- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎം ഷാജിയുടെ വീട്ടിലെ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോർപറേഷൻ വീണ്ടും നിരസിച്ചു; ഇന്ന് പുതിയ നോട്ടീസ് നൽകും; നടപടി പിഴയും നികുതിയും അടക്കാത്തതിനെ തുടർന്ന്; വീട് നിർമ്മാണത്തിന് ഭൂമി കയ്യേറിയെന്ന് പുതിയ ആരോപണവും
കോഴിക്കോട്: കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലെ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്താനായി നൽകിയ അപേക്ഷ കോഴിക്കോട് കോർപറേഷൻ നിരസിച്ചു. പുതുക്കിയ പ്ലാനിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് അപേക്ഷ നിരസിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. പുതുക്കിയ പ്ലാനിലും വീടിന്റെ നിർമ്മാണത്തിലും വീണ്ടും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് വീണ്ടും വീട്ടുടമയായ കെഎം ഷാജിയുടെ ഭാര്യ ആശ ഷാജിക്ക് കോർപറേഷൻ നോട്ടീസ് നൽകും. മാത്രവുമല്ല ക്രമപ്പെടുത്തൽ നടപടികളിലേക്ക് കടക്കണമെങ്കിൽ ഇതുവരെയുള്ള നികുതിയും പിഴയും അടക്കേണ്ടതുണ്ട്. ഇതുവരെയുള്ള നികുതിയും പിഴയുംചേർത്ത് 1.53 ലക്ഷം രൂപ കോർപറേഷനിൽ അടയ്ക്കാൻ നിർദ്ദേശം നൽകിയരുന്നെങ്കിലും ഈ തുക ഇതുവരെയും കോർപറേഷനിൽ അടച്ചിട്ടില്ല. ഇതും അപേക്ഷ നിരസിക്കാൻ കാരണമായി.
200 ചതുരശ്ര അടിയിൽ നിർമ്മിക്കാനായിരുന്നു അനുമതിയെങ്കിലും 5420 ചതുരശ്ര അടി വലിപ്പത്തിലാണ് വീട് നിർമ്മിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് വീട് പൊളിച്ചുമാറ്റാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനുള്ള നോട്ടീസ് നൽകി. എന്നാൽ നോട്ടീസിന് മറപുടിയായി പുതുക്കിയ പ്ലാനും അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്താനുള്ള അപേക്ഷയും മാത്രമാണ് ആശ ഷാജി കോർപറേഷനിൽ നൽകിയത്. നോട്ടീസിൽ പറഞ്ഞിരുന്ന പഴിയും ഇതുവരെയുള്ള നികുതിയും അടച്ചിരുന്നില്ല.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാടി ഇന്ന് നൽകുന്ന നോട്ടീസിൽ വീടിനെ സംബന്ധിച്ച് പുതിയതായി ഉയർന്നിരിക്കുന്ന ആരോപണങ്ങളും പരാമർശിക്കും. വീട് നിർമ്മാണത്തിനായി ഭൂമി കയ്യേറിയെന്നും ആഡംബര വീട് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചുവെന്നുമാണ് കെഎം ഷാജിയുടെ കോഴിക്കോട്ടെ വീടുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന പുതിയ ആരോപണങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ