ദുബൈ:കേരളത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടു പോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയർ ഇന്ത്യയുടെ നടപടി പ്രവാസികളുടെ നേരെയുള്ള ഇരുട്ടടിയാണെന്ന് ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അൻവർ നഹ ആരോപിച്ചു.

യു.എ.ഇ. മലയാളികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി. പ്രസിഡന്റ് അൻവർ നഹ, ജനറൽസെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ എന്നിവർ എയർ ഇന്ത്യ റീജ്യണൽ മാനേജർ മോഹിത് സെൻ, കൺട്രി മാനേജർ സാകേത് സരൺ എന്നിവരെ കണ്ടു. പ്രവാസികളെ ഇപ്രകാരം ചൂഷണം ചെയ്യുന്ന നിലപാടിന് കൂട്ടു നിൽക്കില്ലെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ ഉറപ്പു നൽകി. ഇതിനോടകം തന്നെ ഡൽഹിയിലേക്ക് ഇത് സംബന്ധമായ നിർദ്ദേശം നൽകിയതായും അവർ പറഞ്ഞു.

മൃതദേഹം കൊണ്ടു പോകുന്നത് സൗജന്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പരസ്യ പ്രഖ്യാപനം നടത്താതെ ഈമാസം 20 മുതൽ സർക്കുലർ അയച്ച് നിരക്ക് കൂട്ടിയത്. കേരളത്തിലേക്കുള്ള ചാർജ് ആണ് ക്രമാതീതമായി വർദ്ധിപ്പിച്ചത്.ഉത്തരേന്ത്യയിലേക്കുള്ള നിരക്കും (17 ദിർഹം/സഴ) ദക്ഷിണേന്ത്യയിലേക്കുള്ള നിരക്കും (30ദിർഹം/സഴ) തമ്മിൽ വലിയ അന്തരമുണ്ട് ഇന്ത്യൻ പ്രവാസികളിൽ കൂടുതലും ദക്ഷിണേന്ത്യക്കാരായതിനാൽ വലിയ കൊള്ളയാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് യു.എ.ഇ.യിലെ മലയാളികളോടുള്ള ക്രൂരമായ സമീപനത്തിന് തെളിവാണ്.വിമാന കമ്പനി അധികവരുമാനത്തിനായി മൃതദേഹത്തെപ്പോലും ഉപയോഗിക്കുന്നു.കിലോഗ്രാം കണക്കാക്കി ചാർജ് നിർണയിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്. പെട്ടിയുടെ തൂക്കത്തിനും പണം കൊടുക്കണം.ഒരു മൃതദേഹം എത്തിക്കണമെങ്കിൽ ഇപ്പോഴത്തെ വർദ്ധന അനുസരിച്ച് 80000 രൂപയോളം ചെലവ് വരും കേരളത്തിലേക്ക്. എംബാമിങ് കൂടി ആയാൽ 150000രൂപ വരും. ഈ തുക സമാഹരിക്കേണ്ടത് പലപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും.29 ന് യു.എ.ഇ.സന്ദർശിക്കുന്ന കേന്ദ്ര മന്ത്രി വി.കെ. സിംഗിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തുമെന്ന് ദുബൈ കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.