- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി വൈകിയിട്ടും കെ എം ഷാജി എംഎൽഎയെ ചോദ്യംചെയ്യുന്നത് അവസാനിപ്പിക്കാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; പന്ത്രണ്ടാം മണിക്കൂറിലും ചോദ്യം ചെയ്യൽ തുടരുന്നു
കോഴിക്കോട്: കെഎം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് പന്ത്രണ്ടാം മണിക്കൂറിലും തുടരുന്നു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ നടപടി രാത്രി വൈകിയും തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെൻറ് ഉദ്യേഗസ്ഥർ കെ എം ഷാജിയെ ദീർഘനേരം ചോദ്യം ചെയ്യുന്നത്. ഇന്നലെ കെ എം ഷാജിയെ പതിമൂന്നര മണിക്കൂറോളമാണ് ഇഡി ചോദ്യം ചെയ്തത്.
കണ്ണൂർ ജില്ലയിലെ അഴിക്കോട് മണ്ഡലത്തിൽ തൊട്ടടുത്തായി സഥിതി ചെയ്യുന്ന രണ്ട് സ്കൂളുകളാണ് മീൻകുന്ന് ഗവ.സ്കൂളും അഴിക്കോട് ഹൈസ്കൂളും. അഴിക്കോട് ഹൈസ്കൂൾ എയ്ഡഡ് മേഖലയിലാണ്. വർഷങ്ങളായി അഴീക്കോട് ഹൈസ്കൂൾ ഹയർസെക്കണ്ടറി അനുവദിച്ചു കിട്ടുന്നതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്തൊരു സർക്കാർ സ്കൂളുള്ളത് ഇതിന് തടസ്സമായി നിന്നു. ഈ ഘട്ടത്തിലാണ് അന്നത്തെ യുഡിഎഫ് സർക്കാറിൽ സമ്മർദ്ദം ചെലുത്തി ഹയർസെക്കണ്ടറി ക്ലാസുകൾ നേടിയെടുക്കാൻ സ്കൂൾ മാനേജ്മെന്റ് ആലോചിക്കുന്നത്. അതിനായി അന്ന് വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന മുസ്ലിം ലീഗിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുകയും ചെയ്തു. മുസ്ലിം ലീഗിന്റെ പൂതപ്പാറ ശാഖ കമ്മറ്റിയെയാണ് സ്കൂൾ മാനേജ്മെന്റ് ഇതിനായി ബന്ധപ്പെട്ടത്.
പൂതപ്പാറ ശാഖ കമ്മറ്റി ജില്ല കമ്മറ്റിയുമായി ആലോചിച്ച് ഹയർസെക്കണ്ടറിയിൽ ഒരു അദ്ധ്യാപകനെ നിയമിക്കാനുള്ള അവകാശം തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്ലാസുകൾ അനുവദിക്കുന്നതിന് മുമ്പ് തന്നെ സ്കൂൾ മാനേജ്മെന്റ് ലക്ഷങ്ങൾ തലവരിപ്പണം വാങ്ങി നിയമനങ്ങൾ പൂർത്തിയാക്കിയിരുന്നു. അദ്ധ്യാപക പോസ്റ്റിന് പകരം ഒരു അദ്ധ്യാപകനിൽ നിന്നും മാനേജ്മെന്റ് തലവരിപ്പണമായി വാങ്ങിയിരുന്ന 25 ലക്ഷം രൂപ മുസ്ലിം ലീഗ് പൂതപ്പാറ ശാഖ കമ്മറ്റിക്ക് നൽകാമെന്ന് സ്കൂൾ മാനേജ്മെന്റ് പറയുകയും പൂതപ്പാറ ശാഖ കമ്മറ്റി അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ പൂതപ്പാറ ശാഖ കമ്മറ്റി മുസ്ലിം ലീഗിന്റെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിൽ സമ്മർദ്ദം ചെലുത്തി 2014ൽ സ്കൂളിന് പ്ലസ്ടു ക്ലാസുകൾ അനുവദിക്കുകയും ചെയ്തു.
പ്ലസ്ടു ലഭിച്ചിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നതോടെ മുസ്ലിംലീഗ് പൂതപ്പാറ ശാഖ നേതൃത്വം സ്കൂൾ മാനേജറെ സമീപിച്ചു. മാനേജർ പറഞ്ഞത് എംഎൽഎ പണം നൽകേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ്. മുസ്ലിം മാനേജെമന്റുകളിൽ നിന്ന് മാത്രം ഇത്തരം ആവശ്യങ്ങൾക്ക് പണം വാങ്ങിയാൽ മതിയെന്നും എംഎൽഎ ഇതന്വേഷിച്ച് വന്ന പ്രവർത്തകരോട് അന്ന് പറഞ്ഞു. പിന്നീട് 2107ൽ നടന്ന സ്കൂളിന്റെ ജനറൽബോഡി മീറ്റിംഗിലാണ് എംഎൽഎ നടത്തിയ വെട്ടിപ്പ് പുറത്തായത്. സ്കൂളിന്റെ വരവ്ചെലവ് കണക്കിൽ പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ ചെലവായതായി കാണിച്ച് കണക്ക് അവതരിപ്പിച്ചു.
ഈ തുക വാഗ്ദാനം ചെയ്തിരുന്ന മുസ്ലിംലീഗ് പൂതപ്പാറ ശാഖ കമ്മറ്റിക്ക് ഇത് ലഭിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ തങ്ങൾക്ക് ലഭിക്കാത്ത ഈ പണം മറ്റാരാണ് കൈപറ്റിയതെന്ന് അന്വേഷിക്കുന്നത്. മാജേരിൽ നിന്നും അറിയാൻ കഴിഞ്ഞതാകട്ടെ പണം വാങ്ങേണ്ടതില്ലെന്ന് ശാഖ കമ്മറ്റിയോട് പറഞ്ഞ എംഎൽഎ കെഎം ഷാജി തന്നെയാണ് പണം വാങ്ങിയത് എന്നാണ്. ഇത് ചോദിക്കാനായി കെഎം ഷാജിയുടെ വീട്ടിലെത്തിയ പ്രവർത്തകരോട് പാർട്ടിക്ക് വേണ്ടിയാണ് താൻ പണം വാങ്ങിയതെന്നും നിങ്ങൾക്കൊന്നും എന്നെ ഒന്നും ചെയ്യാനാകില്ലെന്നും കെഎം ഷാജി വെല്ലുവളിച്ചു. 'ഞാൻ പണം വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ' എന്ന കെഎം ഷാജിയുടെ ഈ വെല്ലുവിളിയാണ് ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഷാജിയെ എത്തിച്ചിരിക്കുന്നത്. ഷാജിക്ക് എവിടെ നിന്നാണ് ഇത്രയധികം സ്വത്തുണ്ടായത് എന്ന സാധാരണ മുസ്ലിം ലീഗ് പ്രവർത്തകർ പോലും ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ വെല്ലുവിളിയാണ്.
കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്നാണ് ഇഡിയുടെ ആദ്യ അന്വേഷണം.വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വെക്കാൻ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചെന്ന് കെ എം ഷാജി ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. അഞ്ച് ജൂവലറികളിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും വീട് പൂർത്തിയാക്കാൻ എടുത്തുവെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്. അഴീക്കോട് സ്കൂളിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങിയിട്ടില്ലന്നാണ് ഷാജി ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എംഎൽഎയുടെ വിദേശയാത്രകളെക്കുറിച്ചും ചോദിച്ചറിയും.
മറുനാടന് ഡെസ്ക്