തിരുവനന്തപുരം: കെ എം ഷാജി എംഎൽഎയുടെ വീട്ടിൽ നിന്നും അരക്കോടിയോളം രൂപ വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തതിന് പിന്നാലെ കെ എം ഷാജി ചായ കുടിക്കുന്ന ചിത്രം ട്രോളാക്കി ഇടത് അനുകൂലികൾ.

വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെ കെ എം ഷാജി 'കൂസലില്ലാതെ ചായ കുടിക്കുന്ന ചിത്രം യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

'വീട്ടിൽ വിജിലൻസ് റെയ്ഡ്, വീട്ടുകാരൻ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് കെ എം ഷാജിയെ ആളുകൾ പോരാളിയെന്ന് വിളിക്കുന്നതും, കെ ടി ജലീലിനെ പരിഹസിക്കുന്നതും' എന്നായിരുന്നു മുസ്ലിം ലീഗ് എംഎഎൽയുടെ ചിത്രത്തിനൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.



ഉച്ചയ്ക്ക് ഒരു മണിയോടെ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം 336 പേർ ഷെയർ ചെയ്തു. 7,700ലധികം പേരാണ് പോസ്റ്റിനോട് റിയാക്ട് ചെയ്തിരിക്കുന്നത്. കെ എം ഷാജിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയോളം പിടിച്ചെടുത്തെന്ന വാർത്ത വന്നതിന് പിന്നാലെ രാഹുലിന്റെ പോസ്റ്റിന് താഴെ ട്രോളുകളുമായി എത്തിയിരിക്കുകയാണ് എൽഡിഎഫ് അനുകൂലികൾ.

കെ എം ഷാജിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയോളം വിജിലൻസ് പിടിച്ചെടുത്തു. എംഎൽഎയുടെ കണ്ണൂരിലെ വസതിയിൽ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലേയും വീടുകളാണ് റെയ്ഡ് ചെയ്തത്. അരക്കോടി രൂപ കണ്ടെത്തിയ സാഹചര്യത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

എംഎൽഎയ്ക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്റെ വർധനവുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ കോടതിയിൽ റിപ്പോർട്ടായി സമർപ്പിച്ചിരുന്നു.

2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുള്ളതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. 2,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചെന്നും വിജിലൻസ് ചൂണ്ടിക്കാണിക്കുന്നു