കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തെ മറയാക്കി എയർപോർട്ടിന്നെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവർത്തനങ്ങൾ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു എസ് എ ആൻഡ് കാനഡാ കമ്മിറ്റികൾ വിലയിരുത്തി. ആ ലോബിയാണ് കരിപ്പൂർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും ഇവർക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയിൽ കരിപ്പൂർ അടച്ചുപൂട്ടാൻ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നൽകിയതെന്നും കെ എം സി സി സംശയിക്കുന്നു. ഈ നീക്കത്തിന് പിന്നിൽ എയർപോർട്ട് അഥോറിറ്റി യിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തരത്തിലാണ് പരാതിയിൽ കാണുന്ന സാങ്കേതികവശങ്ങളും വിവരവുമെന്നും പരാതി വായിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. അതിനാൽ തന്നെ ദാരുണമായ അപകടത്തെ ഉയർത്തി കാട്ടി വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമം മലബാർ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കെ .എം . സി. സി യു.എസ്.എ കമ്മിറ്റി നിയമപരമായി അതിനെ പിന്തുണക്കുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

കരിപ്പൂർ എയർപോർട്ടിലെ റൺവേയും, റിസയും എല്ലാം വൈഡ് ബോഡി വിമാനങ്ങൾ ഇറങ്ങാൻ അനുയോജ്യമായ ശേഷം മാത്രമാണ് കരിപ്പൂരിൽ വിദേശ വിമാനങ്ങൾക്ക് ഇറങ്ങാൻ കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്ര മന്ത്രി സഭയും അന്താരാഷ്ട്ര തലത്തിലുള്ള വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകിയത്. യാത്രക്കാരുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വിദേശ വിമാനങ്ങൾ ഒന്നും തന്നെ ഇന്ത്യൻ എയർപോർട്ടുകളിൽ ഇത്തരം അപകടത്തിൽ നാളിതുവരെ പെട്ടിട്ടുമില്ല. തന്നെയുമല്ല, മലബാറിലെ സാധാരണക്കാരായ പ്രവാസികളുടെ യാത്രക്കും ,കയറ്റുമതിക്കും, ടൂറിസം വ്യവസായത്തിനും ഏറെ ഗുണപ്രദമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന കരിപ്പൂർ നല്ല ലാഭത്തിൽ ഓടുന്ന പൊതുമേഖലയിലെ കേരളത്തിലെ ഏക എയർപോർട്ട് കൂടിയാണ്. വസ്തുതകൾ ഇങ്ങിനെയെല്ലാമാണെങ്കിലും ചില കുബുദ്ധികൾ കരിപ്പൂരിനെതിരെ നിരന്തരം പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നതിനി ടയിലാണ് എയർപോർട്ട് തന്നെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹരജി. ഈ അവസരത്തിൽ അമേരിക്കയിലെ അംഗീകൃത സംഘടനയായ കെ.എം.സി.സി ഹൈക്കോടതിയിൽ ഈ കേസിൽ കക്ഷി ചേർന്ന് നിയമപരമായി പോരാടാൻ തീരുമാനിച്ചതായി കാനഡ കെഎംസിസി നേതാവ് വി.അബ്ദുൽ വാഹിദ് അറിയിച്ചു. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എം. മുഹമ്മദ് ഷാഫിയാണ് കരിപ്പൂരിനെ ആശ്രയിക്കുന്ന മുഴുവൻ പ്രവാസി മലയാളികൾക്കും വേണ്ടി ന്യൂയോർക്കിൽ താമസിക്കുന്ന പൊതുപ്രവർത്തകനായ യു.എ. നസീർ (കോട്ടക്കൽ) നൽകുന്ന കേസിൽ ഹൈക്കോടതിയിൽ ഹാജരാകുക.