ഷാർജ: 'സലാം ഫുട്‌ബോൾ' യു.എ.ഇ പ്രകാശനം ഇന്നലെ (ശനി) ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. കെഎംസിസി യുഎഇ ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ധീനാണ് പ്രകാശന കർമം നിർവഹിച്ചത്. ശരീഫ് ചിറക്കൽ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഇന്ത്യൻ അസോസിയേഷൻ ബൂത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി യുഎഇ പ്രസിഡണ്ട് ഡോ: പുത്തൂർ റഹ്മാൻ , ജനറൽ സെക്രട്ടറി അൻവർ നഹ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, വൈസ് പ്രസിഡന്റ് വൈ.എ റഹിം, അജ്മൽ ഹാദി, മുഷ്താഖ്, കബീർ പാലിയിൽ എന്നിവർ പങ്കെടുത്തു. ബഷീർ തിക്കോടി പുസ്തകം പരിചയപ്പെടുത്തി.

കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രശസ്ത ഫുട്‌ബോൾ താരം ഐ.എം വിജയനു എത്താൻ കഴിയാത്തതിനെ തുടർന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ മേളകളിൽ സജീവമായ ശരീഫ് ചിറക്കൽ വിജയനു വേണ്ടി പുസ്തകം ഏറ്റുവാങ്ങി. പുസ്തകത്തിന് എല്ലാവിധ ആശംസകളും നേർന്ന വിജയൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അനുമോദിച്ചു.

ദേശീയ തലത്തിൽ ശ്രദ്ധേയരായ ഐ എം വിജയൻ, ഷറഫലി, പ്രേംനാഥ് ഫിലിപ്, റിക്കി ബ്രൗൺ, സക്കീർ, അഷ്റഫ്, സെൻഗുപ്ത, സയ്ദ് ഫസൽ, രാഘവൻ ഹബീബ് റഹ്മാൻ, ബഷീർ, രാജമാണിക്യം, സൂപ്പർ അഷ്റഫ്, തുടങ്ങി ഒട്ടേറെ കാൽപന്തുകളിക്കാരും പ്രമുഖ കളി എഴുത്തുകാരായ അബു, കമൽ വരദൂർ, ഇ.കെ അബ്ദുൽ സലിം, എം എം ജാഫർഖാൻ എന്നിവരും പുസ്തകത്തിൽ എഴുതുന്നുണ്ട്. ഒ. അബ്ദുറഹ്മാൻ, സി ടി അബ്ദുറഹീം, ഹമീദ് ചേന്നമംഗലൂർ, ഒ അബ്ദുല്ല, മാലിക് നാലകത്ത്, പി.ടി. കുഞ്ഞാലി തുടങ്ങി സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരും ഫുട്‌ബോളിനെക്കുറിച്ചും സലാമിനെക്കുറിച്ചും പറയുന്നുണ്ട്. പെൻഡുലം ബുക്ക്‌സ് ആണ് 196 പേജുകൾ ഉള്ള പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.