ദുബൈ: സാമൂഹ്യ -സാംസ്‌കാരിക - ജീവകാരുണ്യ രംഗത്തെ മികച്ച സേവനത്തിനു കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് അലുംനി ഏർപ്പെടുത്തിയ സോഷ്യൽ ഡിഗ്‌നിറ്റി അവാര്ഡിന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹമാനെ തെരെഞ്ഞെടുത്തു. ഇ.എം.ഇ.എ കോളേജ് യൂണിയൻ മുൻ ചെയർമാനും സാമൂഹ്യ - സാംസ്‌കാരിക - മത വിദ്യാഭ്യാസ നിയമ മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന അഡ്വക്കേറ്റ് പി.കെ ഫൈസലിന്റെ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

ചന്ദ്രിക പത്രാധിപർ സി.പി സൈതലവി, ബഷീർ തോട്ടിയൻ, വി.പി സലീം, പി.അബ്ദുൽ ജലീൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. എം.എസ്എ.ഫ് തിരൂർ താലൂക്ക് പ്രസിഡന്റ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ച പുത്തൂർ റഹ്മാൻ യു.എ.ഇയിൽ നിഖില മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭാ ശാലിയാണ്. കോഴിക്കോട് സർവകലാശാലയിൽ നിന്നും അറബിക്കിൽ ബിരുദം നേടിയ അദ്ദേഹം ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഡിപ്പാർട്‌മെന്റിൽ മാനേജർ ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മികച്ച കലാ കാരനും സഹൃദയനുമാണ്.

എം.ഇ.എസ് രക്ഷാധികാരി, ഫുജൈറ ആർട്ട് ലവേഴ്‌സ് അസ്സോസിയേഷൻ മുഖ്യ രക്ഷാധികാരി, ഫുജൈറ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, കോട്ടക്കൽ ഇസ്ലാമിയ ചാരിറ്റബിള് ട്രസ്റ്റ് ചെയർമാൻ, കൈപ്പമംഗലം ഹിറ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് ചീഫ് ട്രസ്റ്റി, യു.എ.ഇ ഗൾഫ് മലയാളി കോർഡിനേഷൻ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി, മിഡ്ഡിൽ ഈസ്‌റ് ചന്ദ്രിക ഗവേർണിങ് ബോഡി മുഖ്യ രക്ഷാധികാരി, വളാഞ്ചേരി ഫ്‌ളോറ അമ്യൂസ്‌മെന്റ് പാർക്ക് ചെയർമാൻ, എൻ.ആർ.ഐ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

തിരുവനന്തപുരം സാഹിത്യ വേദിയുടെ ബെസ്റ്റ് സോഷ്യൽ കോൺട്രി ബ്യൂട്ടർ അവാർഡ്, മലയാളം രത്‌ന പുരസ്‌കാരം, ദർശന ടി.വിയുടെ ബെസ്റ്റ് എൻ.ആർ .ഐ സോഷ്യൽ വർക്കർ അവാർഡ്, മീഡിയ വൺ ടി വി യുടെ എൻ.ആർ.ഐ സോഷ്യൽ വർക്കർ അവാർഡ്, ഡ്രീം വേൾഡ് ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്, കേരള സാഹിത്യ വേദിയുടെ ഗൾഫ് കൾച്ചറൽ അവാർഡ്, ആനപ്പടിക്കൽ ട്രസ്റ്റ് ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്, ബഹ്‌റൈൻ കെ.എം.സി.സി റിമാർക്കബിൾ സർവിസ് ടു ദി സൊസൈറ്റി അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

മാർച്ച് 30 വെള്ളിയാഴ്ച അജ്മാനിലെ വുഡ്ലേം പാർക്ക് സ്‌കൂളിൽ വെച്ച് നടക്കുന്ന കൊണ്ടോട്ടി ഇ.എം.ഇ എ കോളേജ് അലുംനി യു.എ.ഇ ചാപ്റ്ററിന്റെ മെഗാ അലുംനി മീറ്റ് 'എമിസ്റ്റാൾജിയ 2018'ൽ അറബ് പ്രമുഖരടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കും