സിഡ്‌നി: സിഡ്‌നിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊഗരാ മലയാളി കമ്മ്യൂണിറ്റിയുടെ 'ഓണം 2014' ചടങ്ങുകൾ മലയാളത്തനിമയുടെ പ്രതീതിയിൽ വേദിയെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാക്കി മാറ്റി.

കണ്ണിനും കാതിനും കുളിർമ്മയേകിയ ഇരുപതിൽപ്പരം കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ ചടങ്ങിന് കൊഴുപ്പേകി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പൊന്നിൻ ചിങ്ങമാസത്തിലെ മാവേലിയുടെ വരവേൽപ്പിന് സമാനമായി മുത്തുക്കുടയുടെയും താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയുള്ള മഹാബലിയുടെ വരവ് മലയാളികളുടെ മനസ്സിൽ ചരിത്രത്തിന്റെ സമാനതകൾ വിളിച്ചറിയുക്കുന്നതായിരുന്നു.

പൊന്നോണത്തിന്റെ ഐതീഹ്യത്തിന്റെ ചരിത്രമോതുന്ന ഓണപ്പൂക്കളം, തിരുവാതിര, പുലിക്കളി, ശിങ്കാരിമേളം എന്നിവ കെ.എം.സി.യുടെ ഓണത്തിന്റെ മാറ്റുരയ്ക്കുന്നവയായിരുന്നു.

കെ.എം.സി. ഓണം 2014 ലക്കിഡ്രോ ബംമ്പർ പ്രൈസ് കുമരകം ബോട്ട് യാത്രയും, എൽ.സി.ഡി. ടെലിവിഷനും സോണി കരസ്ഥമാക്കി. രണ്ടാം സമ്മാനമായ സൈക്കിൾ ഷൈജു അഗസ്റ്റിയൻ കരസ്ഥമാക്കി. കെ.എം.സി. ഓണം പ്രോഗ്രാം കൺവീനർ സോണി തോമസ് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ച ഓണാഘോഷങ്ങൾക്ക് റിന്റോ ആന്റോ, ബെന്നി ജോസഫ് എന്നിവർ നേതൃത്വം നൽകി. കെ.എം.സി. സെക്രട്ടറി ജിനേഷ് കുമാർ സ്വാഗതവും ജോൺസൺ ജോസഫ് നന്ദിയും പറഞ്ഞു.