തൃശ്ശൂർ: അഴീക്കോട് എംഎൽഎ സ്ഥാനത്ത് നിന്നും തന്നെ അയോഗ്യനാക്കിയ കേസ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ വൃത്തികെട്ട മനസ്സിൽ നിന്ന് ഉണ്ടായതാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കോടതി ആറ് വർഷമല്ല അറുപത് വർഷത്തേക്ക് അയോഗ്യത കൽപ്പിച്ചാലും അത് തന്നെ വലിയ രീതിയിൽ ബാധിക്കുമായിരുന്നില്ലെന്നും എന്നാൽ വർഗീയ വാദം നടത്തി എന്ന പരാമർശം തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമാണെന്നും കെ.എം ഷാജി പറഞ്ഞു

വിലക്കും അയോഗ്യതയും എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാൻ അതൊന്നും വലിയ കാര്യമായി കാണുന്നുമില്ല. ഞാൻ ആരാണ് എന്താണ് എന്ന് എനിക്ക് കൃത്യമായി അറിയാം. കോടതി വിധിയുടെ പേരിലൊന്നും എന്റെ ക്രഡിബിലിറ്റി തകരില്ല. വിശ്വാസ്യത എന്നത് എന്റെ കൈമുതലാണ്.20 ശതമാനം മാത്രം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ എങ്ങനെ വർഗീയ പ്രചരണം നടത്തി വിജയിക്കും. പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ചതുപോലെയുള്ള ഒരു ലഘുലേഖയും ഞാൻ ഇറക്കിയിട്ടില്ല.

അതാണ് ഏറ്റവും വലിയ തട്ടിപ്പായി അവർ കോടതിയിൽ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അത്തരമൊരു ലഘുലേഖ തിരുകിക്കയറ്റുകയായിരുന്നു. അങ്ങനെയൊരു ലഘുലേഖ ജീവിതത്തിൽ അടിച്ചിട്ടില്ല. ഞാൻ അടിക്കുകയുമില്ല.സ്വാഭാവികമായും അപ്പീൽ നൽകുകയും അല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്യും. ഈ കറ കഴുകിക്കളയേണ്ടതാണ്. 20 ശതമാനം മുസ്ലിം വിഭാഗം ഉള്ള മണ്ഡലത്തിൽ ഉള്ളവർ വിചാരിച്ചാൽ തന്നെ ജയിപ്പിക്കാൻ കഴിയില്ലെന്നും പരാജയപ്പെടുത്താനെ ആ വോട്ടുകൾ ഉപയോഗിക്കാൻ കഴിയുകയുള്ളു.

ആറുവർഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചെലവ് ഇനത്തിൽ 50,000 രൂപ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്.അതേസമയം, അഴീക്കോട് മണ്ഡലത്തിൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാൻ കെ.എം ഷാജി ജനങ്ങൾക്കിടയിൽ വർഗീയമായ പ്രചരണം നടത്തിയെന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനു പിന്നാലെ നികേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.