക്കാൻ തീരുമാനം
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ പേരിലുള്ള കോഴിക്കോട്ടെ വീട് കോഴിക്കോട് കോർപറേഷൻ അധികൃതർ വീണ്ടും അളക്കും. നികുതിവെട്ടിപ്പ് നടത്തിയ ആഡംബര വീടിന്റെ അനധികൃത നിർമ്മാണം ക്രമപ്പെടുത്താനായി വീട്ടുടമ ആശ ഷാജി കോർപറേഷനിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോർപറേഷൻ അധികൃർ വീണ്ടും വീട്ടിൽ പരിശോധന നടത്തുന്നത്.
കോർപറേഷനിൽ സമർപ്പിച്ച പുതുക്കിയ പ്ലാനിൽ നിയമവും ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്നായിരിക്കും പരിശോധിക്കുക. നേരത്തെ കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ അനധികൃത നിർമ്മാണം നടന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വീട് പൊളിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് വീട്ടുടമ ആശ ഷാജിക്ക് കോർപറേഷൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ചതോടെയാണ് പുതുക്കിയ പ്ലാനും അപേക്ഷയുമായി ആശ ഷാജി കോർപറേഷനെ സമീപിച്ചത്. ഈ അപേക്ഷയിൽ പരിശോധന നടത്താനാണ് കോർപറേഷൻ അധികൃതർ വീണ്ടും ഷാജിയുടെ വീട്ടിലെത്തുക.
3200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാനാണ് കോർപറേഷൻ അനുമതി നൽകിയിരുന്നത്. എന്നാൽ 5420 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് ഷാജി നിർമ്മിച്ചത് എന്നാണ് കോർപറേഷൻ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കേർപറേഷൻ അളന്ന രീതി തെറ്റാണെന്നും 4500 ചതുരശ്ര അടി മാത്രമെ വിസ്തീർണ്ണമൊള്ളൂ എന്നാണ് ഷാജിയുടെ വാദം. ഷാജിയുടെ വാദം അംഗീകരിച്ചാൽ തന്നെ കോർപറേൻ നൽകിയ അനുമതിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.
ഷാജിയുടെ ഈ വാദം പരിഗണിക്കുകയാണെങ്കിൽ പേലും ആശ ഷാജി പുതിയ അപേക്ഷയോടൊപ്പം നൽകിയ പുതുക്കിയ പ്ലാനിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അപേക്ഷക്കൊപ്പം നൽകിയ രേഖകളുടെ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥർ കെഎം ഷാജിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഭാര്യ ആശ ഷാജിയുടെ പേരിൽ കോഴിക്കോട് നഗരസഭയിൽ ഉൾപ്പെടുന്ന വേങ്ങേരി താലൂക്കിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കോർപറേഷൻ നൽകിയ അനുമതികൾ ലംഘിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത് എന്ന് അന്നു തന്നെ കണ്ടെത്തിയിരുന്നു. നിയമാനുസൃതം ആഡംബര നികുതി അടക്കേണ്ട കെട്ടിടമാണെങ്കിലും നാളിതുവരെയും ഈ ഇനത്തിൽ നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തി.
വേങ്ങേരി വില്ലേജിൽ സർവ്വെ നമ്പർ 62ലാണ് വീട് നിർമ്മാണത്തിനായി കോഴിക്കോട് കോർപറേഷൻ പെർമിറ്റ് നൽകിയിരിക്കുന്നത്. 3200 ചതുരശ്ര അടിക്ക് താഴെയുള്ള വീട് നിർമ്മിക്കുന്നതിനാണ് കോർപറേഷനിൽ നിന്നും അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഭാര്യ ആശ ഷാജിയുടെ പേരിൽ കെഎം ഷാജി എംഎൽഎ നിർമ്മിച്ചിരിക്കുന്നത് 5420 ചതുരശ്ര അടി വലിപ്പമുള്ള ആഡംബര വീടാണ്. 2016ൽ തന്നെ ഇത്തരത്തിൽ അനുമതിയിൽ പറയുന്നതിനേക്കാൾ വലിപ്പത്തിൽ വീട് നിർമ്മിച്ചത് കണ്ടെത്തിയിരുന്നു. 2016ൽ വില്ലേജ് ഓഫീസർ ഇത് അളന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നിയമപ്രകാരം 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് ആഡംബര നികുതി അടക്കണമെന്നാണ് ചട്ടം. ഇത് കാണിച്ച് 2016ൽ തന്നെ കെട്ടിട ഉടമ ആശ ഷാജിക്ക് കോർപറേഷൻ അധികൃതർ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും ഈ ഇനത്തിലേക്ക് കോർപറേഷനിൽ ഇവർ നികുതി അടച്ചിട്ടില്ല. രണ്ട് നിലയുള്ള വീടാണ് നിർമ്മിക്കുന്നത് എന്ന് കാണിച്ചാണ് നേരത്തെ കോർപറേഷനിൽ അനുമതിക്ക് അപേക്ഷ നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് നിലയുള്ള വീട് നിർമ്മിക്കാനുള്ള അനുമതിയാണ് കോർപറേഷൻ നൽകിയത്.
എന്നാൽ ഈ വീട് ഇപ്പോഴുള്ളത് മൂന്ന് നിലകളായിട്ടാണ്. മാത്രവുമല്ല വീട് നിർമ്മാണത്തിന് അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് കോർപറേഷനിൽ അതു സംബന്ധിച്ച വിവരം രേഖാമൂലം നൽകണം. ഇല്ലെങ്കിൽ അനുമതി റദ്ദാകുമെന്നും ചട്ടമുണ്ട്. എന്നാൽ ഇത്രയും കാലത്തിനിടയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചതുമായി ബന്ധപ്പെട്ട കടലാസുകൾ കെഎം ഷാജി കോർപറേഷനിൽ നൽകിയിട്ടില്ലെന്നാണ് കോർപറേഷൻ ടൗൺപ്ലാനിങ് വിഭാഗത്തിൽ നിന്നും അറിയുന്നത്. അതു കൊണ്ട് തന്നെ വേങ്ങേരിയിലെ കെഎം ഷാജിയുടെ വീട് നിർമ്മാണം അനധികൃതമാണെന്നും കോർപറേഷൻ വിലയിരുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ