മനാമ: കെ.എം.സി.സി ബഹ്റൈൻ മുൻ സംസ്ഥാന പ്രസിഡന്റ് തലകാപ്പ് അഹമ്മദ്കുട്ടി സാഹിബ് സ്വദേശത്തും പ്രവാസലോകത്തും കർമനിരതനായി പ്രവർത്തിച്ച നേതാവായിരുന്നുവെന്ന് ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തലകാപ്പ് അഹമ്മദ്കുട്ടി സാഹിബ് അനുസമരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ ആയാലും തന്റെ പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനകുടുംബത്തിന്റെയും മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ആദ്യകാലത്തു തന്നെ പ്രവാസിയായ അഹമ്മദ്കുട്ടി സാഹിബ് ആ മേഖലയിലും താൻ ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തെ വളർത്തിയെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. വ്യത്യസ്തമായ സ്ഥാനമാനങ്ങൾ വഹിച്ച് കെ.എം.സി.സിക്ക് അടിത്തറപാകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളോട് ഇഴകിച്ചേർന്ന് നിർണായക ഘട്ടങ്ങളിൽ അവരെ ഒന്നിച്ചുകൂട്ടാൻ കഴിവുള്ള അഹമ്മദ്കുട്ടി സാഹിബിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിൽ പ്രാദേശികമായി വീടുകൾ കയറി എല്ലാപ്രവർത്തകരെയും ഒത്തൊരുമയോടെ കൂടെചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലി ശ്രദ്ധേയമാണെന്നും എംഎ‍ൽഎ പറഞ്ഞു. സൈബർ വിങ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചടങ്ങിൽ ഗഫൂർ കയ്പമംഗലം അധ്യക്ഷനായി. ഹബീബ് റഹ്മാൻ, അസൈനാർ കളത്തിങ്ങൽ, കുട്ടൂസ മുണ്ടേരി, എസ്.വി ജലീൽ, ഷാഫി പാറക്കട്ട, അലി കൊയ്ലാണ്ടി, വി.എച്ച് അബ്ദുള്ള, മമ്മി മൗലവി, അലി അക്‌ബർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ ഖാസിം സ്വാഗതവും എ.പി ഫൈസൽ നന്ദിയും പറഞ്ഞു. കെ.പി മുസ്തഫ പരിപാടി കോ-ഓർഡിനേറ്റ് ചെയ്തു.