- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.പി മഹമൂദ് ഹാജിക്ക് ബഹ്റൈൻ കെ.എം.സി.സി യാത്രയയപ്പ് നൽകി
മനാമ: മൂന്നരപതിറ്റാണ്ട് കാലത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ലാ ജന. സെക്രട്ടറിയും മത-സാമൂഹിക-സാസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇ.പി മഹമൂദ് ഹാജിക്ക് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇ.പി മഹമൂദ് ഹാജിക്കുള്ള ഉപഹാരം സമർപ്പിച്ചു. ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ, ജോ. സെക്രട്ടറി എ.പി ഫൈസൽ, മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി ബഹ്‌റൈനിന്റെ സജീവ സാന്നിധ്യമായ ഇ.പി മഹമൂദ് ഹാജി 1985 ലാണ് പ്രവാസജീവിതത്തിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെത്തുന്നത്. തുടർന്ന് തന്റെ വ്യക്തി ജീവിതത്തോടൊപ്പം സാമൂഹ്യ ഇടപെടലുകൾ നടത്തി കെ.എം.സി.സി ബഹ്‌റൈനിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നു. ബഹ്‌റൈനിന്റെ വളർച്ച കണ്ട് പ്രവാസ ജീവിതം നയിച്ച ഇ.പി മഹമൂദ് ഹാജി തന്റെ ഇടപെടലിലൂടെ സഹായഹ്‌സതമേകിയത് നിരവധി പേർക്കാണ്. അതിനാൽ തന്നെ നിരവധി സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. തന്റെ പ്രവാസത്തിന്റെ തുടക്കത്തിൽ തന്നെ കെ.എം.സി.സി പ്രവർത്തനത്തിൽ മുൻനിരയിലുണ്ടായ അദ്ദേഹം നിരവധി നേതാക്കന്മാരുമായി സേവനരംഗത്ത് കർമനിരതനായി നിലകൊണ്ടു. പഴയകാല നേതാക്കളായ മർഹൂം കൊളേരി മൊയ്തു ഹാജി, മർഹും പി.സി അബൂട്ടി സാഹിബ്, നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന കല്ലേരി മൂസ്സ ഹാജി, എം.കെ.കെ മൗലവി, കെ.പി അബ്ദുല്ല പേരാമ്പ്ര, സി.കെ അബ്ദുറഹിമാൻ, കോട്ടക്കൽ അബ്ദുറഹിമാൻ, കെ.കെ മമ്മി മൗലവി, യൂസുഫ് കൊയിലാണ്ടി, ടി. അന്തുമാൻ, അലി കൊയിലാണ്ടി തുടങ്ങിയവരോടൊപ്പം സജീവമായി പ്രവർത്തിച്ച മഹമൂദ് ഹാജി നിലവിൽ എസ്.വി ജലീലിന്റെയും കുട്ടൂസ മുണ്ടേരിയുടെയും ഹബീബ് റഹ്മാന്റെയും അസൈനാർ കളത്തിങ്ങലിന്റെയും പ്രവർത്തനകാലയളവിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കെ.എം.സി.സി നീണ്ട കാലപ്രവർത്തനങ്ങൾക്കിടയിൽ ആവിഷ്‌കരിച്ച അനുകരണനീയമായ പല പദ്ധതികളുടെയും വിജയത്തിനായി അദ്ദേഹം പ്രയത്‌നിച്ചു.
മണ്ഡലത്തിൽ ഒരു ഭവനം, തണൽ ഭവന പദ്ധതി, ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി, ജീവസ്പർശം രക്തദാന പദ്ധതി, പ്രവാസി പെൻഷൻ പദ്ധതി, പ്രവാസി ബൈത്തുറഹ്മ തുടങ്ങിയവ കെ.എം.സി.സി നടപ്പാക്കിയപ്പോൾ തന്റെ പങ്കാളിത്തവും സഹകരണവും ഉറപ്പ് വരുത്തിയ നിസ്വാർത്ഥനായ മഹമൂദ് ഹാജി ഇക്കാലമത്രയും നടത്തിയ സേവന പ്രവർത്തനങ്ങളിൽ അതിയായ സംതൃപ്തിയോടെയാണ് ബഹ്‌റൈനിയിൽനിന്നും വിട ചോദിക്കുന്നത്.